ഇറാന്റെ ന്യായീകരണം അടിസ്ഥാനരഹിതമെന്ന് ഖത്തർ; യു.എന്നിന് കത്തയച്ചു
text_fieldsദോഹ: ഖത്തറിൽ ഇറാൻ നടത്തിയ സൈനിക ആക്രമണങ്ങൾക്ക് ഒരുവിധ നിയമപരമായ അടിത്തറയുമില്ലെന്നും, അന്താരാഷ്ട്ര നിയമപ്രകാരം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാൻ ഇറാന് സാധിക്കില്ലെന്നും ഖത്തർ. ഇറാന്റെ ന്യായീകരണം അടിസ്ഥാനരഹിതരമാണ്. ഫെബ്രുവരി 28 മുതൽ ഇറാൻ തുടരുന്ന ആക്രമണങ്ങൾ ഐക്യരാഷ്ട്രസഭ ചട്ടങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും മേലുള്ള ലംഘനമാണെന്നും വ്യക്തമാക്കി ഖത്തർ ഐക്യരാഷ്ട്രസഭക്ക് കത്തയച്ചു.
യു.എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസിനും, സുരക്ഷാ കൗൺസിൽ അധ്യക്ഷൻ ജെറോം ബോണഫോണ്ടിനും ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനിയാണ് കത്ത് കൈമാറിയത്. മറ്റ് രാജ്യങ്ങൾക്കു നേരെ ഇറാൻ ബലപ്രയോഗം നടത്തുന്നത് യു.എൻ ചാർട്ടർ ആർട്ടിക്കിൾ 2(4) ന്റെ ലംഘനമാണ് ഖത്തർ ചൂണ്ടിക്കാട്ടി.
ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817 (2026)-ഉം കത്തിൽ പരാമർശിച്ചു. തെറ്റായ അവകാശവാദങ്ങളിലൂടെ ആക്രമണങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെന്നും ഖത്തർ വ്യക്തമാക്കി. ഖത്തറിന് നേരെ നടത്തിയ മിസൈൽ -ഡ്രോൺ ആക്രമണങ്ങളും, ഹുർമുസ് കടലിടുക്ക് അടച്ചിടാനുള്ള നീക്കവും ആക്രമണത്തിന്റെ പരിധിയിൽ വരുന്നവയാണ്.
സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ, ഊർജ നിലയങ്ങൾ, കപ്പലുകൾ എന്നിവക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശമാണ് വിനിയോഗിച്ചതെന്ന ഇറാന്റെ വാദം ഖത്തർ പൂർണ്ണമായും തള്ളി. ആത്മരക്ഷാർത്ഥം തിരിച്ചടിക്കാൻ ഖത്തറിനാണ് നിയമപരമായ അവകാശമുള്ളതെന്നും യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ അത് വ്യക്തമാക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു.
ആക്രമണത്തിലൂടെ ഖത്തറിനുണ്ടായ സാമ്പത്തിക -ഭൗതിക നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഇറാൻ ബാധ്യസ്ഥരാണ്. നഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്നുവരികയാണെന്നും ഖത്തർ അറിയിച്ചു. ഖത്തറിൽ നിന്ന് നഷ്ടപരിഹാരം വേണമെന്ന ഇറാന്റെ ആവശ്യം വസ്തുതകളെ വളച്ചൊടിക്കാനുള്ള നീക്കമാണ്. ഹുർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തരുതെന്നും അന്താരാഷ്ട്ര നാവിക സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തർ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ജനങ്ങളുടെ ജീവനും സംരക്ഷിക്കുന്നതിനായി ഇറാന്റെ ആക്രമണങ്ങൾക്കെതിരെ അനുയോജ്യമായ രീതിയിൽ തിരിച്ചടിക്കാനുള്ള പൂർണ്ണ അവകാശം ഖത്തറിനുണ്ടെന്നും കത്തിൽ അടിവരയിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

