ഖത്തർ പരിസ്ഥിതി ദിനാചരണം ഇന്ന്
text_fieldsദോഹ: ‘നമ്മുടെ പെരുമാറ്റം... നമ്മുടെ പരിസ്ഥിതിയിൽ പ്രതിഫലിക്കുന്നു’ എന്ന പ്രമേയത്തിൽ 2026ലെ ഖത്തർ പരിസ്ഥിതി ദിനാചരണം ഇന്ന്. ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ രാജ്യത്തുടനീളം നടക്കും.
എല്ലാ വർഷവും ഫെബ്രുവരി 26നാണ് ഖത്തർ പരിസ്ഥിതി ദിനം ആചരിക്കുന്നത്. പരിസ്ഥിതിയെ വെറുമൊരു ഉപഭോഗവസ്തുവായി കാണുന്നതിന് പകരം ഭാവി തലമുറക്കുവേണ്ടിയും സംരക്ഷിക്കണമെന്ന ബോധം വളർത്താൻ ലക്ഷ്യമിട്ടാണ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നത്. മനുഷ്യരും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെ ഉയർത്തിക്കാട്ടുന്ന ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ പ്രമേയം, ഉത്തരവാദിത്തമുള്ള പെരുമാറ്റത്തിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ നിലനിർത്തുന്നതിനും സഹായിക്കുമെന്നും അടിവരയിടുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മനസ്സിലാകുന്ന തരത്തിൽ, ലളിതമായ ഭാഷയാണ് പരിസ്ഥിതിദിനാചരണത്തിന്റെ മുദ്രാവാക്യമായി തെരഞ്ഞെടുത്തത്.
സസ്യജാലങ്ങളുടെ പരിപാലനം, പാർക്കുകളുടെ ശുചിത്വം പാലിക്കുക, സമുദ്രജീവികളെ സംരക്ഷിക്കുക, പരിസ്ഥിതി നിയമങ്ങൾ അനുസരിക്കുക തുടങ്ങിയ ദൈനംദിന ശീലങ്ങൾ പാലിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. ഖത്തർ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി ഹുബാറ പക്ഷികളെ തുറന്നുവിട്ടു. പരിസ്ഥിതി -കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലാണ് ഹുബാറ പക്ഷികളെ തുറന്നുവിട്ടത്.
ബോധവത്കരണം അടക്കം നിരവധി പരിപാടികൾ ഇന്ന് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

