റമദാനിൽ വൈവിധ്യമാർന്ന പരിപാടികളുമായി ഖത്തർ കലണ്ടർ
text_fieldsദോഹ: റമദാൻ മാസത്തെ ആത്മീയ -വിശ്വാസ പ്രാധാന്യത്തോടൊപ്പം ഖത്തറിന്റെ പൈതൃകവും സംസ്കാരവും, കായിക പാരമ്പര്യവും ഉൾക്കൊള്ളുന്ന വിപുലമായ വിനോദങ്ങൾ പരിപാടികളുമായി ഖത്തർ ടൂറിസം. താമസക്കാർക്കും സന്ദർശകർക്കും കുടുംബത്തോടൊപ്പം ഒന്നിച്ച് ചെലവഴിക്കാൻ വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് രാജ്യത്തുടനീളം ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ പ്രധാന കായിക, സാംസ്കാരിക, വിനോദ പരിപാടികളും പ്രദർശനങ്ങളും ഏകോപിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമായ ഖത്തർ കലണ്ടറാണ് റമദാൻ മാസത്തെ പരിപാടികൾ അവതരിപ്പിച്ചത്.
റമദാനിലെ സാമൂഹിക -സാംസ്കാരിക പരിപാടികളിൽ സംഘടിപ്പിക്കുന്നതിനൊപ്പം വർഷം മുഴുവൻ ടൂറിസം മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ ഒരുക്കിയിട്ടുള്ളത്. "ഖത്തർ, റമദാനിൽ നിങ്ങളുടെ വീട്" എന്ന പ്രമേയത്തിലാണ് വിസിറ്റ് ഖത്തർ ഈ വർഷത്തെ റമദാൻ കാമ്പയിൻ ലോഞ്ച് ചെയ്തിരിക്കുന്നത്. ഖത്തറിന്റെ ആതിഥ്യവും സമ്പന്നതയും ഉയർത്തിക്കാട്ടി പ്രാദേശിക -അന്തർദേശീയ സന്ദർശകരെ സ്വാഗതം ചെയ്യാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
റമദാനിയത്ത് ഹീനത്ത് സൽമ
പ്രകൃതിയും സംസ്കാരവും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന റമദാനിയത്ത് ഹീനത്ത് സൽമ പരിപാടിയിൽ ഫാം വർക്ക്ഷോപ്പുകൾ, കരകൗശല പ്രദർശനങ്ങൾ, ലൈവ് പെർഫോമൻസ്, റമദാൻ പ്രഭാഷണം, ഖുർആൻ പാരായണം എന്നിവയാണ് സംഘടിപ്പിക്കുന്നത്. കൂടാതെ റമദാൻ ബസാർ, ഫാമിലി ഇന്ററാക്റ്റീവ് സോൺ, ഗരൻഗാവോ ആഘോഷങ്ങൾ, പാചകം, കഥപറച്ചിൽ, നക്ഷത്ര നിരീക്ഷണം തുടങ്ങി റമദാനിലുടനീളം സജീവമായ നിലനിർത്താൻ നിരവധി പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ത്രോബാക്ക് ഫുഡ് ഫെസ്റ്റിവൽ:
ഓൾഡ് ദോഹ പോർട്ടിൽ സംഘടിപ്പിക്കുന്ന ത്രോബാക്ക് ഫുഡ് ഫെസ്റ്റിവൽ 1970 -80 കാലഘട്ടങ്ങളിലെ രുചികരമായ വിഭവങ്ങൾ പുനരവതരിപ്പിക്കുന്നു. ഞായർ -ബുധൻ ദിവസങ്ങളിൽ വൈകീട്ട് 5.30 മുതൽ പുലർച്ചെ രണ്ടുവരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് 5.30 മുതൽ പുലർച്ചെ മൂന്നുവരെയും പ്രവർത്തിക്കും.
മുശൈരിബ് ഡൗൺടൗൺ
ബറാഹത്ത് റമദാൻ നൈറ്റ്സ്, ലയാലി മുശൈരിബ് എന്നിവയിലൂടെ സവിശേഷമായ ഇഫ്താർ, സുഹൂർ അനുഭവങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
നൂർ റമദാൻ ലക്ചറുകൾ
ഔഖാഫ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കതാറ കൾച്ചറൽ വില്ലേജിൽ നൂർ റമദാൻ പ്രഭാഷണങ്ങൾ സംഘടിപ്പിക്കും.
ദർബ് അൽ സാഈ
പരമ്പരാഗത ഖത്തറി കരകൗശല വസ്തുക്കളും വസ്ത്രങ്ങളും പ്രദർശിപ്പിക്കുന്ന 'അൽ റസ്ജി' ഇവന്റ് ഇവിടെ നടക്കും.
ഗരൻഗാവോ ആഘോഷങ്ങൾ
സൂഖ് വാഖിഫ്, പേൾ ഐലൻഡ്, ജിവാൻ ഐലൻഡ്, ഓൾഡ് ദോഹ പോർട്ട് എന്നിവിടങ്ങളിൽ വിപുലമായ ഗരംഗാവോ ആഘോഷങ്ങൾ നടക്കും.
പ്രദർശനങ്ങൾ
ഖത്തറിലെ മ്യൂസിയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും റമദാനിൽ പ്രദർശന പരിപാടികൾ സംഘടിപ്പിക്കും. നാഷണൽ മ്യൂസിയം ഓഫ് ഖത്തർ, 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം എന്നിവിടങ്ങളിൽ വൈവിധ്യമാർന്ന കലാ -കായിക പ്രദർശനങ്ങൾ റമദാനിലും തുടരും.
--കായിക മത്സരങ്ങൾ: റമദാൻ മാസത്തിൽ ഖത്തർ നിരവധി കായിക മത്സരങ്ങൾക്കും ഖത്തർ വേദിയാകും. ഖത്തർ എക്സോൺ മൊബിൽ ഓപ്പൺ 2026, സ്ക്വാഷ് ടൂർണമെന്, അൽ ഷഖബ് കപ്പ് എന്നിവയും ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ ടൊയോട്ട ജി.ആർ യാരിസ് ഖത്തർ സീസൺ 2 മോട്ടോർ സ്പോർട്സിനും റമദാനിൽ വേദിയാകും. ദോഹ ഇന്റർനാഷണൽ ബാസ്കറ്റ്ബാൾ ടൂർണമെന്റും ഫിബ വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾക്കും റമദാനിൽ വേദിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

