ഖത്തർ ചാരിറ്റിയുടെ റമദാൻ കാമ്പയിന് തുടക്കം
text_fieldsദോഹ: ഗസ്സ മുനമ്പിലെ ഫലസ്തീനികൾ ഉൾപ്പെടെ 40 രാജ്യങ്ങളിൽനിന്നുള്ള 4.5 ദശലക്ഷത്തിലധികം ആളുകളെ സഹായിക്കുന്നതിനായി ഈ വർഷത്തെ റമദാൻ കാമ്പയിന് ഖത്തർ ചാരിറ്റി തുടക്കം കുറിച്ചു.
നമ്മുടെ നന്മ പാരമ്പര്യമായി ലഭിച്ചത് എന്ന് അർഥമുള്ള ‘ഖൈറുനാ മുതവാരിസുൻ’ മുദ്രാവാക്യം ഉയർത്തിയാണ് ഈ വർഷത്തെ കാമ്പയിന് ആരംഭം കുറിച്ചിരിക്കുന്നത്. ഖത്തറിനകത്തും പുറത്തുമായി സീസണൽ സഹായവിതരണത്തിന് പുറമേ മാനുഷിക വികസന പദ്ധതികളും കാമ്പയിന് കീഴിൽ നടപ്പാക്കുമെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു.
ഈ വർഷത്തെ കാമ്പയിനിൽ ഗസ്സക്ക് പ്രത്യേക പാക്കേജ് നടപ്പാക്കും. ഗസ്സയെ പിന്തുണക്കുന്നതോടൊപ്പം അവിടത്തെ താമസക്കാർ നേരിടുന്ന കടുത്ത മാനസിക പ്രതിസന്ധി കണക്കിലെടുത്ത് സമൂഹ ഐക്യദാർഢ്യം ശക്തിപ്പെടുത്തുകയും ദുരിതാശ്വാസ, വികസന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. ഗസ്സയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഇഫ്താർ എന്നത് ഈ വർഷത്തെ കാമ്പയിനിലെ പ്രധാന പരിപാടിയാണെന്നും ഖത്തർ ചാരിറ്റി ചൂണ്ടിക്കാട്ടി. റമദാനിന്റെ ആദ്യ ദിവസമായിരിക്കും ഇഫ്താർ സംഘടിപ്പിക്കുക.
അതേസമയം, ഖത്തറിൽ ഏഴിടങ്ങളിലായി തൊഴിലാളികളെ ലക്ഷ്യം വെച്ച് ഭക്ഷണവിതരണം നടത്തുന്നതിന് മൊബൈൽ ഇഫ്താർ കാമ്പയിന് കീഴിൽ സംഘടിപ്പിക്കും. ഇതിന് പുറമേ രാജ്യത്തുടനീളം 46 സ്ഥലങ്ങളിൽ റമദാൻ ടെന്റുകളും സ്ഥാപിക്കും.
ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിന് റമദാൻ 27ാം രാവിൽ 27 നൈറ്റ് ചലഞ്ച് സംരംഭവും ഫലസ്തീൻ, സിറിയ, സുഡാൻ, യമൻ എന്നീ രാജ്യങ്ങളിലെ നിർധന കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള സകാത്, ദുരിതാശ്വാസ പദ്ധതികളും കാമ്പയിന് കീഴിൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

