ഖത്തർ ഒട്ടകമേളക്ക് ആവേശത്തുടക്കം
text_fieldsഷഹാനിയയിലെ ല്ബുസൈറിൽ അൽ മസായിൻ ഏരിയയിൽ നടക്കുന്ന ഖത്തർ ഒട്ടക മേളയിൽനിന്ന്
ദോഹ: ഖത്തറിന്റെ സമ്പന്നമായ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്നതിനും യുവതലമുറക്ക് പരിചയപ്പെടുത്തുന്നതിനുമായി അഞ്ചാമത് ഖത്തർ ഒട്ടകമേള ‘ജസീലത് അൽ അത്ത’ക്ക് ഖത്തറിൽ ആവേശത്തുടക്കം. സ്പോർട്സ് മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തുടങ്ങിയ മന്ത്രാലയങ്ങളുടെയും വിവിധ സർക്കാർ -സ്വകാര്യ ഏജൻസികളുടെയും സഹകരണത്തോടെയാണ് ഈ വർഷത്തെ മേള ഷഹാനിയയിലെ ല്ബുസൈറിലെ അൽ മസായിൻ ഏരിയയിൽ നടക്കുന്നത്.
പരിപാടിക്ക് ഞായറാഴ്ച അൽ മഗാതീർ വിഭാഗത്തിലെ മത്സരങ്ങളോടെ തുടക്കം കുറിച്ചു. ഫെബ്രുവരി 10 വരെ 31 ദിവസങ്ങളിലായി ആവേശകരമായ മത്സരങ്ങൾ വേദിയിൽ നടക്കും. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള നൂറുക്കണക്കിന് ഒട്ടക ഉടമകളുടെയും ആരാധകരുടെയും പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
ഒട്ടകങ്ങളുടെ സൗന്ദര്യമത്സരമാണ് മേളയിലെ പ്രധാന ആകർഷണം. അൽ മഗാതീർ, അസായേൽ, മുജാഹിം എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 119 റൗണ്ടുകളിലെ മത്സരങ്ങളാണ് നടക്കുന്നത്. ഇതിൽ അൽ മഗാതീർ വിഭാഗത്തിൽ 37 റൗണ്ടുകളും അസായേലിൽ 44 റൗണ്ടുകളും മുജാഹിം വിഭാഗത്തിൽ 38 റൗണ്ടുകളുമാണുള്ളത്. അൽ മഗാതീർ മത്സരങ്ങൾ ജനുവരി 11 മുതൽ ജനുവരി 21 വരെയും അസായേൽ ജനുവരി 22 മുതൽ ഫെബ്രുവരി 1 വരെയും മുജാഹിം മത്സരങ്ങൾ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 10 വരെയും നടക്കും. എല്ലാ ദിവസവും രാവിലെ 11 മണി മുതൽ വൈകീട്ട് നാല് മണി വരെയാണ് പ്രദർശനങ്ങളും മത്സരങ്ങളും നടക്കുന്നത്.
ആകർഷകമായ സമ്മാനങ്ങളാണ് ഓരോ റൗണ്ടിലെയും വിജയികൾക്കായി കാത്തിരിക്കുന്നത്. 56 ആഡംബര വാഹനങ്ങളും 149 പ്രതീകാത്മക പുരസ്കാരങ്ങളും ഉൾപ്പെടെ വൻ സമ്മാനത്തുകയാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
മേളയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ കർശനമായ നടപടികളും നിയന്ത്രണങ്ങളുമാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്.
ഒട്ടകങ്ങളിൽ കൃത്രിമത്വമോ ഹോർമോൺ പ്രയോഗങ്ങളോ നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്താൻ വിശദമായ പരിശോധനകൾ നടത്തുന്നുണ്ട്.
കൂടാതെ, ഒട്ടകപ്പന്തയത്തിനൊപ്പം സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ജസീലത് അൽ-അത്ത' കവിതാ പുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച കവിതക്ക് 30,000 ഖത്തർ റിയാൽ സമ്മാനമായി നൽകും.
പ്രാദേശിക വിധികർത്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'റാഇ അൽ നസർ' എന്ന പുതിയ പുരസ്കാരവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്.
ഖത്തറിന്റെ പാരമ്പര്യ കായിക വിനോദങ്ങളെ സംരക്ഷിക്കുക, വരുംതലമുറക്ക് പരിചയപ്പെടുത്തുക, പ്രാദേശിക -ഗൾഫ് ടൂറിസം മേഖലക്ക് ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഒട്ടകമേളയിൽ സന്ദർശകർക്കായി വിവിധ സാംസ്കാരിക പരിപാടികൾ, കരകൗശല പ്രദർശനങ്ങൾ, പരമ്പരാഗത വിപണികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

