ഫലസ്തീൻ വിഷയത്തിൽ നീതിപൂർവ പരിഹാരം വേണം -ഖത്തർ
text_fieldsയു.എൻ ജനറൽ അസംബ്ലി സെഷനിൽ തലാൽ അബ്ദുൽ അസീസ് അൽ നാമ സംസാരിക്കുന്നു
ദോഹ: ഫലസ്തീൻ ജനതയുടെ പരമാധികാരത്തിനുള്ള പൂർണ പിന്തുണ ആവർത്തിച്ച് ഖത്തർ. കിഴക്കൻ ജറൂസലമിനെ തലസ്ഥാനമാക്കി 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നത് ഉൾപ്പെടെ, ഫലസ്തീൻ വിഷയത്തിൽ നീതിപൂർവ പരിഹാരം നടപ്പാക്കണമെന്ന നിലപാട് ആവർത്തിച്ചു.
യു.എൻ ജനറൽ അസംബ്ലിയുടെ 80ാം സമ്മേളനത്തിന്റെ രണ്ടാം കമ്മിറ്റിയിൽ കിഴക്കൻ ജറൂസലം ഉൾപ്പെടെ, ഫലസ്തീൻ ജനതയുടെയും സിറിയൻ ഗോലാൻ അറബ് ജനതയുടെയും പരമാധികാരം എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഖത്തറിന്റെ സ്ഥിരം മിഷൻ സെക്കൻഡ് സെക്രട്ടറി തലാൽ അബ്ദുൽ അസീസ് അൽ നാമയാണ് നിലപാട് ആവർത്തിച്ചത്. ഇസ്രായേൽ നടത്തുന്ന സൈനികാധിനിവേശവും കുടിയേറ്റവും ദീർഘകാലമായുള്ള വിവേചനപരമായ ഭരണസംവിധാനവും ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം ഉൾപ്പെടെ മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്നു.
ഫലസ്തീനിലും സിറിയൻ ഗോലാൻ കുന്നുകളിലും ഇസ്രായേലിന്റെ സൈനിക അധിനിവേശം അവസാനിപ്പിക്കണം. ഇത് മേഖലയിലെ സാമൂഹിക -സാമ്പത്തിക വികസനത്തിലും ജീവിത സാഹചര്യങ്ങളിലും പ്രതികൂല സാഹചര്യമുണ്ടാക്കുന്നു. കഴിഞ്ഞ വർഷം അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച ഉപദേശക അഭിപ്രായം യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അധിനിവേശത്തിന്റെ നിയമവിരുദ്ധ നടപടികൾ ചൂണ്ടിക്കാണിക്കുന്നതും അവസാനിപ്പിക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെടുന്നതുമായിരുന്നു ഈ നിർദേശം.
നിയന്ത്രണങ്ങൾക്കിടയിലും ഗസ്സയിലെ ജനതക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ നൽകാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷണം, മെഡിക്കൽ സാമഗ്രികൾ, ഫീൽഡ് ആശുപത്രികൾ തുടങ്ങി പരിക്കേറ്റവർക്കും രോഗികൾക്കുമുള്ള ചികിത്സ ഉൾപ്പെടെ ആവശ്യമായ അടിയന്തര സഹായങ്ങളെത്തിച്ചു. ഈജിപ്ത്, തുർക്കിയ, യു.എസ് തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഗസ്സയിൽ വെടിനിർത്തലിന്റെ ഭാഗമായെന്നും അടിയന്തര ആവശ്യങ്ങൾ നിറവേറ്റാനും ഗസ്സയിലെ ഫലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കാനും ഖത്തർ മാനുഷിക സഹായം തുടർന്നും എത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

