ലോകത്തിന്റെ കണ്ണീരൊപ്പി ഖത്തർ ചാരിറ്റി
text_fieldsദോഹ: കഴിഞ്ഞ ഒരു വർഷത്തിൽ 70 രാജ്യങ്ങളിലായി 157 കോടി റിയാലിന്റെ മാനുഷിക, ദുരിതാശ്വാസ, സാമൂഹിക ക്ഷേമ പദ്ധതികൾ നടപ്പാക്കി ഖത്തർ ചാരിറ്റി. വിവിധ പദ്ധതികളിലായി 22 ദശലക്ഷം ആളുകൾ ഗുണഭോക്താക്കളുമായതായി ഖത്തർ ചാരിറ്റി അറിയിച്ചു.
സംഘർഷ, ദുരന്തബാധിത പ്രദേശങ്ങളിലും ദുർബലരും നിരാലംബരുമായ സമൂഹങ്ങളിലുമായി ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രത്യേകം പദ്ധതികൾ നടപ്പാക്കിയത്. അനാഥരെയും പാർശ്വവത്കൃതരെയും സംരക്ഷിക്കുന്നതിനും പിന്തുണക്കുന്നതിനുമുള്ള റുഫഖാ സംരംഭം കഴിഞ്ഞ വർഷവും ഖത്തർ ചാരിറ്റി തുടർന്നതായി വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി.
ദുരിതബാധിത പ്രദേശങ്ങളിൽ മാനുഷിക ഇടപെടലുകളും പദ്ധതികളുമായി ഏകദേശം 5.28 കോടി റിയാലാണ് ഖത്തർ ചാരിറ്റി ചെലവഴിച്ചത്. ഇതിലൂടെ മാത്രം 11 ദശലക്ഷം പേർ ഗുണഭോക്താക്കളായി. ഗുണഭോക്താക്കളിലധികവും ഗസ്സ , സിറിയ, സുഡാൻ, യമൻ, ലെബനാൻ, അഫ്ഗാനിസ്താൻ, റോഹിങ്ക്യൻ, സൊമാലിയ, തുർക്കിയ തുടങ്ങിയവരായിരുന്നു.
മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികളും സംഘർഷങ്ങളും വെല്ലുവിളികളും കണക്കിലെടുത്ത് കൂടുതൽ ഗുണഭോക്താക്കളിലേക്ക് സഹായവും സംഭാവനകളും നൽകുന്നത് ഖത്തർ ചാരിറ്റി തുടർന്നെന്ന് ചീഫ് മാർക്കറ്റിങ് ഓഫിസർ അഹ്മദ് യൂസുഫ് ഫഖ്റൂ പറഞ്ഞു. 2024 അവസാനത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 2.11 ലക്ഷം വ്യക്തികളാണ് ഖത്തർ ചാരിറ്റിയുടെ സ്പോൺസർഷിപ്പിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.