ഖത്തർ-അർജന്റീന-ചിലി സാംസ്കാരിക വർഷത്തിന് തുടക്കം
text_fieldsഖത്തർ-അർജന്റീന-ചിലി സാംസ്കാരിക വർഷം ഉദ്ഘാടനം ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ നിർവഹിക്കുന്നു
ദോഹ: സൗഹൃദ രാജ്യങ്ങളുമായി സാംസ്കാരിക വർഷങ്ങൾ ആഘോഷമാക്കുന്ന ഖത്തറുമായി ഇത്തവണ കൈകോർക്കുന്നത് തെക്കനമേരിക്കൻ രാജ്യങ്ങളായ അർജന്റീനയും ചിലിയും. മുൻ വർഷങ്ങളിൽ മൊറോക്കോ, ഇന്തോനേഷ്യ, മിഡിൽഈസ്റ്റ്, നോർത്ത് ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യൻ തുടങ്ങിയ വിവിധ രാജ്യങ്ങളുമായി ചേർന്ന് മുൻകാലങ്ങളിൽ നടന്ന ആഘോഷങ്ങളുടെ തുടർച്ചയായി 2025ൽ ഖത്തർ-അർജന്റീന-ചിലി സാംസ്കാരിക വർഷത്തിന് കൊടിയേറി. ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി നിർവഹിച്ചു. ഖത്തറിൽനിന്നും വിദേശത്ത് നിന്നുമുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ, നയതന്ത്ര ഉദ്യോഗസ്ഥർ, അതിഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഖത്തർ നാഷനൽ മ്യൂസിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സാംസ്കാരിക വർഷം ഉദ്ഘാടനത്തോടനുബന്ധിച്ച് മിഡിലീസ്റ്റും ലാറ്റിൻ അമേരിക്കയും തമ്മിലുള്ള ആഴമേറിയ ബന്ധങ്ങൾ ചൂണ്ടിക്കാട്ടി സാംസ്കാരിക ആഘോഷ പരിപാടികളും നടന്നു. പരസ്പര ധാരണയിലും ബഹുമാനത്തിലും വേരൂന്നിയ ദീർഘകാല സാംസ്കാരിക പങ്കാളിത്തത്തിലൂടെ ഖത്തറും മറ്റു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ആഘോഷിക്കുന്ന ദേശീയ സംരംഭമാണ് സാംസ്കാരിക വർഷ പരിപാടികൾ. പ്രദർശനങ്ങൾ, കായിക, പാചക പരിപാടികൾ, ഫോട്ടോഗ്രഫി പ്രോജക്ടുകൾ, റെസിഡൻസി സ്കീമുകൾ, വളന്റിയർ യാത്രകൾ എന്നിവ ഈ വർഷത്തെ സാംസ്കാരിക വർഷ പരിപാടികളിൽ ഉൾപ്പെടുന്നു.
ഖത്തറും അർജന്റീനയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും സഹകരണം വളർത്തുന്നതിനുമുള്ള മികച്ച അവസരമാണ് സാംസ്കാരിക വർഷമെന്ന് ഖത്തറിലെ അർജന്റൈൻ അംബാസഡർ ഗിലെർമോ നിക്കോളസ് പറഞ്ഞു. ലാറ്റിനമേരിക്കയുടെ വൈവിധ്യത്തെ ആഘോഷിക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു. ഖത്തറും ചിലിയും തമ്മിലുള്ള സാംസ്കാരിക നയതന്ത്രത്തിലെ ഒരു നാഴികക്കല്ലാണ് ഈ ആഘോഷമെന്ന് ചിലി സ്ഥാനപതി ഹെപാട്രീഷ്യോ ഡിയാസ് ബ്രൂട്ടൻ പറഞ്ഞു. ഗൾഫ് മേഖലയിലെ പുതിയ പ്രേക്ഷകരുമായി നമ്മുടെ കലകളിലും പാരമ്പര്യങ്ങളിലും ഉൾക്കൊള്ളുന്ന ചിലിയുടെ ആത്മാവ് പങ്കിടാൻ അനുവദിക്കുന്നതാണ് ഇത്തരം ആഘോഷങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാറ്റിനമേരിക്കയുടെ കലാ വിശേഷങ്ങളുമായി ലാറ്റിനോമെറിക്കാനോ പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനും പരിപാടി സാക്ഷ്യം വഹിച്ചു. ലാറ്റിനമേരിക്കയുടെ ആധുനികവും സമകാലികവുമായ കലകളെ പരിചയപ്പെടുത്തുന്ന പശ്ചിമേഷ്യ, ഉത്തരാഫ്രിക്ക മേഖലയിലെ ആദ്യത്തെ പ്രദർശനം ജൂലൈ 19 വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

