ഖത്തറിലേക്ക് കൂടുതൽ വിമാനങ്ങൾ വേണം; മടങ്ങേണ്ട അടിയന്തര സാഹചര്യത്തിലുള്ളവർ പതിനായിരത്തിലധികം
text_fieldsദോഹ: അടിയന്തരസാഹചര്യങ്ങളിൽ ദുരിതത്തിലായി ഖത്തറിൽ നിന്ന് മടങ്ങാനാഗ്രഹിക്കുന്നത് പതിനായിരത്തിലധികം മലയാളികൾ. ആഴ്ചയിൽ കേരളത്തിലേക്ക് നിലവിൽ രണ്ട് വിമാനങ്ങൾ എന്ന തോതിൽ മാത്രമേ അനുവദിക്കുന്നുള്ളൂ. ഇതിനാൽ ഇത്രയധികം ആളുകളെ നിലവിെല സാഹചര്യത്തിൽ നാട്ടിെലത്തിക്കണമെങ്കിൽ ഏഴ് മാസമെങ്കിലും വേണ്ടിവരും. ഖത്തറിലെ ഇന്ത്യൻ എംബസിയിൽ മടങ്ങാനാഗ്രഹിച്ച് രജിസ്റ്റർ ചെയ്ത നാൽപതിനായിരത്തിലധികം പേരിൽ 28000ത്തിലധികം മലയാളികളാണ്. ഖത്തറിൽ വ്യാഴാഴ്ച മാത്രം 1733 പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ചികിൽസയിലുള്ളവർ 24902 പേരാണ്. ഇതിലധികവും ഇന്ത്യക്കാരും അതിൽ നെല്ലാരുശതമാനം മലയാളികളുമാണ്.
വളരെ ചെറിയ രാജ്യമെന്ന നിലയിൽ കോവിഡ് ബാധിതരുടെ എണ്ണം മേഖലയിൽ തന്നെ ഉയർന്ന നിലയിലാണ് ഖത്തറിൽ. രോഗബാധ രാജ്യത്ത് ഏറ്റവും ഉയർന്നനിലയിലാണെന്നും അത് വരുംദിവസങ്ങളിൽ തുടരുമെന്നും പൊതുജനാരോഗ്യമന്ത്രാലയം പറയുന്നു. തൊഴിൽ നഷ്ടപ്പെട്ടവരും കോവിഡ് പ്രതിസന്ധിയിൽ വരുമാനം നഷ്ടപ്പെട്ട ഡ്രൈവർമാരടക്കമുള്ള ദിവസക്കൂലിക്കാരുമാണ് മടങ്ങാനാഗ്രഹിക്കുന്നവരിൽ നല്ലൊരു ശതമാനവും. നിലവിൽ ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, മാനസിക പ്രശ്നം അനുഭവിക്കുന്നവർ, ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവർ എന്നിവരെയാണ് ഇന്ത്യൻ എംബസി പരിഗണിക്കുന്നത്. ഇതിനാൽ തന്നെ അടിയന്തര ആവശ്യങ്ങൾ ഉള്ള മറ്റുള്ളവർക്ക് മടങ്ങാനാകില്ല. 181 യാത്രക്കാരെയാണ് നിലവിൽ ഒരു വിമാനത്തിൽ അനുവദിക്കുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആഴ്ചയിൽ നാല് വിമാന സർവ്വീസുകൾ കേരളത്തിലേക്ക് അനുവദിച്ച് കിട്ടണമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.
കേരത്തിലേക്ക് എല്ലാ രാജ്യങ്ങളിൽ നിന്നുമായി ആഴ്ചയിൽ 45 സർവീസുകളിൽ കൂടരുതെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നിലപാട് അറിയിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതും മലയാളികളുടെ ആശങ്ക കൂട്ടുന്നുണ്ട്.
ഖത്തറിൽ വ്യാഴാഴ്ച 1733 പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ചികിൽസയിലുള്ളവർ 24902 പേരാണ്. 213പേർക്കുകൂടി കോവിഡ് രോഗം സുഖപ്പെട്ടു. ആകെ രോഗം ഭേദമായവർ 3356 ആയി. ആകെ 143938 പേരെ പരിശോധിച്ചപ്പോൾ 28272 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾശപ്പടെയാണിത്. ആകെ 14 പേരാണ് മരിച്ചത്.
സാമൂഹിക അകലം പാലിക്കാൻ പോലുമാകാതെ
ഖത്തറിൽ കോവിഡ് ബാധിതരിൽ ഗുരുതരാവസ്ഥയിൽ ഉള്ളവരെ മാത്രമേ ആശുപത്രികളിലും മറ്റും പ്രവേശിപ്പിക്കുന്നുള്ളൂ. ബാക്കിയുള്ളവർ വീടുകളിൽ തന്നെ സമ്പർക്കവിലക്കിൽ കഴിയണമെന്നാണ് നിർദേശം. എന്നാൽ അടിയന്തരസാഹചര്യത്തിൽ 16000 എന്ന കോവിഡ് ഹോട്ട്ലൈൻ നമ്പറിൽ വിളിച്ചാൽ ആശുപത്രികളിലേക്ക് ഇവരെ മാറ്റുന്നുമുണ്ട്. െചറിയ റൂമുകളിൽ മൂന്നോ നാലോ ആളുകൾ കഴിയുന്ന റൂമുകളിൽ പോസിറ്റീവ് ആയവർ ഉണ്ട്. ഇവർക്ക് സാമൂഹിക അകലം പാലിക്കാൻ കഴിയുന്നുമില്ല. ഇതിനാൽ തന്നെ മറ്റുള്ളവർക്കു കൂടി രോഗം വരുമോ എന്ന ആശങ്കയിലാണ് പലരും കഴിയുന്നത്.
ഖത്തറിലേക്ക് കപ്പൽ സർവീസുകൾ അനുവദിക്കുന്ന കാര്യത്തിൽ പ്രായോഗികതടസങ്ങൾ ഉണ്ടെന്നാണ് ഇതുമായി ബന്ധെപ്പട്ടവർ പറയുന്നത്. മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായുള്ള കേന്ദ്രസർക്കാറിൻെറ രണ്ടാംഘട്ട പദ്ധതിയിൽ ഖത്തറിൽ നിന്ന് കേരളത്തിലേക്ക് മൂന്ന് വിമാനങ്ങളാണുള്ളത്. മേയ് 18ന് കോഴിക്കോട്ടേക്കും 21ന് കൊച്ചിയിലേക്കുമാണ് വിമാനങ്ങൾ. മേയ് 19നാണ് കണ്ണൂരിലേക്കുള്ള വിമാനം. എയർഇന്ത്യ വിമാനം ദോഹയില്‍ നിന്ന് അന്ന് വൈകീട്ട് 6.40 ന് പുറപ്പെട്ട് കണ്ണൂരിൽ പുലർച്ചെ 01.25 ന് എത്തും. കോഴിക്കോട് വിമാനം 18ന് ഖത്തർ സമയം 3.35ന് ദോഹയിൽ നിന്ന് പുറപ്പെട്ട് കോഴിക്കോട് രാത്രി 10.20ന് എത്തും. 21ന് ഉച്ചക്ക് 2.05ന് േദാഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം 8.45നാണ് കൊച്ചിയിൽ എത്തുക. വിശാഖപട്ടണം, ഹൈദരാബാദ്,ബംഗളൂരു, ഗയ എന്നിവിടങ്ങളിലേക്കും ഖത്തറിൽ നിന്ന് രണ്ടാം ഘട്ടത്തിൽ വിമാനമുണ്ട്.
22ന് ഉച്ചക്ക് 1.30ന് പുറപ്പെടുന്ന വിമാനം 8.05ന് ബംഗളൂരുവിലെത്തും. എന്നാൽ 181 യാത്രക്കാരെ മാത്രമാണ് ഒരു വിമാനത്തിൽ അനുവദിക്കുന്നത്. കോവിഡിൻെറ സാഹചര്യത്തിൽ മടങ്ങാൻ ആഗ്രഹിക്കുന്ന അടിയന്തരസഹാചര്യത്തിലുള്ളവരെയെങ്കിലും നാട്ടിലെത്തിക്കാൻ ആഴ്ചയിൽ നാല് വിമാനങ്ങളെങ്കിലും ഖത്തറിലേക്ക് വേണമെന്നാണ് ആവശ്യമുയരുന്നത്. ഇക്കാര്യത്തിൽ ഇന്ത്യൻ എംബസി കാര്യക്ഷമമായി ഇടപെടണമെന്നും ആവശ്യമുയരുന്നു.
സർവീസ് നടത്താൻ സജ്ജമെന്ന് ഖത്തർ എയർവേയ്സ്
കോവിഡിൻെറ പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാനസർവീസുകൾ മേയ് 17 മുതൽ ഭാഗികമായി പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചതോടെ ഇന്ത്യയിലേക്കുള്ള സർവീസുകൾ തുടങ്ങാൻ ഖത്തർ എയർവേയ്സ്. ആദ്യഘട്ടത്തിൽ 25ശതമാനം ആഭ്യന്തര വിമാനസർവീസുകളാണ് ഇന്ത്യ തുടങ്ങുന്നത്.
ഇന്ത്യയിലേക്ക് നിര്‍ത്തിവെച്ച സര്‍വീസുകള്‍ മേയ് മാസത്തിൽ തന്നെ പുനരാംരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് ട്വിറ്ററിൽ അറിയിച്ചു. സര്‍വീസുകള്‍ മെയ് 26 മുതല്‍ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനസര്‍വീസിൻെറ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ജൂൺ അവസാനത്തോടെ അഹ്മദാബാദ്, അമൃത്സർ, ബംഗളൂരു, മുംബൈ, കൊൽക്കത്ത, ഡൽഹി, ഗോവ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും നടത്തുമെന്നും കമ്പനി നേരത്തേ അറിയിച്ചിട്ടുണ്ട്.
എന്നാൽ ഖത്തർ എയർവേയ്സ് അടക്കമുള്ള വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള അനുമതി കേന്ദ്രസർക്കാർ നൽകണം. നിലവിൽ ഖത്തറും ഇന്ത്യയും ഒരു വിമാനങ്ങൾക്കും അനുമതി നൽകുന്നില്ല. കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രതിരോധനടപടികളും സ്വീകരിച്ച് സർവീസ് നടത്താൻ വിമാനകമ്പനികളെ അനുവദിക്കണമെന്ന ആവശ്യം ശക് തമാകുന്നുണ്ട്. നിലവിൽ ഖത്തർ എയർവേയ്സ് ടിക്കറ്റിന് വൻതുകയാണ് ഇൗടാക്കുന്നത്. ഇതിനാൽ എയർഇന്ത്യ, ഇൻഡിഗോ തുടങ്ങിയവക്ക് സർവീസിന് അനുമതി നൽകണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.