സന്ദർശകരുടെ പ്രിയ കേന്ദ്രമായി ഖത്തർ
text_fieldsസന്ദർശകരുടെ പ്രിയ കേന്ദ്രമായി മാറിയ സൂഖ് മിന
ദോഹ: സാംസ്കാരിക പൈതൃകവും പുതുമയേറിയ നിർമിതികളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമെല്ലാം ഖത്തറിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി റിപ്പോർട്ട്. ലോകകപ്പ് അവസാനിച്ചശേഷം, കഴിഞ്ഞ ഏതാനും മാസങ്ങൾ ഈദ് അവധി ഉൾപ്പെടെയുള്ള വേളകളിൽ ഖത്തറിന്റെ വിവിധ മേഖലകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്നതായി വിശദീകരിക്കുന്നു.
ചെറിയ പെരുന്നാൾ ആഘോഷ പരിപാടികളുടെ ഭാഗമായി ലുസൈൽ നഗരവും ദോഹ നഗരവും ചുറ്റിക്കണ്ട സന്ദർശകരിലധികവും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നുവെന്ന് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരിൽ വീണ്ടും ഖത്തർ സന്ദർശിക്കുന്നവരുമുണ്ടായിരുന്നു. വിവിധ രാജ്യക്കാരായി ജി.സി.സി രാജ്യങ്ങളിൽ കഴിയുന്നവരും അവധി ആഘോഷത്തിനുള്ള സന്ദർശക പട്ടികയിൽ ഖത്തറിനെ ഉൾപ്പെടുത്തി.
സന്ദർശകരെ ആകർഷിക്കുന്ന ചില പ്രത്യേകതകൾ ഖത്തറിനുണ്ടെന്നായിരുന്നു ഇന്ത്യക്കാരിയായ സൗദി അറേബ്യൻ താമസക്കാരി രശ്മി മോഹൻ പ്രാദേശിക പത്രത്തോട് പറഞ്ഞത്. ഇത് രണ്ടാം തവണയാണ് രശ്മി മോഹൻ ഖത്തറിലെത്തുന്നത്. ലോകകപ്പ് സമയത്തും അവർ ഖത്തറിലെത്തുകയും ഇവിടുത്തെ സൗകര്യങ്ങളും സംവിധാനങ്ങളും അടുത്തറിയുകയും ആസ്വദിക്കുകയും ചെയ്തിരുന്നുവെന്നും വ്യക്തമാക്കി.
ലോകകപ്പ് പോലെയൊരു മെഗാ കായിക ചാമ്പ്യൻഷിപ് ഖത്തറിനെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ പ്രതിഷ്ഠിച്ചതായാണ് സന്ദർശകർ സാക്ഷ്യപ്പെടുത്തുന്നത്. കതാറയിലും സൂഖിലും ലുസൈൽ ബൊളെവാഡിലും അൽഖോറിലെ പാണ്ട ഹൗസിലും ഈ അവധിക്കാലത്ത് സന്ദർശനം നടത്തി. ദോഹയിൽ തനത് ഭക്ഷണവും ആകർഷകമായ കെട്ടിടങ്ങളും അനുഭവിച്ചറിയാൻ സാധിച്ചുവെന്ന് ബഹ്റൈനിൽ നിന്നെത്തിയ ഇബ്റാഹിം ലത്തീഫ് പറയുന്നു.
2030ഓടെ പ്രതിവർഷം 60 ലക്ഷം സന്ദർശകരെ സ്വാഗതം ചെയ്യാനൊരുങ്ങുകയാണ് ഖത്തർ. വിനോദസഞ്ചാരമേഖലയിൽ നിന്നും രാജ്യത്തിന്റെ ജി.ഡി.പിയിലേക്കുള്ള സംഭാവന 12 ശതമാനമായി ഉയരുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നുണ്ട്. വൈവിധ്യമാർന്ന അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തുയർന്നുവരുമ്പോൾ കൂടുതൽ വിനോദസഞ്ചാര പ്രവർത്തനം നടക്കുമെന്നാണ് പ്രതീക്ഷ. തീർച്ചയായും ഖത്തറിൽ ഇനിയും വരുമെന്ന് പറയുന്നത് സൗദി അറേബ്യയിൽ നിന്നുള്ള പൗരനാണ്. വ്യത്യസ്തവും വൈവിധ്യവുമായ അടിസ്ഥാന സൗകര്യങ്ങളും ആധുനിക സൗകര്യങ്ങളുള്ളതുമായ ഖത്തർ ഏതൊരാളും സന്ദർശിച്ചിരിക്കേണ്ടതാണെന്നും ഒരു സഞ്ചാരിയെ സംബന്ധിച്ച് ഖത്തറിലെ ഓരോ വിനോദ വാണിജ്യ കേന്ദ്രവും വിസ്മയം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ് ടൂറിസം, സ്പോർട്സ് എന്നിവയിലെ മുൻനിര കേന്ദ്രങ്ങളിലൊന്നായി മാറാനുള്ള തയാറെടുപ്പുകളുമായി രംഗത്തുള്ള ഖത്തർ ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി സഞ്ചാരികളെയാണ് ആകർഷിച്ചത്. ഫിഫ ലോകകപ്പ് കാലയളവിൽ മാത്രം ഖത്തറിൽ രണ്ട് ദശലക്ഷത്തോളം സന്ദർശകരാണെത്തിയത്. ആധുനിക അടിസ്ഥാന സൗകര്യങ്ങളും വാർഷിക ആസൂത്രണ പ്രവർത്തനങ്ങളും സന്ദർശകരെ ഖത്തറിലേക്ക് ആകർഷിക്കുമെന്ന് വിദഗ്ധരും വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

