അഫ്ഗാനിലെ പ്രതിസന്ധി പരിഹരിക്കാൻ സംയോജിത നീക്കം വേണം -ഖത്തർ
text_fieldsഒ.ഐ.സി ആസ്ഥാനത്ത് നടന്ന പ്രത്യേക കോൺടാക്ട് ഗ്രൂപ്പിന്റെ യോഗത്തിൽ ഡോ. ഖാലിദ്
അബ്ദുൽ അസീസ് അൽ ഖലീഫി സംസാരിക്കുന്നു
ദോഹ: അഫ്ഗാനിസ്താനിലെ പ്രതിസന്ധി പരിഹരിക്കാൻ സംയോജിത നീക്കം വേണമെന്ന് ഖത്തർ. ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്ത് നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ പ്രത്യേക കോൺടാക്ട് ഗ്രൂപ്പിന്റെ യോഗത്തിൽ അഫ്ഗാനിസ്താൻ സംബന്ധിച്ച വിഷയത്തിൽ പങ്കെടുത്ത് ഖത്തർ വിദേശകാര്യ മന്ത്രിയുടെ ഓഫിസിലെ ഫസ്റ്റ് സെക്രട്ടറി ഡോ. ഖാലിദ് അബ്ദുൽ അസീസ് അൽ ഖലീഫിയാണ് ആവശ്യമുന്നയിച്ചത്.
അടിയന്തര മാനുഷിക സഹായം എത്തിക്കുന്നതിനൊപ്പംതന്നെ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ ഇടപെടലുകളും ആവശ്യമാണ്. അഫ്ഗാൻ ജനതയുടെ സുരക്ഷ, സ്ഥിരത, വികസനം എന്നിവക്കായുള്ള ശ്രമങ്ങളെ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനം നിലനിർത്തുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗം ക്രിയാത്മകമായ സംഭാഷണമാണെന്ന ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ‘ദോഹ പ്രോസസി’ന് ഖത്തർ ആതിഥേയത്വം വഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അഫ്ഗാൻ വിഷയത്തിൽ അന്താരാഷ്ട്ര ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള സുപ്രധാന വേദിയായി ഇത് മാറിയിട്ടുണ്ട്.
ദോഹ പ്രക്രിയയുടെ മൂന്നാം ഘട്ടത്തിൽ രണ്ട് പ്രത്യേക വർക്കിങ് ഗ്രൂപ്പുകൾക്ക് രൂപം നൽകിയിട്ടുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളായിരിക്കും ഈ വർക്കിങ് ഗ്രൂപ്പുകൾ നിർവഹിക്കുക. അഫ്ഗാനിലെ നിലവിലെ കാവൽ സർക്കാറും അന്താരാഷ്ട്ര സമൂഹവും തമ്മിൽ ഫലപ്രദമായ സംവാദം കെട്ടിപ്പടുക്കാനും മാനുഷിക -വികസന ആവശ്യങ്ങൾ പരിഹരിക്കാനും ഈ നീക്കങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

