ഖത്തറിൽ മാളുകളിലും കടകളിലും കയറണോ, ഇഹ്തിറാസ് ആപ്പ് വേണം
text_fieldsദോഹ: ഖത്തറിൽ പുറത്തിറങ്ങുന്നവർക്ക് ഇഹ്തിറാസ് ആപ്പ് നിർബന്ധമാക്കിയതിന് പിന്നാലെ ഷോപ്പിംഗ് മാളുകളും കോംപ്ലക്സുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇഹ്തിറാസ് ആപ്പ് നിർബന്ധമാക്കുന്നു. മാനേജ്മെൻറുകൾ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിക്കഴിഞ്ഞു. മാളുകളിലേക്കും ഷോപ്പിംഗ് സമുച്ചയങ്ങളിലേക്കുമുള്ള പ്രവേശന കവാടങ്ങളിൽ മൊബൈൽ ഫോൺകാണിക്കണം. ആപ്പിൻെറ ബാർകോഡിൽ പച്ചനിറം ഉള്ളവർക്ക് മാത്രം പ്രവേശനം അനുവദിക്കാനും തുടങ്ങിയിട്ടുണ്ട്.
അൽ മീറ, മോണോപ്രിക്സ്, കാരിഫോർ, ലുലു, സഫാരി തുടങ്ങിയ ഷോപ്പിംഗ് മാളുകളിലും സെൻററുകളിലുമാണ് പ്രവേശനത്തിനായി ഇഹ്തിറാസ് ആപ്പ് നിർബന്ധമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഷോപ്പിംഗ് സെൻററുകളുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളുടെ അക്കൗണ്ടുകളിൽ ഉപഭോക്താക്കൾക്കായി സന്ദേശം അയച്ചിട്ടുണ്ട്.
ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ തങ്ങളുടെ എല്ലാ ഷോപ്പിംഗ് സെൻററുകൾക്ക് മുമ്പിലും ഇഹ്തിറാസ് ആപ്പില്ലാതെ പ്രവേശനം നിഷേധിച്ചതായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇഹ്തിറാസ് ആപ്പിൽ പച്ച നിറം തെളിയുന്നവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നുള്ളൂ.
സർക്കാർ നിർദേശങ്ങൾക്കനുസൃതമായി സ്റ്റോറുകളിൽ പ്രവേശിക്കുന്നവർ ഇഹ്തിറാസ് ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കണമെന്ന് കാരിഫോർ ഖത്തറും മോണോപ്രിക്സ് ഖത്തറും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ഇഹ്തിറാസ് ആപ്പിൽ പച്ച തെളിയുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് അൽമീറയും വ്യക്തമാക്കിക്കഴിഞ്ഞു.
ഫാമിലി ഫുഡ്സെൻറർ, അൽ റവാബി, സൗദിയ ഹൈപ്പർ, റവാബി, ഗ്രാൻഡ് മാൾ തുടങ്ങിയവരും പ്രവേശനത്തിന് ഇഹ്തിറാസ് ആപ്പ് നിർബന്ധമാക്കാനൊരുങ്ങുകയാണ്.
മാളുകളുടെയും ഷോപ്പിംഗ് കോംപ്ലക്സുകളുടെയും നീക്കത്തെ രാജ്യത്തെ ജനങ്ങൾ സ്വാഗതം ചെയ്തു തുടങ്ങിയിട്ടുണ്ട്. ആശങ്കകളൊഴിവാക്കി ഷോപ്പിംഗ് നടത്താമെന്നതാണ് അധികപേരിലും ഇത് സ്വാഗതാർഹമായ തീരുമാനമായി മാറിയത്. നേരത്തേ സിദ്റ മെഡിസിൻ ആശുപത്രിയിലും പ്രവേശനത്തിന് ആപ്പ് നിർബന്ധമാക്കിയിരുന്നു.
അതേസമയം ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നവരിൽ ബിസിനസ്, ഫാമിലി, ടൂറിസ്റ്റ് വിസയിലുള്ളവരെയും ഉൾപ്പെടുത്താൻ സാധ്യത ഉണ്ടെന്ന് അറിയുന്നു. നിലവിൽ ഖത്തർ ഐ.ഡി ഉള്ളവർക്ക് മാത്രമേ ഇത് പറ്റുന്നുള്ളൂ. ഇതിനാൽ ഇത്തരം വിസക്കാർക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്തതിനാൽ മാളുകളിൽ പ്രവേശനം നിഷേധിക്കപ്പെടാൻ സാധ്യതയുണ്ട്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിക്കണമെങ്കിൽ വ്യക്തിയുടെ ഖത്തർ ഐഡി നമ്പർ നിർബന്ധമാണ്. ആപ്പ് എല്ലാവർക്കും നിർബന്ധമാക്കിയതിന് ശേഷം പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം മന്ത്രാലയം ശേഖരിച്ചുവരുന്നുണ്ട്. ഇതിൻെറ കൂടി അടിസ്ഥാനത്തിൽ ഇത്തരം വിസക്കാരെയും ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.