ഫ്രഞ്ച് കപ്പലെത്തി; ഖത്തർ ക്രൂസ് സീസണിന് തുടക്കം
text_fieldsക്രൂസ് സീസണിന് തുടക്കംകുറിച്ച് ഫ്രഞ്ച് കപ്പലായ ലെ ബുഗെൻവിലെ ദോഹയിലെത്തുന്നു
ദോഹ: ലോകകപ്പിന്റെ ആരവമടങ്ങിയതിനു പിന്നാലെ ദോഹ തീരത്തെ സജീവമാക്കി ക്രൂസ് സീസണിന് തുടക്കമായി. 2023 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന ക്രൂസ് സീസണിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 58 ചെറുതും വലുതുമായ ക്രൂസ് കപ്പലുകളാണ് ദോഹ തുറമുഖത്തെത്തുന്നത്.
ഫ്രഞ്ച് കപ്പലായ ലെ ബുഗെൻവിലെയുടെ വരവോടെയാണ് പുതിയ ക്രൂസ് സീസണിന് തുടക്കംകുറിച്ചത്. ലെ ബുഗെൻവിലെ, എം.എസ്വേൾഡ് യൂറോപ്പ, അർടാനിയ, കോസ്റ്റ ടൊസ്കാന, ഐഡകോസ്മ, എമറാൾഡ് അസുറ, മിൻ ഷിഫ് 6, ഓഷ്യൻ ഒഡേസി എന്നിവ ഉൾപ്പെടെ വലിയൊരു നിര ആഡംബര കപ്പലുകൾ തന്നെ ഖത്തറിന്റെ തീരത്ത് നങ്കുരമിടുന്നുണ്ട്.
സീസണിൽ 58 ക്രൂസ് കപ്പലുകൾ ഖത്തറിലെത്തുമെന്ന് എംവാനി ഖത്തർ ട്വീറ്റ് ചെയ്തു. ഇവയിൽ ആറ് ക്രൂസ് കപ്പലുകളുടെ ഖത്തറിലേക്കുള്ള കന്നിയാത്ര കൂടിയാണ് ഈ സീസണിലേത്. ലോകകപ്പ് ഫുട്ബാളിന് പിന്നാെല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഖത്തറിലേക്ക് ആകർഷിക്കുന്നതിൽ സുപ്രധാനമാണ് ക്രൂസ് സീസൺ. 131 മീ. നീളമുള്ള ഫ്രഞ്ച് കപ്പൽ 300ഓളം യാത്രക്കാരുമായാണ് കഴിഞ്ഞ ദിവസമെത്തിയത്.
ലോകകപ്പ് വേളയിൽ സഞ്ചാരികൾക്ക് താമസത്തിന് സൗകര്യമൊരുക്കിയ മൂന്ന് ക്രൂസ് കപ്പലുകളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. എം.എസ്.സി വേൾഡ് യൂറോപ്പ, എം.എസ്.സി പോഷ്യ, എം.എസ്സി ഒപേറ എന്നിവയായിരുന്നു ലോകകപ്പ് കാലത്ത് 10,000ത്തോളം കാണികൾക്ക് ഒരേസമയം താമസ സൗകര്യമൊരുക്കിയത്. മൂന്ന് കപ്പലുകളും ഡിസംബർ 20ഓടെ ദോഹ തീരം വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

