ഗസ്സക്ക് ഇന്ധനവുമായി ഖത്തർ
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: വെടിനിർത്തൽ പ്രഖ്യാപനം നിലവിൽ വന്ന് സമാധാന ജീവിതത്തിലേക്ക് നീങ്ങുന്ന ഗസ്സക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് ഖത്തർ. യുദ്ധം ദുരിതത്തിലാക്കിയ നാടിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കായി ഇന്ധന വിതരണത്തിന് തിങ്കളാഴ്ച തുടക്കം കുറിച്ചു. പ്രതിദിനം 12.50 ലക്ഷം ലിറ്റർ എന്ന നിലയിൽ പത്തു ദിവസം കൊണ്ട് 1.25 കോടി ലിറ്റർ ഇന്ധനം ഗസ്സയിലെത്തിക്കും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരമാണ് ലാൻഡ് ബ്രിഡ്ജ് സ്ഥാപിച്ച് തിങ്കളാഴ്ച മുതൽ ഇന്ധന വിതരണത്തിന് തുടക്കം കുറിച്ചത്.
ഈജിപ്തിനും ഗസ്സക്കുമിടയിലെ കരിം സലിം ക്രോസിങ് വഴി ആദ്യ ദിനം 25 ട്രക്കുകളിലായി ഗസ്സയിലേക്ക് ഇന്ധനമെത്തിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആശുപത്രികൾ, അഭയാർഥി ക്യാമ്പുകൾ ഉൾപ്പെടെ താമസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഉൽപാദനത്തിനായാണ് ഇന്ധനമെത്തിക്കുന്നത്.
ഫലസ്തീൻ സഹോദരങ്ങളുടെ ദുരിതങ്ങളകറ്റി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയെന്ന ശക്തമായ നിലപാടിന്റെ തുടർച്ചയാണ് ലാൻഡ് ബ്രിഡ്ജ് വഴിയുള്ള അടിയന്തര സഹായനീക്കമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് പറഞ്ഞു. അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ തുടരുമെന്നും അവർ വ്യക്തമാക്കി.
ഖത്തർ ചാരിറ്റി നേതൃത്വത്തിൽ ഗസ്സയിലേക്കുള്ള സഹായ വസ്തുക്കൾ ജോർഡനിൽ തയാറാക്കുന്നു
വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് അതിർത്തികൾ തുറന്നതിനു പിന്നാലെ ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ ജോർഡൻ വഴിയുള്ള സഹായ വാഹന വ്യൂഹവും ഗസ്സയിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ്. ജോർഡനിലെത്തിയ ഖത്തർ ചാരിറ്റി സംഘം ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ വസ്തുക്കളടങ്ങിയ വാഹനവ്യൂഹം സജ്ജമാക്കുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചു. വെടിനിർത്തൽ കരാർ പ്രകാരമുള്ള അടിയന്തര സഹായമെന്ന നിലയിലാണ് ജോർഡനുമായി സഹകരിച്ച് മാനുഷിക സഹായമെത്തിക്കുന്നത്.
15 മാസം നീണ്ടു നിന്ന യുദ്ധത്തിലൂടെ ഗസ്സയിലെ വൈദ്യുതി വിതരണ സംവിധാനങ്ങൾ പാടേ തകർന്നതായാണ് റിപ്പോർട്ടുകൾ. ഗസ്സ ഇലക്ട്രിസിറ്റിയുടെ വൈദ്യുതി സ്റ്റേഷനുകൾ, ഡിപ്പോ, വാഹനങ്ങൾ എന്നിവ ഉൾപ്പെടെ 80 ശതമാനം അടിസ്ഥാന സൗകര്യങ്ങളും നശിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

