ലോകോത്തര ത്രീഡി പ്രിന്റ് നിർമാണവുമായി ഖത്തർ
text_fieldsത്രീ ഡി പ്രിന്റിങ് നിർമാണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിൽ കമ്പനി പ്രതിനിധികൾ പ്രിന്റ് മാതൃകക്കൊപ്പം
ദോഹ: നിർമാണ മേഖലയിലെ പുത്തൻ സാങ്കേതിക വിദ്യയായ ത്രീഡി പ്രിന്റിങ്ങിൽ നിർണായക ചുവടുവെപ്പുമായി ഖത്തർ. ലോകത്തെ ഏറ്റവും വലിയ ത്രീഡി പ്രിന്റിങ് നിർമാണ പദ്ധതിയാണ് ഖത്തറിന്റെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലും, നിർമാതാക്കളായ യു.സി.സി ഹോൾഡിങ്ങും ചേർന്ന് പ്രഖ്യാപിച്ചത്.
അഷ്ഗാലിനു കീഴിലെ 14 പൊതു സ്കൂൾ കെട്ടിടങ്ങളുടെ നിർമാണങ്ങളിൽ രണ്ട് സ്കൂളുകൾ ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂർത്തിയാക്കാനാണ് പദ്ധതി. ലോകത്തെ തന്നെ ഏറ്റവും വലിയ ത്രീ ഡി നിർമാണ പദ്ധതിയായി ഇത് മാറും.
20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള രണ്ട് സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിലൂടെ 40,000 ചതുരശ്ര മീറ്ററാണ് പൂർത്തിയാക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ത്രീഡി പ്രിന്ററിങ് നിർമിത കെട്ടിടത്തിന്റെ 40 മടങ്ങ് വലുപ്പം വരും ഖത്തറിലെ പുതിയ പദ്ധതിക്ക്. 100 മീറ്റർ വരെ വലുപ്പമുള്ള സ്ഥലത്തായാണ് രണ്ടു നില കെട്ടിടങ്ങൾ പൂർത്തിയാക്കുക. ഇത്തരത്തിൽ രണ്ട് സ്കൂളുകളാണ് ത്രീഡി പ്രിന്റിങ് ടെക്നോളജി വഴി നിർമിക്കുന്നത്. ത്രീ ഡി പ്രിന്റിങ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിർമാണങ്ങൾക്ക് നേതൃത്വം നൽകുന്ന ഡെന്മാർക് ആസ്ഥാനമായ കോഡോബ് കമ്പനിയാണ് സാങ്കേതിക സഹായം നൽകുന്നത്. 50 മീറ്റർ നീളവും, 30 മീറ്റർ വീതിയുമുള്ള ബോഡ്എക്സ്.എൽ പ്രിന്ററിന് 15 മീറ്റർ ഉയരവുമുണ്ട്. ബോയിങ് 737 വിമാനത്തോളം വരുന്ന ഈ പ്രിന്റർ ലോകത്തെ തന്നെ ഏറ്റവും വലിയ ത്രീഡി പ്രിന്റർ മെഷീനുമാണ്.
നിർമാണ സ്ഥലമൊരുക്കൽ, മെഷീൻ അസംബ്ലി, സിമുലേഷൻ ഉൾപ്പെടെ പ്രവർത്തനങ്ങളുമായി ത്രീഡി പ്രിന്റിങ് പദ്ധതിക്ക് ഔദ്യോഗിക തുടക്കവും കുറിച്ചിട്ടുണ്ട്.
ആർക്കിടെക്റ്റുകൾ, സിവിൽ എൻജിനീയർമാർ, മെറ്റീരിയൽ സയന്റിസ്റ്റുകൾ, പ്രിന്റർ ടെക്നീഷ്യൻമാർ എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിലാണ് യു.സി.സി ഹോൾഡിങ്സ് നിർമാണത്തിന് നേതൃത്വം നൽകുന്നത്.
കഴിഞ്ഞ എട്ട് മാസത്തിനിടെ ദോഹയിൽ ട്രയൽ നിർമാണവും ആരംഭിച്ചിരുന്നു. ഇതിനകം 100ൽ അധികം ടെസ്റ്റ് പ്രിന്റുകളും സംഘം നടത്തി. മേയ് മാസത്തോടെ കോബോഡ് എൻജിനീയർ സംഘത്തിനു കീഴിൽ പരിശീലനവും പൂർത്തിയാക്കിയാണ് ഖത്തറിലെ നിർമാണത്തിലേക്ക് പ്രവേശിക്കുന്നത്.
പരമ്പരാഗത നിർമാണ രീതികളേക്കാൾ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക നേട്ടങ്ങൾ ഉൾക്കൊള്ളുന്നതാണ് ത്രീ ഡി പ്രിന്റിങ് സാങ്കേതിക വിദ്യ. അസംസ്കൃത വസ്തുക്കളുടെ പരമാവധി ഉപയോഗം, നിർമാണ മാലിന്യങ്ങൾ കുറക്കാൻ കഴിയൽ, കോൺക്രീറ്റ് ഉപയോഗം പരിമിതപ്പെടുത്തൽ, കാർബൺ ബഹിർഗമനം കുറക്കൽ, ഗതാഗത ചെലവ് കുറവ് എന്നിവ മറ്റു നേട്ടങ്ങളാണ്.
ഇതോടൊപ്പം, ഏത് സാഹചര്യത്തിലും എളുപ്പത്തിലുള്ള നിർമാണത്തിനും വഴിതുറക്കുന്നത് ഖത്തറിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും അടിസ്ഥാന സൗകര്യ വികസനത്തിലും നിർണായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

