ഗസ്സ ദുരിതാശ്വാസത്തിന് 10 ലക്ഷം ഡോളർ അനുവദിച്ച് ഖത്തർ
text_fieldsയുദ്ധമുഖത്ത് സേവനം ചെയ്യുന്ന ഖത്തർ റെഡ്ക്രസന്റ് ഉദ്യോഗസ്ഥർ
ദോഹ: ഇസ്രായേലിന്റെ ഇടതടവില്ലാത്ത ആക്രമണം ദുരന്ത ഭൂമിയാക്കിമാറ്റി ഗസ്സയിലെ അടിയന്തര മാനുഷിക സഹായമായി പത്തു ലക്ഷം ഡോളർ പ്രഖ്യാപിച്ച് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി. ഒരാഴ്ചയായി തുടരുന്ന ആക്രമണത്തിൽ ആശുപത്രി, ചികിത്സാ സംവിധാനങ്ങൾ പാടെ തകർന്ന സാഹചര്യത്തിലാണ് ഗസ്സയിലെ ആശുപത്രികൾക്കായി മരുന്ന്, ആംബുലൻസ്, ശസ്ത്രക്രിയ സജ്ജീകരണങ്ങൾ, ഐ.സി.യു വിഭാഗം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ദുരന്ത പ്രതികരണ ഫണ്ടിൽ നിന്നും പത്തു ലക്ഷം ഡോളർ (8.32 കോടി രൂപ) സഹായമായി പ്രഖ്യാപിച്ചത്.
ഖത്തർ റെഡ് ക്രസന്റിന്റെ ഗസ്സ, അൽ ഖുദ്സ്, വെസ്റ്റ്ബാങ്ക് എന്നിവടങ്ങളിലെ പ്രതിനിധി ഓഫിസുകൾ വഴി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും, തങ്ങളുടെ ഡിസാസ്റ്റർ ഇൻഫർമേഷൻ മാനേജ്മെന്റ് സെന്റർ (ഡി.ഐ.എം.സി) പ്രവർത്തന സജ്ജമായെന്നും അധികൃതർ അറിയിച്ചു. വിവിധ മേഖലകളിലെ ഡി.ഐ.എം.സി കേന്ദ്രങ്ങൾ ഫലസ്തീൻ റെഡ്ക്രസൻറ് സൊസൈറ്റി, ഗസ്സയിലെ മറ്റു അന്താരാഷ്ട്ര സംഘടനകൾ എന്നിവരുമായി ഏകോപിപ്പിച്ചാണ് വിവരശേഖരണവും ദുരിതാശ്വാസ-മാനുഷിക പ്രവർത്തനങ്ങളും നടത്തുന്നത്.
ഗസ്സയിലെ ക്യു.ആർ.സി.എസ് ഓഫിസ് വഴി ആദ്യ ഘട്ടമെന്ന നിലയിൽ രണ്ടു ലക്ഷം ഡോളറിന്റെ അടിയന്തര സഹായപദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പരിക്കേറ്റവർക്കായി മരുന്ന്, ആശുപത്രി ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കിയാണ് എമർജൻസി മെഡിക്കൽ സർവിസ് സംഘത്തെ പിന്തുണക്കുന്നത്. അതിനിടെ, നാല് ഫലസ്തീൻ റെഡ്ക്രസന്റ് സൊസൈറ്റിയുടെ പാരാമെഡിക്കൽ വളന്റിയർമാർ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ക്യു.ആർ.സി.എസ് ദുഃഖം അറിയിച്ചു.
ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ നീതീകരിക്കാനാവില്ലെന്നും അപലപനീയമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. യുദ്ധമുഖത്ത് സേവനം ചെയ്യുന്ന ഇന്റർനാഷനൽ റെഡ് ക്രസന്റ്- റെഡ്ക്രോസ് സംഘടന പ്രവർത്തകരെ ആക്രമിക്കുന്നതും ജീവഹാനി വരുത്തുന്നതും അന്താരാഷ്ട്ര മാനുഷ്യാവകാശ നിയമങ്ങളുടെയും 1949ലെ ജനീവ കൺവെൻഷന്റെയും ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. ഖത്തർ ചാരിറ്റി നേതൃത്വത്തിൽ ഫലസ്തീനു വേണ്ടി എന്ന പേരിൽ ഇതിനകം തന്നെ ദുരിതാശ്വാസ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. മരുന്ന്, ഭക്ഷ്യ വസ്തുക്കൾ, വസ്ത്രങ്ങൾ ഉൾപ്പെടെ അവശ്യ സാധനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഫണ്ട് ശേഖരണം നടത്തുന്നത്.
ഐക്യദാർഢ്യവുമായി ഒത്തുചേരൽ
ദോഹ: ഫലസ്തീനും ഗസ്സയിൽ പിടയുന്ന നിരാപരാധികൾക്കുമായി പ്രാർഥനാ നിർഭരമായ പള്ളി മിമ്പറുകൾ, പിന്നാലെ അവർക്ക് പിന്തുണയുമായി ഒന്നിച്ച നൂറുകണക്കിന് മനുഷ്യർ. ഫലസ്തീനും ഗസ്സയിലെ ലക്ഷക്കണക്കിന് മനുഷ്യർക്കും ഐക്യദാർഢ്യമർപ്പിക്കുന്നതായിരുന്നു വെള്ളിയാഴ്ച ജുമഅ നമസ്കാരം ഖത്തറിൽ നിന്നുള്ള കാഴ്ചകൾ. പ്രധാന പള്ളിയായ ദോഹയിലെ ഇമാം അബ്ദുൽ വാഹാബിന് മുന്നിലായിരുന്നു പ്രധാന കേന്ദ്രം. ഖത്തറിലെ ഫലസ്തീനികളും, വിവിധ അറബ് രാജ്യക്കാരുമെല്ലാം ഒത്തുചേർന്ന് ഫലസ്തീൻ പതാക പറത്തിയും മുദ്രാവാക്യം മുഴക്കിയും അവർക്ക് പിന്തുണ പ്രഖ്യാപിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഐക്യദാർഢ്യ ഒത്തുചേരലിൽ പങ്കാളികളായി. സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചും ഫലസ്തീന് പിന്തുണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

