ഗസ്സയിൽ ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്ത് ഖത്തർ
text_fieldsദോഹ: ഗസ്സയിലെ കടുത്ത തണുപ്പിനെ പ്രതിരോധിക്കാൻ ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്ത് ഖത്തർ. ഖത്തറിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു വസ്ത്രങ്ങൾ വിതരണം ചെയ്തത്. നൂറുകണക്കിന് പേർക്ക് സഹായം ലഭിച്ചു. ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ശൈത്യകാല വസ്ത്രങ്ങളുടെ വിതരണം.
പുതപ്പുകൾ, ജാക്കറ്റുകൾ, കൈയുറകൾ, ഷൂ എന്നിവയടങ്ങുന്ന കിറ്റുകളാണ് ആവശ്യക്കാർക്കെത്തിച്ചത്. ഖത്തർ ചാരിറ്റിയുടെ വൺ ഹാർട്ട്, ഹൗ ലോങ്, റെഡ് ക്രസന്റിന്റെ ഇൻ സേഫ് ഹാൻഡ്സ് തുടങ്ങിയ പദ്ധതികൾ വഴിയാണ് ഇതിനാവശ്യമായ ഫണ്ട് സമാഹരിച്ചത്. പൊതുജനങ്ങളും സ്ഥാപനങ്ങളും സഹായപദ്ധതിയുടെ ഭാഗമായി. എട്ടുമുതൽ 12 വരെ ഡിഗ്രി സെൽഷ്യസാണ് അടുത്ത ദിവസങ്ങളിലായി ഗസ്സയിലെ താപനില.
തണുപ്പിന് പുറമെ, വെള്ളപ്പൊക്കവും ഫലസ്തീനികളുടെ ദുരിതം ഇരട്ടിയാക്കുന്നു. ഇസ്രായേൽ ആക്രമണംമൂലം ഗസ്സയിൽ 15 ലക്ഷം പേർക്ക് കിടപ്പാടം നഷ്ടമായി എന്നാണ് യു.എന്നിന്റെ കണക്ക്. ആക്രമണത്തിൽ പ്രദേശത്തെ 80 ശതമാനം കെട്ടിടങ്ങളും തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്.
ഭവനരഹിതർക്ക് താൽക്കാലിക താമസ കേന്ദ്രങ്ങൾ ഒരുക്കുന്നതിനായി ഈയിടെ 87,754 ടെന്റുകൾ ഖത്തർ വിതരണം ചെയ്തിരുന്നു. ഇതിനു പുറമെ, ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്ന പദ്ധതികളും മുനേനാട്ടുപോകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

