മിസൈൽ ആക്രമണ പ്രതിരോധം; നാശനഷ്ടം സംഭവിച്ചവർക്ക് സഹായവുമായി ഖത്തർ
text_fieldsദോഹ: മിസൈലാക്രണ പ്രതിരോധവുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങൾ സംഭവിച്ച പൗരന്മാർക്കും താമസക്കാർക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം ചേർന്ന സിവിൽ ഡിഫൻസ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. മിസൈല്‍ പ്രതിരോധിച്ചതിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും ആക്രമണം ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ചര്‍ച്ച ചെയ്യാനുമായിരുന്നു യോഗം.
മിസൈലാക്രണ പ്രതിരോധവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തിയ യോഗം, സ്വകാര്യ സ്വത്തുക്കൾ നാശനഷ്ടം വന്ന പൗരന്മാർക്കും താമസക്കാർക്കും നഷ്ടമായ പ്രഖ്യാപിക്കുകയായിരുന്നു. മിസൈലാക്രണ പ്രതിരോധത്തിൽ താമസ കെട്ടിടങ്ങൾ, വാഹനങ്ങൾ, വ്യാവസായിക -വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തിനായി പരാതി സമർപ്പിക്കാം.
ഇതുസംബന്ധിച്ച് ഇതുവരെ പരാതി സമർപ്പിക്കാത്ത വ്യക്തികൾ രണ്ട് ദിവസത്തിനുള്ളിൽ മെട്രാഷ് മുഖേന അപേക്ഷ നൽകണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂൺ മാസം 23നായിരുന്നു ഖത്തറിന് നേരെ ഇറാൻ മിസൈലാക്രമണം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ വിജയകരമായി ഖത്തർ പ്രതിരോധിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി അവശിഷ്ടങ്ങൾ വീണ് നാശനഷ്ടങ്ങൾ സംഭവിച്ചവർക്കാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.
ചില വ്യക്തികളുടെ നാശനഷ്ടങ്ങൾ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. നഷ്ടപരിഹാര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഇവരെ സിവിൽ ഡിഫൻസ് കൗൺസിൽ ബന്ധപ്പെടും. ഇതുവരെ നാശനഷ്ടങ്ങൾ രേഖപ്പെടുത്താത്തവർക്കായാണ് മെട്രാഷിലൂടെ നാശനഷ്ടം റിപ്പോർട്ട് ചെയ്യാൻ അനുവദിക്കുന്നത്.
ഇവർ, പ്രഖ്യാപനം വന്ന തീയതി മുതൽ രണ്ട് ദിവസത്തിനുള്ളിൽ മെട്രാഷിലൂടെ നഷ്ടപരിഹാര അഭ്യർഥന സമർപ്പിക്കണം. സൂചിപ്പിച്ച സമയപരിധി അവസാനിച്ചതിന് ശേഷം ഒരു ക്ലെയിമുകളും സ്വീകരിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യോഗത്തിൽ നേരത്തെ സ്വീകരിച്ച താല്‍ക്കാലിക നടപടികള്‍ യോഗം വിലയിരുത്തി. അമീര്‍ നല്കിയ നിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

