കളിയാവേശം; ഇനി ഖത്തർ കപ്പും അമീർകപ്പും
text_fieldsട്രോഫി ടൂറിന്റെ ഭാഗമായി വാരിഫ് അക്കാദമിയിൽ പ്രദർശിപ്പിച്ച ഖത്തർ കപ്പ് ട്രോഫിക്കൊപ്പം കുട്ടികൾ ഫോട്ടോക്ക് പോസ് ചെയ്യുന്നു
ദോഹ: ലീഗ് കിരീടപ്പോരാട്ടമായ ഖത്തർ സ്റ്റാർസ് ലീഗിന് കൊടിയിറങ്ങിയതിനുപിന്നാലെ ഖത്തറിലെ ക്ലബുകൾ അടുത്ത പോരാട്ടത്തിലേക്ക്. ആരാധക പ്രിയമായ അമീർ കപ്പ് ഫുട്ബാളിലെ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് തിങ്കളാഴ്ച തുടക്കമായി.
രണ്ടാം ഡിവിഷനിലെ എട്ട് ടീമുകൾ മാറ്റുരച്ച പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് തിങ്കളാഴ്ച വിവിധ സ്റ്റേഡിയങ്ങളിലായി പൂർത്തിയായത്. ഇവിടെ നിന്ന് യോഗ്യത നേടുന്ന നാലുപേരും, സ്റ്റാർസ് ലീഗിലെ 12 ടീമുകളും ഉൾപ്പെടെ 16 ടീമുകളാണ് അമീർ കപ്പിന്റെ നോക്കൗട്ട് റൗണ്ടുകളിൽ മാറ്റുരക്കുന്നത്.
നോക്കൗട്ട് റൗണ്ട് നറുക്കെടുപ്പുകൾ ഏപ്രിൽ 24 വ്യാഴാഴ്ച നടക്കും. ഖത്തർ സ്റ്റാർസ് ലീഗിലെ ചാമ്പ്യൻ ക്ലബുകൾ മാറ്റുരക്കുന്ന ഖത്തർ കപ്പ് മത്സരങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമാകും. ലീഗ് ജേതാക്കളായ അൽ സദ്ദും, നാലാം സ്ഥാനക്കാരായ അൽ അഹ്ലിയും തമ്മിൽ ഏറ്റുമുട്ടും.
രണ്ടാം സ്ഥാനക്കാരായ അൽ ദുഹൈൽ-മൂന്നാം സ്ഥാനക്കാരായ അൽ ഗറാഫയെ നേരിടും. ഇരു മത്സരങ്ങളും രാത്രി ഏഴിനാണ്. വിജയികൾ മേയ് 10ന് നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ഏറ്റുമുട്ടും. മാച്ച് ടിക്കറ്റുകൾ tickets.qsl.qa എന്ന ലിങ്ക് വഴി ലഭ്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

