ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ പിന്മാറ്റം; യു.എൻ സുരക്ഷ കൗൺസിൽ പ്രമേയം ഉടൻ നടപ്പാക്കണമെന്ന് ഖത്തർ
text_fieldsഐ.എ.ഇ.എ ഗവർണർ ബോർഡ് യോഗത്തിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ ജാസിം യാക്കൂബ് അൽ ഹമ്മാദി സംസാരിക്കുന്നു
ദോഹ: ഗസ്സയിൽ നിന്ന് ഇസ്രായേലിന്റെ പൂർണമായ പിന്മാറ്റം ആവശ്യപ്പെടുന്ന യു.എൻ സുരക്ഷ കൗൺസിൽ പ്രമേയം ഉടൻ നടപ്പാക്കണമെന്ന് ഖത്തർ. ഗസ്സയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ഭരണകൂടത്തിന്റെ രൂപവത്കരണം, പുനർനിർമാണ ശ്രമങ്ങൾ ആരംഭിക്കൽ എന്നിവ ആവശ്യപ്പെടുന്ന യു.എൻ സുരക്ഷ കൗൺസിൽ പ്രമേയം നടപ്പാക്കണമെന്ന് വിയനയിൽ നടന്ന അന്താരാഷ്ട്ര അറ്റോമിക് ഊർജ ഏജൻസി (ഐ.എ.ഇ.എ) ഗവർണർ ബോർഡ് യോഗത്തിലാണ് ഖത്തറിന്റെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ ജാസിം യാക്കൂബ് അൽ ഹമ്മാദി ആവശ്യം ഉന്നയിച്ചത്.
ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശവും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശവും യാഥാർഥ്യമാക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് ഈ പ്രമേയമെന്നും ഖത്തർ ചൂണ്ടിക്കാട്ടി. ഇസ്രായേൽ അധിനിവേശം നടത്തിയ ഫലസ്തീൻ പ്രദേശങ്ങളിലെ ദയനീയസ്ഥിതി അദ്ദേഹം വിശദമാക്കി. വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഇസ്രായേൽ സേന തുടർച്ചയായി നടത്തുന്ന കൊലപാതകങ്ങളും കുടിയൊഴിപ്പിക്കലും കുടിയേറ്റക്കാർ നടത്തുന്ന അക്രമത്തെയും അദ്ദേഹം അപലപിച്ചു. ഫലസ്തീനിലെയും മറ്റ് അറബ് പ്രദേശങ്ങളിലെയും ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനും കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഫലസ്തീൻ ജനതക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ പ്രവൃത്തികൾ കാലക്രമേണ ഇല്ലാതാകുന്നവയല്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇവക്ക് ഉത്തരവാദികളായവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും അന്താരാഷ്ട്ര സംഘടനകൾ തങ്ങളുടെ ചുമതല നിർവഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപരോധത്തിലും അധിനിവേശത്തിലും കഴിയുന്ന ഫലസ്തീൻ ജനതയുടെ വിനാശകരമായ ദുരിതം ലഘൂകരിക്കാൻ എല്ലാ രാജ്യങ്ങളും മാനുഷിക-ദുരിതാശ്വാസ സംഘടനകളും പ്രത്യേകിച്ച് യു.എൻ.ആർ.ഡബ്ല്യു.എ എത്രയും വേഗം സഹായം എത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

