ഖത്തറിലേക്ക് ആഗസ്റ്റ് മുതൽ മടങ്ങിയെത്താം, ക്വാറൻറീൻ സ്വന്തം ചെലവിൽ
text_fieldsദോഹ: നാലുഘട്ടങ്ങളിലായി കോവിഡ് നിയന്ത്രണങ്ങൾ ഖത്തർ നീക്കാനിരിക്കേ രാജ്യത്തേക്ക് മടങ്ങി വരുന്നവർക്ക് താമസസ്ഥലങ്ങളിൽ ക്വാറൻറീനിൽ കഴിയാനാകില്ല. തിരിച്ചുവരുന്നവർ സ്വന്തം ചെലവിൽ 14 ദിവസം ഹോട്ടൽ ക്വാറൻറീനിൽ കഴിയേണ്ടിവരും. ജൂൺ 15 മുതൽ തുടങ്ങി സെപ്റ്റംബർ വരെയുള്ള നാലുഘട്ടങ്ങളിലായാണ് ഖത്തർ നിയന്ത്രണങ്ങളെല്ലാം നീക്കുന്നത്. ആദ്യഘട്ടത്തിൽ ഖത്തറിലുള്ളവർക്ക് അടിയന്തര സാഹചര്യത്തിൽ പുറത്തേക്ക് യാത്ര ചെയ്യാം. എന്നാൽ തിരിച്ചുവരുേമ്പാൾ സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറൻറീനിൽ കഴിയൽ നിർബന്ധമാണ്. അല്ലെങ്കിൽ പൊതുജനാരോഗ്യമന്ത്രാലയം നൽകുന്ന കേന്ദ്രങ്ങളിൽ കഴിയണം. ഇതും സ്വന്തം ചെലവിൽ ആയിരിക്കണമെന്നും ദേശീയ ദുരന്തനിവാരണ കമ്മിറ്റി പരമോന്നത കമ്മിറ്റി വക്താവും വിദേശകാര്യ സഹമന്ത്രിയുമായ ലുൽവ ബിൻ റാഷിദ് അൽഖാതിർ അറിയിച്ചു.
ആഗസ്റ്റ് ഒന്നുമുതലാണ് ദോഹയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ അനുവദിക്കുന്നത്. പ്രവാസികൾക്ക് തിരിച്ചുവരാനാണിത്. ഇവരും രണ്ടാഴ്ച ക്വാറൻറീനിൽ കഴിയണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ, യാത്രക്കുള്ള ബുക്കിങ് തുടങ്ങിയവ ഉടൻ പ്രഖ്യാപിക്കും. എന്നാൽ കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് മാത്രമേ മടങ്ങാൻ കഴിയൂ. ഇതിനാൽ ഇന്ത്യക്കാർക്ക് സാധ്യത കുറവാണ്.
രാജ്യത്തിന് പുറത്ത് കഴിയുന്ന പ്രായമായ പ്രവാസികളടക്കം അവസാന ഘട്ടത്തിൽ മാത്രമേ തിരികെ ജോലിയിൽ പ്രവേശിക്കാൻ പാടുള്ളൂവെന്ന് ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹാധ്യക്ഷൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ അറിയിച്ചിരുന്നു. നാല് ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങൾ നീക്കുക. സെപ്തംബർ 1നാണ് നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള അന്തിമ ഘട്ടം. ഈ ഘട്ടത്തിലേ പ്രായമായവർ തിരികെ ജോലിക്കായി പുറത്തിറങ്ങേണ്ടതുള്ളൂ. ആ സമയത്ത് രാജ്യത്തെ രോഗവ്യാപനം താഴ്ന്ന നിലയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രാജ്യത്തെ പള്ളികൾ ജൂൺ 15 മുതൽ തുറന്നുതുടങ്ങും. എന്നാൽ പ്രായമായവരും കുട്ടികളും പള്ളിയിൽ പോകുന്നത് ഒഴിവാക്കണം. അവരുടെ ആരോഗ്യം പരിഗണിച്ചാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോട്ടൽ ക്വാറൻറീൻ അടക്കമുള്ള പാക്കേജുമായി ഖത്തർ എയർവേയ്സ്
അതിനിടെ, യാത്രാ ടിക്കറ്റിനൊപ്പം ഹോട്ടലുകളിൽ 14 ദിവസത്തെ താമസവും ഉൾപ്പെടുത്തിയുള്ള പ്രത്യേക പാക്കേജുകൾ ഖത്തർ എയർവേയ്സ് ഉടൻ പ്രഖ്യാപിക്കും. ക്വാറൻറീൻ സൗകര്യമുള്ള ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ, ത്രീ സ്റ്റാർ ഹോട്ടലുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യവും പാക്കേജിലുണ്ടാകും.
ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങൾ നീക്കൽ ഇങ്ങനെ
ജൂൺ 15 മുതലുള്ള ആദ്യഘട്ടത്തിൽ ചുരുക്കം പള്ളികളാണ് തുറക്കുക. കർശന നിയന്ത്രണങ്ങളോടെയാണിത്.ഷോപ്പിങ് കേന്ദ്രങ്ങളിലെ ചില കടകൾ ഭാഗികമായി തുറക്കും. ചില സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളുടെ 40 ശതമാനം സൗകര്യം മാത്രം അടിയന്തര സേവനങ്ങൾ നൽകാനായി പ്രവർത്തിപ്പിക്കാം.ചില പാർക്കുകൾ വ്യായാമം നടത്താനായി അുവദിക്കും. എന്നാൽ 12 വയസിന് താെഴയുള്ള കുട്ടികൾക്ക് പ്രവേശനമുണ്ടാകില്ല.തുറസ്സായ സ്ഥലങ്ങളിൽ മാത്രം കായിക പരിശീലനമാവാം. വിശാലമായ കായിക പരിശീലന ഹാളുകളിൽ അഞ്ചുപേരിൽ കൂടാൻ പാടില്ല. ജൂലൈ ഒന്ന് മുതലുള്ള രണ്ടാം ഘട്ടത്തിൽ കൂടുതൽനിയന്ത്രണങ്ങൾ നീക്കും
ചുരുങ്ങിയ മണിക്കൂറുകൾ മാളുകൾക്ക് പ്രവർത്തിക്കാനാകും. മാർക്കറ്റുകളും ഹോൾസെയിൽ മാർക്കറ്റുകളും ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം വരുത്തി നിശ്ചിത മണിക്കൂറുകൾ പ്രവർത്തിപ്പിക്കാം. കുറഞ്ഞ ആളുകൾക്ക് പ്രവേശനം നൽകി റെസ്റ്റോറൻറുകൾ തുറക്കാം.മ്യൂസിയങ്ങളും ലൈബ്രറികളും നിശ്ചിത ആളുകൾക്ക് പ്രവേശനം നൽകി നിശ്ചിത മണിക്കൂറുകൾ പ്രവർത്തിപ്പിക്കും.50 ശതമാനം ജീവനക്കാരും ഓഫിസുകളിലെത്തി ജോലി ചെയ്യണം. ആഗസ്റ്റ് മുതലുള്ള മൂന്നാം ഘട്ടത്തിലാണ് മറ്റുരാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ ദോഹയിലേക്ക് അനുവദിക്കുക. രാജ്യത്തേക്ക് മടങ്ങിയെത്തുന്ന താമസക്കാർക്ക് വേണ്ടിയാണിത്. ഈ ഘട്ടത്തിൽ വാണിജ്യകേന്ദ്രങ്ങൾ പൂർണമായും പ്രവർത്തിപ്പിക്കും.
ഹോൾസെയിൽ മാർക്കറ്റുകൾ നിശ്ചിത ആളുകളെ പ്രവേശിപ്പിച്ച് നിശ്ചിത മണിക്കൂറുകൾ തുറക്കും. നിശ്ചിത സമയം കൂടുതൽ ആളുകൾക്ക് പ്രവേശനം നൽകി റെസ്റ്റോറൻറുകൾ പ്രവർത്തിപ്പിക്കാം. ഡ്രൈവിങ് സ്കൂളുകൾ തുറക്കാൻ അനുമതി നൽകും. 80 ശതമാനം ജീവനക്കാരും ഓഫിസുകളിലെത്തി ജോലി ചെയ്യണം. കർശനമായ കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ചായിരിക്കണം ഇത്.
ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ, മസ്സാജ് സെൻററുകൾ എന്നിവ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തുറക്കാം. സെപ്റ്റംബറിലെ നാലാംഘട്ടത്തോടെ നിയന്ത്രണങ്ങൾ പൂർണമായും നീക്കും. ഈഘട്ടത്തിൽ വാണിജ്യകേന്ദ്രങ്ങൾ പൂർണമായും തുറന്നുപ്രവർത്തിക്കാൻ തുടങ്ങും. റെസ്റ്റോറൻറുകൾ പൂർണതോതിൽ തുറക്കാം. എല്ലാ ജീവനക്കാരും ഓഫിസുകളിലെത്തി ജോലി ചെയ്യാൻ തുടങ്ങും. പൊതുജനാരോഗ്യമന്ത്രാലയത്തിൻെറ മാർഗനിർദേശങ്ങൾക്കനുസരിച്ച് വിമാനസർവീസുകൾ വർധിപ്പിക്കും. ദോഹ മെട്രോ, കർവ തുടങ്ങിയ പൊതുഗതാഗത സേവനങ്ങൾ നിയന്ത്രണത്തോടെ പുനരാരംഭിക്കും. ഈ ഘട്ടത്തിൽസ്വകാര്യ സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ് ഥാപനങ്ങളുടെയും പ്രവർത്തനം പുനരാരംഭിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
