യു.എൻ അഭയാർഥി ഹൈകമീഷന് ഖത്തർ സഹായം
text_fieldsദോഹ: ഐക്യരാഷ്ട്ര സഭ അഭയാർഥി ഹൈകമീഷണറിന് (യു.എൻ.എച്ച്.സി.ആർ) മൾട്ടി ഇയർ ഡൊണേഷൻ പ്രഖ്യാപനവുമായി ഖത്തർ.
യു.എൻ.എച്ച്.സി.ആറിന് 2018ൽ പ്രഖ്യാപിച്ചതിെൻറ തുടർച്ച എന്ന നിലയിലാണ് പുതിയ പ്രഖ്യാപനം. ഈ വർഷത്തെ ഖത്തർ പൊതുബജറ്റിൽ 40 ലക്ഷം ഡോളറും അടുത്ത വർഷത്തെ ബജറ്റിൽ 40 ലക്ഷം ഡോളറും ഖത്തർ യു.എൻ.എച്ച്.സി.ആറിലേക്ക് സംഭാവന നൽകും. ഖത്തറിെൻറ മാനുഷിക ഉത്തരവാദിത്തത്തിെൻറയും അന്താരാഷ്ട്ര ഐക്യദാർഢ്യത്തിെൻറയും പ്രതിബദ്ധതയുടെ ഭാഗമായാണ് സാമ്പത്തികസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേയുള്ളത് ഉൾപ്പെടെ നാല് ഘട്ടങ്ങളിലായി 16 ദശലക്ഷം ഡോളറാണ് ഐക്യരാഷ്ട്ര സഭ അഭയാർഥി ഹൈകമീഷണറിലേക്ക് ഖത്തർ നൽകുക.
ജനീവയിലെ ഐക്യരാഷ്ട്ര സഭ ഓഫിസ്, മറ്റു അന്താരാഷ്ട്ര സംഘടനകൾ എന്നിവയിലെ ഖത്തർ സ്ഥിരം സമിതി ചാർജ് ഡി അഫേഴ്സും സ്ഥിരം ഉപപ്രതിനിധിയുമായ ജുഹറ അബ്ദുൽ അസീസ് അൽ സുവൈദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഖത്തറും മനുഷ്യാവകാശ, ദുരിതാശ്വാസ സ്ഥാപനങ്ങളും സംഘടനകളുമെല്ലാം യു.എൻ.എച്ച്.സി.ആറിന് നിരന്തരം പിന്തുണ നൽകുന്നുണ്ടെന്നും വിവിധ പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ദോഹയിൽ യു.എൻ.എച്ച്.സി.ആറിന് ഓഫിസ് ആരംഭിച്ചതായും അവർ പറഞ്ഞു. അന്താരാഷ്ട്ര പ്രതിസന്ധികളെ മറികടക്കാൻ രാജ്യാന്തര സഹകരണവും കൂട്ടായ പ്രവർത്തനങ്ങളും അനിവാര്യമാണെന്നും ഓർമിപ്പിച്ചു.