യമനിൽ കുടിവെള്ള -ശുചിത്വ പദ്ധതിയുമായി ഖത്തർ ചാരിറ്റി
text_fieldsഐക്യരാഷ്ട്രസഭയുടെ യമൻ ഹ്യൂമാനിറ്റേറിയൻ ഫണ്ടുമായി സഹകരിച്ച് ഖത്തർ ചാരിറ്റി നടപ്പാക്കുന്ന കുടിവെള്ള -ശുചിത്വ പദ്ധതിയുടെ പ്രവൃത്തി പുരോഗമിക്കുന്നു
ദോഹ: യെമനിലെ ദുരിതബാധിത മേഖലകളിൽ സഹായഹസ്തവുമായി ഖത്തർ ചാരിറ്റി. വടക്കുപടിഞ്ഞാറൻ യമനിലെ ഹജ്ജ ഗവർണറേറ്റിലെ അബ്സ് ഡിസ്ട്രിക്റ്റിൽ അടിയന്തര മാനുഷിക പദ്ധതികൾ നടപ്പാക്കുന്നതിനായി യമൻ ഹ്യൂമാനിറ്റേറിയൻ ഫണ്ടുമായി ഖത്തർ ചാരിറ്റി കരാർ ഒപ്പിട്ടു. കടുത്ത ജലക്ഷാമവും ജലജന്യ രോഗങ്ങളും നേരിടുന്ന മേഖലകളിൽ വാട്ടർ, സാനിറ്റേഷൻ സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏകദേശം 11,000 പേർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.
മൊത്തം 1.8 ലക്ഷം യു.എസ് ഡോളർ ചെലവു വരുന്ന പദ്ധതികളാണ് പ്രദേശത്ത് നടപ്പാക്കുക. ഇതിൽ 1.5 ലക്ഷം ഡോളർ യെമൻ ഹ്യൂമാനിറ്റേറിയൻ ഫണ്ടും 30,000 ഡോളർ ഖത്തർ ചാരിറ്റിയും സംഭാവന ചെയ്യും. മാനുഷിക സഹായം വർധിപ്പിക്കുന്നതിനും ദുരിതബാധിത മേഖലകളിൽ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പരസ്പര സഹകരണത്തിനും ഊന്നൽ നൽകുന്നതാണ് കരാർ. ഇതുസംബന്ധിച്ച കരാറിൽ ഐക്യരാഷ്ട്രസഭയുടെ യമൻ ഹ്യൂമാനിറ്റേറിയൻ കോഓഡിനേറ്റർ ജൂലിയൻ ഹർനെസും ഖത്തർ ചാരിറ്റിയുടെ യമൻ ബ്രാഞ്ച് ആക്ടിങ് കൺട്രി ഡയറക്ടർ ഡോ. അബ്ദുല്ല ഇബ്രാഹിം അൽ നയീമും ഒപ്പിട്ടു.
കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തകർച്ച നേരിടുന്ന ജലവിതരണ ശൃംഖലകളുടെ പുനരുദ്ധാരണം, സുരക്ഷിതമായ കുടിവെള്ള സ്രോതസ്സുകൾ ഉറപ്പാക്കൽ, ശുചിത്വ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ എന്നിവക്കാണ് പദ്ധതിയിൽ മുൻഗണന നൽകുന്നത്. കൂടാതെ, രോഗവ്യാപനം തടയുന്നതിനായി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് പ്രത്യേക ആരോഗ്യ ബോധവൽക്കരണ പരിപാടികളും നടപ്പാക്കും.
യമനിലെ ദുർബലരായ ജനവിഭാഗങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കുന്നതിനും മാനുഷിക പ്രതിസന്ധികൾ ലഘൂകരിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഖത്തർ ചാരിറ്റി യമൻ ബ്രാഞ്ച് ആക്ടിങ് കൺട്രി ഡയറക്ടർ ഡോ. അബ്ദുല്ല ഇബ്രാഹിം അൽ നയീം പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ അൽ ഹുദൈദ, റയ്മ തുടങ്ങിയ മേഖലകളിലും സമാനമായ രീതിയിൽ സൗരോർജമുപയോഗിച്ചുള്ള ജലവിതരണ പദ്ധതികൾ ഖത്തർ ചാരിറ്റി വിജയകരമായി നടപ്പാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

