ദുഖാൻ സോളാർ പവർ പ്ലാന്റ് നിർമാണം; സാംസങ്ങുമായി കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി
text_fieldsദുഖാൻ സോളാർ പവർ പ്ലാന്റ് നിർമിക്കുന്നതിനായി കരാറിൽ ഒപ്പുവെക്കുന്നു
ദോഹ: ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റുകളിലൊന്നായ ദുഖാൻ സോളാർ പവർ പ്ലാന്റ് നിർമിക്കുന്നതിനായി സാംസങ്ങുമായി കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി. ദോഹയിലെ ഖത്തർ എനർജി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ശരീദ അൽകഅ്ബിയും സാംസങ് സി ആൻഡ് ടി പ്രസിഡന്റും സി.ഇ.ഒയുമായ സെച്ചുൽ ഓയും കരാറിൽ ഒപ്പുവെച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് ദുഖാൻ സോളാർ പവർ പ്ലാന്റ് വികസിപ്പിക്കുക. 2028 അവസാനത്തോടെ കഹ്റാമ ഗ്രിഡിലേക്ക് 1,000 മെഗാവാട്ട് വൈദ്യുതി അയച്ചുകൊണ്ട് ദുഖാൻ സോളാർ പ്ലാന്റ് ഉൽപാദനത്തിന്റെ ആദ്യഘട്ടം ആരംഭിക്കും. 2029 മധ്യത്തോടെ മൊത്തം വൈദ്യുതി ഉൽപാദന ശേഷി 2,000 മെഗാവാട്ട് ആയി ഉയരും.
ദുഖാൻ പ്ലാന്റ് പൂർത്തിയാകുന്നതോടെ ഖത്തറിന്റെ സൗരോർജ ഉൽപാദന ശേഷി ഇരട്ടിയായി വർധിക്കും, 2030 ഓടെ 4,000 മെഗാവാട്ടിൽ കൂടുതൽ സൗരോർജ ഉൽപാദനം എന്ന ഖത്തർ എനർജിയുടെ ലക്ഷ്യത്തിലേക്കെത്താൻ ദുഖാൻ പ്ലാന്റിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. ദുഖാൻ പ്ലാന്റുകൂടി പൂർത്തിയാകുന്നതോടെ അൽ ഖർസ, മിസൈദ്, റാസ് ലഫാൻ സോളാർ പവർ പ്ലാന്റുകളും ചേർന്ന് പ്രതിവർഷം 4.7 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറക്കാൻ സഹായിക്കുകയും ഖത്തറിന്റെ മൊത്തം വൈദ്യുതി ആവശ്യകതയുടെ 30 ശതമാനം വരെ നിറവേറ്റാനും സാധിക്കും.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഖത്തർ എനർജി സി.ഇ.ഒയും പ്രസിഡന്റുമായ സഅദ് ശരീദ അൽകഅ്ബിയാണ് ദുഖാനിലെ സൗരോർജ നിലയം നിർമാണം പ്രഖ്യാപിച്ചത്. ഖത്തറിന്റെ ഊർജ പരിവർത്തനത്തിലും വൈദ്യുതി ഉൽപാദനം വൈവിധ്യവത്കരിക്കാനുള്ള നീക്കങ്ങളിലും പുതിയ ദുഖാൻ നിലയം വലിയ പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

