ഗസ്സക്ക് ഇഫ്താർ വിരുന്നുമായി ഖത്തർ ചാരിറ്റി
text_fieldsഗസ്സയിൽ ഖത്തർ ചാരിറ്റി നേതൃത്വത്തിലൊരുക്കിയ ഇഫ്താർ
ദോഹ: ഇസ്രായേൽ ബോംബുകൾ വീണ് തകർന്ന കെട്ടിടകൂമ്പാരങ്ങൾക്കും അധിനിവേശസേനയുടെ നിഷ്ഠൂരമായ ആക്രമണങ്ങളിൽ ജീവനറ്റവരുടെ ഓർമകൾക്കുമിടയിൽ ഗസ്സയിലെ തെരുവുകളിൽ ഇഫ്താർ മേശകൾ നിരന്നു. പ്രിയപ്പെട്ടവരെ നഷ്ടമായി അനാഥരായവരും കൂടപ്പിറപ്പുകൾ ഇല്ലാതാവരും വീടും കിടപ്പാടവുമെല്ലാം തകർന്ന് പെരുവഴിയിലായവരുമെല്ലാം ആ മേശയുടെ ചുറ്റിലുമിരുന്നു. ഖത്തർ ചാരിറ്റിയാണ് യുദ്ധം അവസാനിച്ച ഗസ്സയിലെ നോമ്പുകാർക്ക് ഇഫ്താർ വിഭവങ്ങളുമായി കൂറ്റൻ തീൻമേശകൾ ഒരുക്കി അവരുടെ ജീവിതത്തിലേക്കുള്ള തിരികെയാത്രയിൽ വെളിച്ചമായത്.
റമദാനിലെ ആദ്യനോമ്പ് തുറക്കാനായി ശനിയാഴ്ച ഏഴായിരത്തോളം പേർക്കാണ് സെൻട്രൽ ഗസ്സയിലെ സെയ്തൂണിലും ഈസ്റ്റേൺ ഗവർണറേറ്റിലെ ഷുജൈയയിലും ഇഫ്താർ ടേബിളുകൾ സജ്ജമാക്കിയത്. ‘ഗിവിങ് ലൈവ് ഓൺ’ എന്ന പേരിലാണ് ഖത്തർ ചാരിറ്റി റമദാനിൽ ഉടനീളം നീണ്ടുനിൽക്കുന്ന ഇഫ്താറിന് തുടക്കംകുറിച്ചത്. യുദ്ധം തകർത്ത കെട്ടിട കൂരമ്പാരങ്ങൾക്ക് നടുവിൽ മീറ്ററുകൾ നീളത്തിൽ മേശകൾ സജ്ജീകരിച്ചായിരുന്നു ഗസ്സക്കാർക്കായി സമൂഹ നോമ്പുതുറ ഒരുക്കിയത്. ഭക്ഷ്യകിറ്റുകളും നോമ്പുതുറ വിഭവങ്ങളും അവശ്യവസ്തുക്കളും ഉൾപ്പെടെ വിതരണം ചെയ്തു. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ യുദ്ധം കാരണം നാടുവിട്ടവർ കൂട്ടമായി തിരികെയെത്തിയത് മേഖലയിൽ വർധിച്ച വിലക്കയറ്റത്തിനാണ് വഴിയൊരുക്കിയത്. വിഭവങ്ങളുടെ ക്ഷാമവും മറ്റും ദുരിതത്തിലായവർക്ക് ആശ്വാസമായാണ് ഖത്തർ ചാരിറ്റിയുടെ ഇഫ്താർ.
ഖത്തർ ചാരിറ്റിയുടെ റമദാൻ ജീവകാരുണ്യ പ്രവർത്തനമായ ‘ഗിവിങ് ലൈവ് ഓൺ’ വഴി 45 രാജ്യങ്ങളിലെ അർഹരായ വിഭാഗങ്ങളിലേക്കാണ് സഹായമെത്തിക്കുന്നത്. ഈ റമദാനിൽ 45 ലക്ഷം പേർക്ക് വിഭവങ്ങളെത്തിക്കാനാണ് പദ്ധതി. ഇഫ്താർ, പെരുന്നാൾ വസ്ത്രങ്ങൾ, ഫിത്ർ സകാത് ഉൾപ്പെടെ സഹായങ്ങൾ ഗസ്സക്കായി നീക്കിവെച്ചിട്ടുണ്ട്. ഈ പദ്ധതികളിലൂടെ രണ്ടര ലക്ഷം പേർ ഗുണഭോക്താക്കളാകുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

