അമേരിക്കയിൽ ഖത്തർ എനർജി എൽ.എൻ.ജി ഉൽപാദനം ആരംഭിച്ചു
text_fieldsദോഹ: യു.എസിൽ ഖത്തർ എനർജിയുടെ ആദ്യ എൽ.എൻ.ജി ഉൽപാദനം ആരംഭിച്ചു. അമേരിക്കയിലെ ടെക്സാസിലുള്ള സബൈൻ പാസിൽ സ്ഥിതി ചെയ്യുന്ന ഗോൾഡൻ പാസ് എൽ.എൻ.ജി കയറ്റുമതി പ്ലാന്റിൽ നിന്നാണ് ആദ്യമായി പ്രകൃതിവാതകം (എൽ.എൻ.ജി) ഉൽപാദിപ്പിച്ചത്. അമേരിക്കയിലെ ഖത്തർ എനർജിയുടെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണ് ഗോൾഡൻ പാസ് എൽ.എൻ.ജി പ്രോജക്റ്റ്.
ഖത്തർ എനർജിയും അമേരിക്കൻ കമ്പനിയായ എക്സോൺ മൊബീലും ചേർന്നുള്ള സംയുക്ത പദ്ധതി 2018ൽ ആയിരുന്നു നിർമാണം ആരംഭിച്ചത്. അമേരിക്കൻ മണ്ണിൽ നിന്നുള്ള ആദ്യ ഉൽപാദനത്തിലൂടെ നിർണായക ചുവടുവെപ്പാണ് ഖത്തർ എനർജി സ്വന്തമാക്കിയിരിക്കുന്നത്. ഗോൾഡൻ പാസ് എൽ.എൻ.ജി പ്ലാന്റിലെ മൂന്ന് ഉൽപാദന യൂണിറ്റുകളിൽ ആദ്യത്തേതിൽ നിന്നുള്ള എൽ.എൻ.ജി ഉൽപാദനമാണ് നിലവിൽ ആരംഭിച്ചത്.
പ്ലാന്റിൽ നിന്നുള്ള ആദ്യത്തെ എൽ.എൻ.ജി കയറ്റുമതി 2026ന്റെ രണ്ടാം പാദത്തിൽ ഏപ്രിൽ -ജൂൺ മാസങ്ങളിലായി നടക്കും. പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റ് 2026 സെപ്റ്റംബറിലും, മൂന്നാമത്തെ യൂണിറ്റ് 2026 അവസാനത്തിലോ 2027 ആദ്യമോ പ്രവർത്തന സജ്ജമാകുമെന്നാണ് കരുതുന്നത്. മൂന്ന് യൂണിറ്റുകളും ചേർന്ന് പ്ലാന്റ് പൂർണമായി സജ്ജമാകുന്നതോടെ പ്രതിവർഷം 18 ദശലക്ഷം ടൺ എൽ.എൻ.ജി ഉൽപാദനമാണ് ഗോൾഡൻ പാസ് പ്ലാന്റിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
വലിയ നേട്ടം കൈവരിക്കാൻ സഹായിച്ച അമേരിക്കൻ റെഗുലേറ്ററി ബോഡികൾക്കും അവരുടെ സഹകരണത്തിനും നന്ദി രേഖപ്പെടുത്തുന്നതായി ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ബിൻ ഷെരീദ അൽ കഅബി പറഞ്ഞു. പദ്ധതിയിലെ തന്ത്രപരമായ പങ്കാളിയായ എക്സോൺ മൊബീലിനും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
ലോകമെമ്പാടുമുള്ള ഇത്തരം പ്രോജക്റ്റുകളിൽ അവരുമായുള്ള സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ എനർജിയുടെയും എക്സോൺ മൊബീലിന്റെയും സംയുക്തമായ 20 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയുടെ ഭാഗമാണിത്. അമേരിക്കൻ എൽ.എൻ.ജി വ്യവസായ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് സബൈൻ പാസിൽ സ്ഥിതി ചെയ്യുന്ന ഗോൾഡൻ പാസ് എൽ.എൻ.ജി പ്ലാന്റ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

