‘മാൻ ഓഫ് പീസ്’; ട്രംപിനെ പ്രശംസിച്ച് അമീർ
text_fieldsഅമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി അമീരി ദിവാനിൽ സ്വീകരിക്കുന്നു
ദോഹ:അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വഹിച്ച് സൗദിയിൽനിന്ന് എയർഫോഴ്സ് എ വൺ ഖത്തറിന്റെ ആകാശത്തേക്ക് കടന്നതോടെ അകമ്പടിയായി അമീരി വ്യോമസേനയുടെ എഫ്. 15 ഫൈറ്റർ ജെറ്റുകളാണ് ആദ്യം സ്വീകരിച്ചത്. ഹമദ് വിമാനത്താവളത്തിൽ ഇരമ്പിനിന്ന കൂറ്റൻ വിമാനത്തിന്റെ ഗോവണികളിലേക്ക് ചുവപ്പുപരവതാനി വിരിച്ച് ഖത്തർ വിശിഷ്ടാതിഥിയെ സ്വന്തം മണ്ണിലേക്ക് സ്വീകരിച്ചു.
അമേരിക്കൻ പ്രസിഡന്റിന്റെ വിമാനത്തെ ഖത്തറിന്റെ എഫ്.15 ഫൈറ്റർ ജെറ്റുകൾ അകമ്പടി നൽകി സ്വീകരിക്കുന്നു
കാത്തിരിപ്പുകൾക്കൊടുവിൽ വിമാന വാതിൽക്കലേക്ക് എത്തിയ പ്രസിഡന്റ് പതിവുപോലെ കൈകൾ കൊട്ടി, മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്ത് പതിയെ പടികൾ ഇറങ്ങിയെത്തി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി നേരിട്ടെത്തി ഡോണൾഡ് ട്രംപിനെ ഖത്തറിലേക്ക് വരവേറ്റു. വിമാനത്താവളത്തിൽനിന്നുതന്നെ കൂടിക്കാഴ്ച വേദിയായ അമീരി ദിവാനിലേക്കുള്ള യാത്ര തുടക്കം കുറിച്ചു. ഖത്തർ ആഭ്യന്തര സുക്ഷ വിഭാഗമായ ലഖ്വിയയുടെ സൈബർ ട്രക്കുകളുടെയും, മറ്റു സുരക്ഷ വാഹനങ്ങളുടെയും അകമ്പടിയോടെയായിരുന്നു ദോഹ കോർണിഷിലൂടെ അമീരി ദിവാനിലേക്കുള്ള മനോഹര യാത്ര.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സ്വാഗതം ചെയ്യുന്ന ദോഹ തെരുവിലെ സ്ക്രീൻ
ഊഷ്മളമായാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി യു.എസ് പ്രസിഡന്റിനെ രാഷ്ട്ര ഭരണസിരാകേന്ദ്രത്തിലേക്ക് സ്വീകരിച്ചത്.ഗൺ സല്യൂട്ടും അർദ നൃത്തവും അറേബ്യൻ കുതിരകളും ഒട്ടകങ്ങളും നയിച്ച പരേഡുകളുമായി ഖത്തരി പൈതൃകം പ്രതിഫലിപ്പിക്കുന്നതായിരുന്നു അമീരി ദിവാനിലെ സ്വീകരണം.
സൗഹൃദത്തിന് നന്ദി പറഞ്ഞ് അമീറും ട്രംപും
ഖത്തറിലേക്കുള്ള അമേരിക്കൻ പ്രസിഡന്റിന്റെ ആദ്യ സ്റ്റേറ്റ് വിസിറ്റിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു അമീർ സ്വാഗതം ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലെ നിക്ഷേപ, ഊർജ, സൈനിക, സുരക്ഷ മേഖലകളിലെ വിവിധ സഹകരണങ്ങൾ ചർച്ച നടക്കുന്നതായും അമീർ പറഞ്ഞു. മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിലെ അമേരിക്കൻ പ്രസിഡന്റിന്റെ താൽപര്യങ്ങളെ പ്രശംസിച്ച അമീർ ‘മാൻ ഓഫ് പീസ്’ എന്ന വിശേഷണവും നൽകി. 2026 ലോകകപ്പിനും ഒളിമ്പിക്സിനും അമേരിക്ക വേദിയൊരുക്കാൻ ഒരുങ്ങുന്നതിലെ സന്തോഷവും കൂടിക്കാഴ്ചയിൽ പങ്കുവെച്ചു.
സ്വീകരണത്തിനും ഹൃദ്യമായ വരവേൽപിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് സംസാരിച്ചത്. ഇരു രാഷ്ട്രങ്ങൾ തമ്മിലും വ്യക്തിപരമായും ദീർഘകാലത്തെ ബന്ധമാണുള്ളത്. അമീറുമായുള്ള ആദ്യ കൂടിക്കാഴ്ച മുതൽ സൗഹൃദം ശക്തമായിരുന്നു. മേഖലയിൽ സമാധാനം സ്ഥാപിക്കാൻ ഖത്തർ അമീറുമായി ചേർന്ന് മുന്നോട്ടുപോകുമെന്നും ട്രംപ് വ്യക്തമാക്കി.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി, ഉപപ്രധാനമന്ത്രിയും പ്രതിരോധസഹമന്ത്രിയുമായ ശൈഖ് സുഊദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി, അമീരി ദിവാൻ ചീഫ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, ധനകാര്യമന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി, ഊർജ സഹമന്ത്രി സഅ്ദ് ശരിദ അൽ കഅ്ബി, വാണിജ്യമന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ആൽ ഥാനി ഉൾപ്പെടെ ഉന്നതർ ഖത്തറിന്റെ ഭാഗത്തുനിന്നും പങ്കെടുത്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും അമീരി ദിവാനിൽ കൂടിക്കാഴ്ച നടത്തുന്നു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി സമീപം
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, ധനകാര്യ സെക്രട്ടറി സ്കോട്ട് ബിസന്റ്, വാണിജ്യ സെക്രട്ടറി ഹവാർഡ് ലുറ്റ്നിക്, ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് ഉൾപ്പെടെ മുതിർന്ന സംഘം അമേരിക്കൻ പ്രസിഡന്റിനെ അനുഗമിച്ചു.
കൂടിക്കാഴ്ചകൾക്കു ശേഷമായിരുന്നു വിവിധ കരാറുകളിൽ ഒപ്പുവെച്ചത്. രാത്രി ലുസൈൽ പാലസിലെ അത്താഴവിരുന്നിലും ട്രംപ് പങ്കെടുക്കുന്നുണ്ട്. തുടർന്ന് വ്യാഴാഴ്ച രാവിലെയോടെ പശ്ചിമേഷ്യൻ പര്യടനത്തിലെ അടുത്ത കേന്ദ്രമായ യു.എ.ഇയിലേക്ക് പറക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.