ലോക ഗെയിംസിന് യോഗ്യത നേടി ഖത്തർ ബീച്ച് ഹാൻഡ്ബാൾ ടീം
text_fieldsഖത്തർ ബീച്ച് ഹാൻഡ് ബാൾ ടീം
ദോഹ: അടുത്ത വർഷം നടക്കുന്ന ലോക ഗെയിംസിന് യോഗ്യത നേടി ഖത്തർ ബീച്ച് ഹാൻഡ് ബാൾ ടീം. ചൈനയിലെ പിങ്ടാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ പത്താം സ്ഥാനത്തായെങ്കിലും ആദ്യ 12 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തവരിൽ അവരവരുടെ ഭൂഖണ്ഡത്തിലെ മികച്ച ടീമുകൾ ലോക ഗെയിംസിന് യോഗ്യത നേടുമെന്ന വ്യവസ്ഥയാണ് ഖത്തറിന് തുണയായത്.
ലോക ഗെയിംസിലെ പുരുഷന്മാരുടെ ബീച്ച് ഹാൻഡ് ബാളിൽ ആതിഥേയരായ ചൈനക്കും ഖത്തറിനും പുറമെ, ക്രൊയേഷ്യ, ഡെൻമാർക്ക്, പോർചുഗൽ, ജർമനി, ബ്രസീൽ, തുനീഷ്യ എന്നീ രാജ്യങ്ങൾ മത്സരിക്കും. വനിത വിഭാഗത്തിൽ ചൈന, ജർമനി, അർജന്റീന, നെതർലൻഡ്സ്, ഡെൻമാർക്ക്, വിയറ്റ്നാം, സ്പെയിൻ, പോർചുഗൽ എന്നീ രാജ്യങ്ങളാണ് യോഗ്യത നേടിയത്.
2025 ആഗസ്റ്റ് ഏഴുമുതൽ 17 വരെ ചൈനയിലെ ചെങ്ഡുവിലാണ് 12ാമത് വേൾഡ് ഗെയിംസ്. 100 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 3600ലധികം കായികതാരങ്ങൾ 34 ഇനങ്ങളിൽ ഇവിടെ മാറ്റുരക്കും. ആറ് തവണ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തർ പിങ് ടാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ പ്രാഥമിക ഘട്ടം അതിജീവിച്ചെങ്കിലും പ്രധാന റൗണ്ടിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. തുടർന്ന് ഒമ്പതാം സ്ഥാനത്തിനായുള്ള ക്ലാസിഫിക്കേഷൻ മത്സരത്തിലും ഉറുഗ്വായോട് തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

