സൈനിക പഠനത്തിന് യൂനിവേഴ്സിറ്റി ഒരുങ്ങുന്നു
text_fieldsദോഹ: സൈനിക പഠനത്തിന് പുതിയ യൂനിവേഴ്സിറ്റി പ്രഖ്യാപിച്ച് ഖത്തർ സായുധ സേന. സൈനിക -സാങ്കേതിക വിദ്യാലയങ്ങളെയും സ്ഥാപനങ്ങളെയും ഒരു പ്ലാറ്റ്ഫോമിനു കീഴിൽ കൊണ്ടുവരുന്നതിനായി ‘തമീം ബിൻ ഹമദ് യൂനിവേഴ്സിറ്റി ഫോർ മിലിറ്ററി ആൻഡ് ടെക്നോളജി സയൻസസ്’ സ്ഥാപിക്കുമെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സാന്നിധ്യത്തിൽ നടന്ന സൈനിക കോളജുകളുടെ സംയുക്ത ബിരുദദാന ചടങ്ങിൽ, ഖത്തർ സായുധ സേന പ്രഖ്യാപിച്ചു. സൈനിക കോളജുകളുടെയും സ്ഥാപനങ്ങളുടെയും തനിമയും പ്രത്യേകതകളും നിലനിർത്തിക്കൊണ്ടുതന്നെ, സൈനിക സ്ഥാപനങ്ങൾക്കിടയിൽ മികച്ച അക്കാദമിക് ഏകോപനവും സംയോജനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂനിവേഴിസിറ്റി സ്ഥാപിക്കുന്നത്.
ശാസ്ത്ര-സാങ്കേതിക രംഗത്തെ മാറ്റങ്ങൾക്കനുസൃതമായി സൈനിക വിദ്യാഭ്യാസത്തെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് ലക്ഷ്യം. പ്രമുഖ സൈനിക കോളജുകളുടെ അനുഭവസമ്പത്തും മികവും പ്രയോജനപ്പെടുത്തി ദേശീയ സൈനിക ശേഷി വർധിപ്പിക്കാനും ഇതിലൂടെ രാജ്യത്തിന്റെ സുരക്ഷാ -പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും സാധിക്കും.
അഹമ്മദ് ബിൻ മുഹമ്മദ് മിലിറ്ററി കോളജ്, മുഹമ്മദ് ബിൻ ഗനിം അൽ ഗനീം നേവൽ അക്കാദമി, അൽ സഈം മുഹമ്മദ് ബിൻ അബ്ദുല്ല അൽ അതിയ്യ എയർ കോളജ്, സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ, മിലിറ്ററി ടെക്നിക്കൽ കോളജ്, സൈബർ സ്പേസ് അക്കാദമി തുടങ്ങി നിരവധി സൈനിക അക്കാദമിക് സ്ഥാപനങ്ങൾ സർവകലാശാലയിൽ ഉൾപ്പെടും. രാജ്യത്തെ സേവിക്കാൻ ഉന്നത യോഗ്യതയുള്ള സൈനിക ഉദ്യോഗസ്ഥരെ വാർത്തെടുക്കാനും ആധുനിക സാങ്കേതിക നേട്ടങ്ങളെ സൈനിക വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കാനും സർവകലാശാലയുടെ രൂപീകരണത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

