സിറിയയിലേക്ക് സഹായം തുടർന്ന് ഖത്തർ
text_fieldsഖത്തറിന്റെ സഹായവിമാനം സിറിയയിലെ ഡമസ്കസിലെത്തിയപ്പോൾ
ദോഹ: ഭരണമാറ്റം ഉൾപ്പെടെ സാഹചര്യങ്ങളിലൂടെ പുതുജീവിതത്തിലേക്ക് നീങ്ങുന്ന സിറിയൻ ജനതക്ക് മാനുഷിക സഹായം തുടർന്ന് ഖത്തർ. ഡിസംബർ ആദ്യവാരം ആരംഭിച്ച എയർബ്രിഡ്ജിന്റെ തുടർച്ചയായി വ്യാഴാഴ്ചയും ഭക്ഷ്യവസ്തുക്കളും മരുന്നും ഉൾപ്പെടെ സഹായവസ്തുക്കളുമായി ഖത്തർ സായുധസേന വിമാനം ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് നേതൃത്വത്തിൽ 31 ടൺ മാനുഷികസഹായമാണ് വ്യാഴാഴ്ച എത്തിച്ചത്. ഖത്തർ എയർബ്രിഡ്ജ് വഴി ഒമ്പതാമത്തെയും ഡമസ്കസ് വിമാനത്താവളത്തിലെത്തിക്കുന്ന നാലാമത്തെയും വിമാനമാണിത്. ഇതിനകം 262 ടൺ സഹായവസ്തുക്കളാണ് ഖത്തർ സിറിയയിലെത്തിച്ചത്.
പ്രസിഡന്റ് ബശ്ശാറുൽ അസദ് അധികാരത്തിൽനിന്ന് പുറത്തായി രാജ്യം വിട്ടതിന് പിന്നാലെ സിറിയൻ ജനതക്കുള്ള പിന്തുണയുമായി ഖത്തർ രംഗത്തെത്തിയിരുന്നു. എംബസി തുറന്നും വിദേശകാര്യ സഹമന്ത്രി ഉൾപ്പെടെ ഉന്നത സംഘം സന്ദർശിച്ചും ഖത്തർ എയർവേസ് സർവിസ് ആരംഭിച്ചും സിറിയയുടെ തിരിച്ചുവരവിൽ ഖത്തർ ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്.
സിറിയക്ക് ആവശ്യമായ മാനുഷികസഹായമെത്തിക്കുകയാണ് ഖത്തറിന്റെ പ്രഥമ പരിഗണനയെന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിൽ ഖത്തർ വിദേശകാര്യമന്ത്രാലയം വക്താവ് ഡോ. മാജിദ് അൻസാരിയും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

