ഖത്തർ ഡ്യൂട്ടി ഫ്രീയും നേട്ടങ്ങൾ കൊയ്തു; 49 ശതമാനം വർധന
text_fieldsഹമദ് വിമാനത്താവളത്തിനുള്ളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രമായ ഖത്തർ ഡ്യൂട്ടി ഫ്രീ (ക്യു.ഡി.എഫ്)യുടെ വരുമാനത്തിൽ വർധനവ്.കോവിഡിന് മുമ്പുള്ള വർഷമായ 2019നെ അപേക്ഷിച്ച് 2022ൽ 49 ശതമാനം വരെയാണ് വർധനവ്. വിമാനത്താവളം വഴി കടന്നുപോകുന്ന ഓരോ യാത്രക്കാരന്റെയും തോത് അനുസരിച്ചും കാര്യമായ വർധനയുണ്ടായതായി ഖത്തർ എയർവേസ് ഗ്രൂപ്പിലെ വാർഷിക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന നിരവധി പേർക്ക് പ്രത്യേകിച്ചും ഫിഫ ലോകകപ്പ് വേളയിൽ ഖത്തർ ഡ്യൂട്ടി ഫ്രീയിൽ മികച്ച ഓഫറുകൾ നേടാനും ഷോപ്പിംഗ് നടത്താനും സാധിച്ചതായും, 2022 നവംബർ, ഡിസംബർ മാസങ്ങളിൽ ടൂർണമെന്റ് കാലയളവിൽ ഡ്യൂട്ടി ഫ്രീയിലെ വിറ്റുവരവ് മുൻ വർഷത്തെ അപേക്ഷിച്ച് 115 ശതമാനത്തിലധികം വർധിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കി.
നടപ്പ് സാമ്പത്തിക വർഷം ക്യു.ഡി.എഫിനെ സംബന്ധിച്ച് മാറ്റങ്ങളുടെ സമയമായിന്നു. വിമാനത്താവള വിപുലീകരണ പദ്ധതിയുടെ ഒന്നാം ഘട്ടം, ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന്റെ ബഹുമതി തുടങ്ങി സുപ്രധാന നാഴികക്കല്ലുകളാൽ ഇക്കാലയളവിൽ പിന്നിട്ടതെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു.
വിമാനത്താവള വിപുലീകരണത്തിന്റെ ഒരു ഘട്ടം പൂർത്തിയായതോടെ മൂന്ന് നിലകളിലായി 65ലധികം ഔട്ട്‌ലെറ്റുകളുള്ള റീട്ടെയിൽ, ഡൈനിംഗ് അനുഭവമാണ് ക്യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നത്. ഇതോടെ ഡ്യൂട്ടി ഫ്രീ, കൺസെൻഷൻ സ്ഥലം എന്നിവയുടെ വിസ്തീർണം 15,000 ചതുരശ്ര മീറ്ററായി വർധിച്ചു.
വിപുലമായ ഭക്ഷ്യ, പാനീയ വിഭാഗത്തിൽ 20ലധികം കഫേകളും പ്രാദേശികവും ആഗോളവുമായ വിഭവങ്ങൾ നൽകുന്ന റെസ്‌റ്റോറന്റുകളും ഉൾപ്പെടുന്നു. ആദ്യത്തെ ഡിയോർ ബോട്ടിക്, ലോകത്തിലെ ആദ്യത്തെ ഫിഫ ഷോപ്പ്, ഫെൻഡി കഫേയുടെ ടു ലെവൽ ഫെൻഡി ബോട്ടിക്, മിഡിലീസ്റ്റിലെ ആദ്യത്തെ ടൈംവാലി ബോട്ടിക്, റാൽഫിന്റെ കോഫി ഷോപ്പ് തുടങ്ങിയവ ഇതിലുൾപ്പെടും. എട്ട് സ്റ്റേഡിയങ്ങളിലായി 129 ഫിഫ സ്റ്റോറുകൾ കൈകാര്യം ചെയ്ത് ഖത്തർ ഡ്യൂട്ടി ഫ്രീ ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക റീട്ടെയിൽ പാർട്ട്ണർ പദവി വഹിച്ചു.
ഫാൻ സോണുകളിലും സ്‌റ്റേഡിയങ്ങളിലും ഫിഫ ലോകകപ്പ് ഉൽപന്നങ്ങൾ വിൽപന ചെയ്യാനുള്ള പ്രത്യേക അവകാശവും ഇതിലുൾപ്പെടും.പ്രധാന ആഗോള കായിക ഇവന്റുകൾ സ്‌പോൺസർ ചെയ്യുന്നതിന്റെ പാരമ്പര്യം തുടരുന്ന ഖത്തർ ഡ്യൂട്ടി ഫ്രീ, എക്‌സോൺ മൊബീൽസ് ഓപൺ, ഖത്തർ ടോട്ടൽ ഓപൺ ടെന്നീസ് ടൂർണമെന്റുകൾ, കൊമേഴ്‌സ്യൽ ബാങ്ക് ഖത്തർ മാസ്റ്റേഴ്‌സ് ഗോൾഫ് എന്നിവയുടെ പ്രധാന സ്‌പോൺസർമാരിലൊരാളായിരുന്നു. വേൾഡ് ട്രാവൽ അവാർഡിൽ ലോകത്തിലെ പ്രമുഖ എയർപോർട്ട് ഡ്യൂട്ടി ഫ്രീ ഓപറേറ്റർ 2022, മിഡിലീസ്റ്റിലെ പ്രമുഖ എയർപോർട്ട് ഡ്യൂട്ടി ഫ്രീ ഓപറേറ്റർ 2022 ബഹുമതികൾ ഖത്തർ ഡ്യൂട്ടി ഫ്രീക്ക് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

