ഖത്തർ ആക്രമണം: ഇസ്രായേൽ ഡെപ്യൂട്ടി അംബാസിഡറെ വിളിച്ചുവരുത്തി യു.എ.ഇ
text_fieldsദുബൈ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഇസ്രായേലിന്‍റെ ഡെപ്യൂട്ടി അംബാസിഡറെ വിളിച്ചുവരുത്തി യു.എ.ഇ. യു.എ.ഇയുടെ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയാണ് ഇസ്രായേൽ ഡെപ്യൂട്ടി അംബാസിഡർ ഡേവിഡ് അഹദ് ഹൊർസാന്‍റിയെ വിളിച്ചുവരുത്തി ദോഹ ആക്രമണത്തിലും തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നടത്തിയ പ്രസ്താവനയിലും ശക്തമായ പ്രതിഷേധം അറിയിച്ചത്. ഖത്തറിനെതിരെ ഇസ്രായോൽ നടത്തിയത് ഭീരുത്വപരമായ ആക്രമണമാണെന്ന് റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു. നിരുത്തരവാദപരമായ ഈ ആക്രമണം ഖത്തറിന്‍റെ പരമാധികാരത്തിന് മേലുള്ള നഗ്നമായ ലംഘനമാണ്. അന്താരാഷ്ട്ര നിയമത്തിനും യു.എൻ ചാർട്ടറിനും നേരെയുള്ള ഗുരുതരമായ ആക്രമണം പ്രാദേശിക, അന്തർദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്. ഖത്തറിന്‍റെ സുരക്ഷയും സ്ഥിരതയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ സുരക്ഷയുടെയും സ്ഥിരതയുടെയും അവിഭാജ്യ ഘടകമാണെന്നും അൽ ഹാഷിമി പറഞ്ഞു. ഗൾഫ് രാജ്യങ്ങൾക്കു നേരെയുള്ള ഏത് ആക്രമണവും ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ സുരക്ഷ സംവിധാനത്തിന് നേരെയുള്ള ആക്രമണമായി വിലയിരുത്തും.
പ്രകോപനപരവും ആക്രമണപരവുമായ സമീപനങ്ങളും പ്രസ്താവനകളും സ്ഥിരതയും സമാധാനവും കൈവരിക്കാനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുകയും മേഖലയെ ഗുരുതരമായ പാതയിലേക്ക് തള്ളിവിടുകയും ചെയ്യും. ഇത്തരം നടപടികൾ ഒരിക്കലും അംഗീകാരിക്കാനാവില്ലെന്നും അൽ ഹാഷിമി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

