അന്താരാഷ്ട്ര ഫോറത്തിൽ പങ്കെടുത്ത് ഖത്തർ വിദ്യാഭ്യാസ മന്ത്രി
text_fieldsകാസാനിൽ നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിമാരുടെ ഫോറത്തിൽ ബുഥൈന അൽ നുഐമി സംസാരിക്കുന്നു
ദോഹ: ഖത്തർ ദേശീയ വിഷൻ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് വിദ്യാഭ്യാസമെന്ന് ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജബർ അൽ നുഐമി. മികച്ച അവസരങ്ങളും ഉയർന്ന നിലവാരമുള്ള പരിശീലനവും വാഗ്ദാനം ചെയ്യുന്ന ആഗോള സംവിധാനത്തിലൂടെയുള്ള വിദ്യാഭ്യാസമാണ് നേടേണ്ടതെന്നും ബുഥൈന അൽ നുഐമി പറഞ്ഞു.
ഭാവി രൂപപ്പെടുത്തുകയെന്ന പ്രമേയത്തിൽ കാസാനിൽ നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിമാരുടെ ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടിയ അവർ, വിദ്യാഭ്യാസ പ്രക്രിയയുടെ വളർച്ചയിലും വികസനത്തിലും അധ്യാപകർ അവിഭാജ്യ ഘടകമാണെന്നും പറഞ്ഞു.
ഖത്തറിൽ, വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരമുയർത്തുന്നതിന് ഡിജിറ്റൽവത്കരണത്തെ പിന്തുണക്കുന്നതിനും വിദ്യാഭ്യാസ പ്രക്രിയയിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനും അധ്യാപകരെ പരിശീലിപ്പിക്കുകയും യോഗ്യരാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിശീലന പരിപാടിയെക്കുറിച്ചും മന്ത്രി ചൂണ്ടിക്കാട്ടി. ഇ-വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നീ മേഖലകളിലെ കഠിന പരിശ്രമങ്ങളും നേട്ടങ്ങളും ഭാവി പരിപാടികളും അവർ വിശദീകരിച്ചു.
ഫോറത്തോടനുബന്ധിച്ച് ടട്ടാർസ്താൻ പ്രസിഡന്റ് റുസ്തം മിനിഖാനോവുമായി മന്ത്രി ബുഥൈന ബിൻത് അലി അൽ നുഐമി കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും ചർച്ച ചെയ്യുകയും ചെയ്തു.
ടട്ടാർസ്ഥാൻ വിദ്യാഭ്യാസ മന്ത്രി സെർജദി ക്രാവ്സോവ്, റഷ്യൻ ഫെഡറേഷനിലെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസമന്ത്രി വലേരി ഫാൽക്കോവ് എന്നിവരുമായും അവർ കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

