റമദാൻ ആരംഭം മാർച്ച് ഒന്നിനാകുമെന്ന് പ്രവചനം
text_fieldsദോഹ: പുതിയ ഹിജ്റ വർഷം (ഹി. 1446) ആരംഭിച്ചതോടെ ഖത്തറിൽ അടുത്ത റമദാനും ഈദ് ദിവസങ്ങളും പ്രവചിച്ച് ഖത്തർ കലണ്ടർ ഹൗസിലെ വിദഗ്ധർ. ജ്യോതിശാസ്ത്ര പ്രകാരം 2025 മാർച്ച് ഒന്നിനായിരിക്കും റമദാൻ വ്രതാരംഭമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. 2024 ജൂലൈ ഏഴ് പുതിയ ഹിജ്റ വർഷത്തിലെ ആദ്യ ദിനമാണെന്നും ഖത്തർ കലണ്ടർ ഹൗസ് വ്യക്തമാക്കി. അതേസമയം, റമദാൻ മാസം ശവ്വാൽ മാസവും പ്രഖ്യാപിക്കാനുള്ള അധികാരം രാജ്യത്തെ ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ മാസപ്പിറവി സമിതിക്ക് മാത്രമായിരിക്കും. മാസപ്പിറവിയും ജ്യോതിശാസ്ത്ര കണക്കുകളും അടിസ്ഥാനമാക്കി ശവ്വാൽ ഒന്നിന് ആഘോഷിക്കുന്ന ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) 2025 മാർച്ച് 30 ഞായറാഴ്ചയോ മാർച്ച് 31 തിങ്കളാഴ്ചയോ പ്രതീക്ഷിക്കുന്നതായും കലണ്ടർ ഹൗസ് അറിയിച്ചു.

