അഭയാർഥികൾക്ക് സഹായാഭ്യാർഥനയുമായി ഖത്തർ ചാരിറ്റി
text_fieldsദോഹ: ശൈത്യകാലം അടുത്തെത്തിയിരിക്കെ സിറിയയിലെയും ഇറാഖിലെയും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും അഭയാർഥികൾക്കും വേണ്ടി സഹായാഭ്യാർഥനയുമായി ഖത്തർ ചാരിറ്റി. കോവിഡ് കൂടിയായതോടെ അഭയാർഥികൾക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും ദുരിതങ്ങളുടെ കാലമാണ് ശൈത്യകാലമെന്നും ഖത്തറിലെ ഉദാരമതികളിൽനിന്നും കമ്പനികളിൽനിന്നും പിന്തുണ അനിവാര്യമാണെന്നും ഖത്തർ ചാരിറ്റി അറിയിച്ചു. നേരത്തേ സഹായമെത്തിക്കുന്നതിലൂടെ അതിശൈത്യം, പേമാരി, മഞ്ഞുവീഴ്ച എന്നിവ മൂലമുണ്ടാകുന്ന ദുരിതങ്ങളുടെ വ്യാപ്തി കുറക്കാനാകുമെന്നും അടുത്ത മൂന്നു മാസം അതിശൈത്യമായിരിക്കുമെന്നും ഖത്തർ ചാരിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി. സിറിയ, ലബനാൻ, ഇറാഖ്, ജോർഡൻ, ഈജിപ്ത് എന്നിവിടങ്ങളിലായി ഏകദേശം 10 ദശലക്ഷം സിറിയക്കാരും ഇറാഖികളും അഭയാർഥികളായും കുടിയൊഴിപ്പിക്കപ്പെട്ടവരായും നിലവിലുണ്ട്. യു.എൻ.എച്ച്.സി.ആർ റിപ്പോർട്ട് പ്രകാരം വരാനിരിക്കുന്ന ശൈത്യകാല തയാറെടുപ്പുകൾക്കായി ഏകദേശം 33 ലക്ഷം ആളുകൾക്ക് അടിയന്തര സഹായം അനിവാര്യമായിട്ടുണ്ട്. കോവിഡ് മഹാമാരിയും സാമ്പത്തിക സാഹചര്യങ്ങളും നിരവധി പേരുടെ ദൈനംദിന ജീവിതം ദുരിതത്തിലാക്കിയതായും ശൈത്യകാലത്തിന് മുമ്പായി 194.3 ദശലക്ഷം ഡോളർ ആവശ്യമാണെന്നും യു.എൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഷെൽട്ടറുകൾ, ടെൻറുകൾ, ചൂടിനെ അകറ്റുന്ന വസ്ത്രങ്ങൾ, ബ്ലാങ്കറ്റുകൾ, ഇന്ധനം, ഭക്ഷ്യധാന്യങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് പ്രധാനമായും ശൈത്യകാലമെത്തുന്നതിന് മുമ്പായി അഭയാർഥികൾക്കെത്തിക്കേണ്ടത്. കടുത്ത ശൈത്യത്തെ പ്രതിരോധിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളുടെ ദൗർലഭ്യം അഭയാർഥികളുടെ മരണത്തിനു വരെ കാരണമാകും.
2018ൽ ലബനാൻ അതിർത്തിയിലെ മഞ്ഞുവീഴ്ചയെ തുടർന്ന് സിറിയൻ അഭയാർഥി കുടുംബത്തിലെ ആറു പേർ തണുത്തുറഞ്ഞ് മരണത്തിന് കീഴടങ്ങിയതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. അതേവർഷം അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ 16 പേർ അതിശൈത്യത്തെ തുടർന്ന് മരിക്കുകയും ചെയ്തു. വരും മാസങ്ങളിൽ കടുത്ത ശൈത്യത്തിലേക്കാണ് മേഖല പ്രവേശിക്കുന്നതെന്നും അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിലും താഴുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും നേരത്തേ സഹായമെത്തിക്കുന്നത് ദുരിതങ്ങളുടെ വ്യാപ്തി കുറക്കാൻ സഹായിക്കുമെന്നും ഖത്തർ ചാരിറ്റി വ്യക്തമാക്കുന്നു.