അഫ്ഗാനിലേക്ക് സഹായം തുടർന്ന് ഖത്തർ
text_fieldsഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ ദുരിതാശ്വാസ സഹായങ്ങൾ വഹിച്ചുള്ള ഖത്തർ വിമാനം അഫ്ഗാനിലെത്തിയപ്പോൾ
ദോഹ: പ്രളയക്കെടുതി നേരിടുന്ന അഫ്ഗാനിസ്താനിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ. ഒരാഴ്ച മുമ്പുണ്ടായ പ്രളയത്തിനു പിന്നാലെ, കഴിഞ്ഞ ദിവസം മിന്നൽ പ്രളയം കൂടിയെത്തി ഇരട്ടി ദുരന്തം പെയ്ത നാട്ടിലേക്ക് ഭക്ഷ്യ വസ്തുക്കൾ, പുതപ്പ്, വസ്ത്രങ്ങൾ, മരുന്ന് എന്നിവയുമായാണ് ഖത്തർ അമിരി ഗാർഡിന്റെ വിമാനം വീണ്ടും എത്തിയത്. ശനിയാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ 50ലേറെ പേരാണ് കൊല്ലപ്പെട്ടത്.
നേരത്തെ ബഗ്ലാൻ പ്രവിശ്യയിലുണ്ടായ പ്രളയത്തിൽ 300ലേറെ പേർ മരിച്ചിരുന്നു. യു.എൻ കണക്കുകൾ പ്രകാരം 2000 വീടുകൾ തകരുകയും പതിനായിരങ്ങൾ ദുരന്തമനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഖത്തറിന്റെ 60 ടൺ വസ്തുക്കളുമായാണ് കഴിഞ്ഞ ദിവസം വിമാനം അഫ്ഗാനിലെത്തിയത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഖത്തറിന്റെ സഹായം അഫ്ഗാനിലെത്തിക്കുന്നത്.

