കരുത്തോടെ ഖത്തർ സമ്പദ് വ്യവസ്ഥ
text_fieldsദോഹ: 2023ലെ നാലാം പാദ സാമ്പത്തിക വർഷത്തിൽ രാജ്യത്തിന് 140 കോടി റിയാൽ മിച്ചം രേഖപ്പെടുത്തിയതായി ഖത്തർ ധനകാര്യ മന്ത്രാലയം. ഈ തുക പൊതുകടം കുറക്കുന്നതിനായി ഉപയോഗപ്പെടുത്തിയെന്നും മന്ത്രാലയം വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി. 2023 സാമ്പത്തിക വർഷത്തിൽ ആകെ ബജറ്റ് മിച്ചം 4310 കോടി റിയാലായിരുന്നു. നാലാം പാദത്തിലെ ആകെ ബജറ്റ് വരുമാനം 5560 കോടി റിയാലായിരുന്നു. മുൻപാദത്തെ അപേക്ഷിച്ച് 10 ശതമാനം കുറവ് രേഖപ്പെടുത്തി. 5100 കോടി റിയാൽ എണ്ണ വരുമാനവും 460 കോടി റിയാൽ എണ്ണ ഇതര വരുമാനവുമാണ്. നാലാം പാദത്തിലെ ആകെ പൊതു ചെലവ് 5420 കോടി റിയാൽ വരും. മുൻ പാദത്തെ അപേക്ഷിച്ച് പൊതു ചെലവിൽ 8.9 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ശമ്പളം, കൂലി ഇനത്തിൽ 1690 കോടി റിയാലും മൂലധന ചെലവ് വിഭാഗത്തിൽ 1690 കോടി റിയാലും വരുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
മൂന്നാം പാദ റിപ്പോർട്ടിൽ സർക്കാർ കടം തിരിച്ചടക്കാനും കരുതൽ ധനം വർധിപ്പിക്കാനും നിർദേശിക്കുമെന്ന് ധനകാര്യ മന്ത്രാലയം നേരത്തെ സൂചിപ്പിച്ചിരുന്നു. രണ്ടാം പാദത്തിലെ ബജറ്റ് മിച്ചം രാജ്യം ലക്ഷ്യമിടുന്ന സാമ്പത്തിക നയങ്ങൾക്കനുസൃതമായി നീക്കിവെക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത് പൊതുകടം കുറക്കുന്നതിനും ഖത്തർ സെൻട്രൽ ബാങ്കിന്റെ കരുതൽ ശേഖരം ഉയർത്തുകയും ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി വഴി ഭാവിതലമുറയുടെ സമ്പാദ്യം വർധിപ്പിക്കുകയും ചെയ്യുന്നു.കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രകടനമാണ് ഖത്തറിന്റെ സമ്പദ് വ്യവസ്ഥ രേഖപ്പെടുത്തുന്നത്. ലോകകപ്പ് ഫുട്ബാളിന് വേദിയായ 2022ലെ സാമ്പത്തിക വർഷം 8900 കോടി റിയാലായിരുന്നു മിച്ചം. മുൻവർഷത്തേക്കാൾ പതിന്മടങ്ങായിരുന്നു അന്ന് വർധന രേഖപ്പെടുത്തിയത്. ലോകകപ്പിന്റെ ആതിഥേയത്വത്തിനൊപ്പം, അന്താരാഷ്ട്ര വിപണിയിൽ ഖത്തറിന്റെ പ്രകൃതി വാതകത്തിന് വലിയ ആവശ്യവുമുയർന്നത് സമ്പദ് രംഗത്ത് കരുത്തായി മാറി. പുതിയ സാമ്പത്തിക വർഷത്തിൽ ഖത്തർ എനർജിയുടെ നോർത്ത് ഫീൽഡ് വെസ്റ്റ് വിപുലീകരണം, പ്രകൃതി വാതക ഉൽപാദന വർധന തുടങ്ങിയവരും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

