ഖത്തർ വിളിച്ച പേര്; ഷഹീൻ
text_fieldsദോഹ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് അറബിക്കടൽ ചുറ്റി ഇന്ത്യൻ തീരങ്ങളിലും ഒമാനിലും ഭീഷണി ഉയർത്തുന്ന ഷഹീൻ ചുഴലിക്കാറ്റും ഖത്തറും തമ്മിലൊരു ബന്ധമുണ്ട്. വരും ദിനങ്ങളിൽ ഗുജറാത്ത് തീരത്തു കൂടി ഒമാൻ തീരമേഖലകളിലേക്ക് പ്രവേശിക്കും എന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ പ്രവചിച്ച ചുഴലിക്കാറ്റിന് ഷഹീൻ എന്ന പേര് ഖത്തറിെൻറ സംഭാവനയാണ്. കഴിഞ്ഞയാഴ്ച രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റാണ് കഴിഞ്ഞ ദിവസം ഷഹീനായി അറബിക്കടലിൽ വെച്ച് രൂപാന്തരപ്പെട്ടത്.
ചുഴലിയുടെ സഞ്ചാര മേഖലകളെല്ലാം ജാഗ്രത പാലിക്കുകയാണ്.
ഇനി ഖത്തർ നിർദേശിച്ച ഷഹീൻ എന്ന പേര് ചുഴലിക്കാറ്റിന് ലഭിച്ചത് എങ്ങനെയെന്നറിയാം. ലോക കാലാവസ്ഥ സംഘടനയും (ഡബ്ല്യു.എം.ഒ) യു.എന്നിെൻറ ഇക്കണോമിക് ആൻഡ് സോഷ്യല്‍ കമീഷന്‍ ഫോര്‍ ഏഷ്യ ആൻഡ് ദി പസഫിക്കും (എസ്‌കാപ്പ്) ചേര്‍ന്ന് 2000 മുതലാണ് ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്ന സംവിധാനം തുടങ്ങിയത്. കാലാവസ്ഥ നിരീക്ഷകര്‍ തമ്മിലുള്ള ആശയവിനിമയവും മുന്നറിയിപ്പുകളും പ്രവചനങ്ങളും നിരീക്ഷണങ്ങളും എല്ലാം സാധ്യമാക്കുന്നതിന് വേണ്ടിയാണ് കാറ്റുകള്‍ക്ക് പേരിടുന്ന പതിവ് തുടങ്ങിയത്.
ലോകത്തുടനീളമായി ഒമ്പത് മേഖലകളായിട്ടാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. വടക്കന്‍ അറ്റ്‌ലാൻറിക്, കിഴക്കന്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, പടിഞ്ഞാറന്‍ നോര്‍ത്ത് പസഫിക്, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം, ആസ്‌ട്രേലിയന്‍, തെക്കന്‍ പസഫിക്, തെക്കന്‍ അറ്റ്‌ലാൻറിക് എന്നിവ.
വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട ചുഴലിക്കാറ്റുകളില്‍ മേഖലയിലെ അംഗരാജ്യങ്ങൾക്ക് ഊഴമനുസരിച്ചാണ് അവസരം. പാകിസ്താൻ നിർദേശിച്ച ഗുലാബാണ് ഏതാനും ദിവസം മുമ്പ് ഒഡിഷ, ആന്ധ്ര തീരങ്ങളിൽ വീശയടിച്ച് കടന്നുപോയത്. ഇപ്പോൾ ഖത്തറിെൻറ ഊഴമാണ്. അവർ നിർദേശിച്ചതാണ് ഷഹീൻ എന്ന പേര്. അതാവട്ടെ അറബികളുടെ പ്രിയപ്പെട്ട ഫാൽകൻ പക്ഷിയുടെ പേരും. റോയൽ വൈറ്റ് ഫാൽകനുകളെയാണ് ഷഹീൻ എന്ന് വിളിക്കുന്നത്. കടലിൽ വീശിയടിക്കുന്ന ചുഴലിയും ഷഹീനായി മാറി.
ജവാദ്, അസാനി, സിത്രാങ്, മൻഡൗസ് എന്നിവയാണ് ഇനി വരാനിരിക്കുന്ന ചുഴലികൾ. ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ, പാകിസ്താൻ, മാലദ്വീപ്, ഒമാൻ, ശ്രീലങ്ക, തായ്ലൻഡ്, ഇറാൻ, ഖത്തർ, സൗദി, യു.എ.ഇ, യെമൻ എന്നീ 13 രാജ്യങ്ങളാണ് ഊഴമനുസരിച്ച് കാറ്റിന് പേരിടുന്നത്. നിർദേശിക്കപ്പെട്ട 169 പേരുകളിൽ നിന്നാണ് നിലവിലെ 13 എണ്ണം തിരഞ്ഞെടുത്തത്.