അഞ്ചുവർഷത്തിനിടെ ഖത്തർ ചാരിറ്റി
text_fieldsഖത്തർ ചാരിറ്റി നേതൃത്വത്തിൽ സുഡാനിൽ നിർമാണം പുരോഗമിക്കുന്ന കുടിവെള്ള പദ്ധതി
ദോഹ: 222 കിണറുകൾ, ഒന്നേമുക്കാൽ ലക്ഷം ഗുണഭോക്താക്കൾ. സുഡാനിെൻറ ദാഹമകറ്റാൻ വിശാലമായ ഇടപെടലുമായി ഖത്തർ ചാരിറ്റി. ദർഫാർ, കൊർദോഫാൻ സംസ്ഥാനങ്ങളിലായി അഞ്ചുവർഷം കൊണ്ടാണ് ഇത്രയുമേറെ കിണറുകൾ സ്ഥാപിച്ചത്. ഇതിനകം 170,000 സുഡാൻ നിവാസികൾ പദ്ധതികളുടെ ഗുണഭോക്താക്കളായതായി ഖത്തർ ചാരിറ്റി അറിയിച്ചു. സുഡാനിൽ ഖത്തർ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടായിരത്തിലധികം വിവിധ പദ്ധതികളാണ് പൂർത്തിയാക്കിയിരിക്കുന്നതെന്ന് സുഡാൻ ഓഫിസ് മേധാവി ഹസൻ അലി ഈദ പറഞ്ഞു.
ഈയടുത്തായി നോർത്ത് ദർഫുർ സംസ്ഥാനത്തെ ഖുതും, മാലിത് പ്രദേശങ്ങളിലായി ആറ് പുതിയ കിണറുകളുടെ നിർമാണവും പൂർത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം നോർത്ത് കൊർദോഫാൻ സംസ്ഥാനത്തും ഖത്തർ ചാരിറ്റി ശുദ്ധജല പദ്ധതി നടപ്പാക്കി. കൂടാതെ ജബ്റ അൽ ശൈഖ്, അബു ദർഗ്, അബു ഹദിദ്, കബ്ഷ് അൽ നൂർ, അൽ അംബാജ് എന്നീ ഗ്രാമങ്ങളിൽ പുതിയ കിണറുകളും തയാറാക്കിയതായി അദ്ദേഹം വ്യക്തമാക്കി.
ഖത്തർ ചാരിറ്റി പദ്ധതികൾ പൂർത്തിയായതോടെ സുഡാൻ ജനതയുടെ ശുദ്ധജല ദൗർലഭ്യത്തിനാണ് അറുതിയായത്. വേനൽക്കാലത്ത് കനത്ത വെയിലിൽ 10 കി.മീറ്ററിലധികം നടന്നാണ് അധികപേരും ശുദ്ധജലം ശേഖരിച്ചിരുന്നത്.
ശുദ്ധജല പദ്ധതികൾ പൂർത്തിയാക്കിയ ഖത്തർ ചാരിറ്റിക്ക് ഗുണഭോക്താക്കൾ പ്രത്യേക നന്ദി അറിയിച്ചു.
സുഡാനു പുറമെ, സോമാലിയ, നൈജർ, ബുർകിനഫാസോ രാജ്യങ്ങളിൽ ശുദ്ധജല ലഭ്യതക്കായി കിണറുകൾ കുഴിക്കുന്നതിന് 2014ൽ ജർമൻ കമ്പനിയുമായി ഖത്തർ ചാരിറ്റി കരാർ ഒപ്പുവെച്ചിരുന്നു.