വിമാന യാത്രക്കാർക്ക് പവർ ബാങ്ക് നിയന്ത്രണം പുതുക്കി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി
text_fieldsദോഹ: ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലിഥിയം ബാറ്ററി പവർ ബാങ്കുകൾ സംബന്ധിച്ച നിയന്ത്രണങ്ങൾ പുതുക്കി. ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെയും ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെയും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് മാറ്റം. പുതിയ നിയമമനുസരിച്ച് ഒരാൾക്ക് പരമാവധി രണ്ട് പവർ ബാങ്കുകൾ വരെ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ.
ഓരോന്നിന്റെയും ശേഷി മണിക്കൂറിൽ 100 വാട്ടോ അതിൽ കുറവോ ആയിരിക്കണം. ലിഥിയം ബാറ്ററികളുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ കാരണം പവർ ബാങ്കുകൾ ഹാൻഡ് ബാഗേജിൽ മാത്രമേ കൊണ്ടുപോകാവൂ എന്ന് നിബന്ധനയുണ്ട്. ചെക്ക് ഇൻ ബാഗേജിൽ പൂർണമായി നിരോധിച്ചിട്ടുണ്ട്. യാത്രക്കിടെ പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതും പുതിയ ചട്ടങ്ങൾ വിലക്കുന്നു. എപ്പോഴും എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ സൂക്ഷിക്കണം. അടിയന്തര സാഹചര്യങ്ങളിൽ കാബിൻ ജീവനക്കാർക്ക് വേഗത്തിൽ പ്രതികരിക്കേണ്ടതിനാൽ ഇവ ഓവർഹെഡ് കമ്പാർട്ട്മെന്റുകളിലോ സൈഡ് സ്റ്റോറേജ് ലോക്കറുകളിലോ സൂക്ഷിക്കരുത്. പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ പോകുന്ന എയർലൈനുകളിൽനിന്ന് എന്തെങ്കിലും അധിക നിയന്ത്രണങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ചട്ടങ്ങൾ ലംഘിക്കുന്നത് നിയമനടപടികൾക്ക് കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

