കതാറ അറബിക് നോവൽ പ്രൈസ് വിജയികളെ പ്രഖ്യാപിച്ചു
text_fieldsകതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ 11ാമത് അറബിക് നോവൽ പ്രൈസ് പുരസ്കാര വിജയികളെ പ്രഖ്യാപിച്ചപ്പോൾ
ദോഹ: കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ 11ാമത് അറബിക് നോവൽ പ്രൈസ് പുരസ്കാരം പ്രഖ്യാപിച്ചു. പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ നോവലുകള്‍, ഗവേഷണപഠനങ്ങള്‍ എന്നിവയുൾപ്പെടെ അറബ് ലോകത്തെ മിക്ക രാജ്യങ്ങളില്‍ നിന്നും ലഭിച്ച അപേക്ഷകളിൽനിന്നാണ് വിജയികളെ കണ്ടെത്തിയത്. കതാറ പ്രൈസ് പുരസ്കാര മത്സരത്തിലേക്ക് ആകെ 1908 കൃതികളാണ് ലഭിച്ചത്. ഇതിൽ നിന്ന് 44 നോവലുകളും ഒമ്പത് നിരൂപണ പഠനങ്ങളുമാണ് മത്സരത്തിനായുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.
കതാറ ഓപ്പറ ഹൗസിൽ നടന്ന ചടങ്ങിൽ സംസാരിച്ച കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി, പുരസ്കാരം നേടിയ എല്ലാവരെയും അഭിനന്ദിച്ചു. നോവൽ വിഭാഗത്തിൽ സംഘടിപ്പിക്കുന്ന പ്രധാനപ്പെട്ട അറബ് വേദിയായി മാറിയെന്നും പ്രാദേശിക-അന്തർദേശീയ തലത്തിൽ അതിന്റെ സാന്നിധ്യം വർധിപ്പിക്കാനും പുരസ്കാരത്തിന് കഴിഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ, ഏകദേശം 17,110 എഴുത്തുകാർ പുരസ്കാരത്തിനായി അപേക്ഷിച്ചെന്നും അതിൽ ആറ് വിഭാഗങ്ങളിലായി 183 പേർ കതാറ അറബിക് നോവൽ പുരസ്കാരത്തിന് അർഹരായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധി മന്ത്രിമാർ, അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, എഴുത്തുകാർ, മാധ്യമപ്രവർത്തകർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അറബിക് നോവൽ വിഭാഗത്തിലെ വിജയികൾ, നോവലുകൾ: ഹാമിദ് അൽ-റുഖൈമി (യമൻ) -ബ്ലൈൻഡ്നെസ് ഓഫ് മെമ്മറി, റൂള ഖാലിദ് മുഹമ്മദ് ഘനിം (ഫലസ്തീൻ) - നോവൽ: എ സൈഗ് ഓഫ് ഫ്രീഡം, മുഹമ്മദ് ജബൈതി (ഫലസ്തീൻ) - നോവൽ: ദി കുക്ക് ഹു ഈറ്റ് ഹിസ് ഹാർട്ട്. ഈ വിഭാഗത്തിലെ ഓരോ വിജയിക്കും 30,000 ഡോളർ വീതം സമ്മാനമായി ലഭിക്കും. വിജയിച്ച നോവലുകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യും.
പ്രസിദ്ധീകരിക്കാത്ത നോവൽ വിഭാഗത്തിലെ വിജയികൾ, നോവലുകൾ: അഹമ്മദ് സാബിർ ഹുസൈൻ (ഈജിപ്ത്) - യാഫി, സഅദ് മുഹമ്മദ് (ഇറാഖ്) - ഷാഡോ ഓഫ് ദി സർക്കിൾ, മറിയം ഗോഷ് (ഫലസ്തീൻ) - എ ഡ്രീം ഓൺ ദി ഐലാഷസ് ഓഫ് ഗലീലി. വിജയികൾക്ക് 30,000 ഡോളർ വീതം സമ്മാനമായി ലഭിക്കും. കൂടാതെ, ഈ കൃതികൾ പ്രസിദ്ധീകരിക്കുകയും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുകയും ചെയ്യും. പഠന വിഭാഗത്തിൽ ഡോ. സാമി മുഹമ്മദ് അമീൻ അഹമ്മദ് അൽ ഖൂദാ (ജോർഡൻ), ഡോ. അബ്ദുൽ റസാഖ് അൽ മസ്ബാഹി (മൊറോക്കോ) എന്നിവരുടെ കൃതികൾ വിജയിച്ചു.
യുവ എഴുത്തുകാരുടെ നോവൽ വിഭാഗത്തിൽ റബീഹ് ഫരീദ് മുർഷിദ് (സിറിയ) - ജിമ ആൻഡ് ജുമ ഇൻ ഔർ നോൺ ക്യാപിറ്റൽസ്, സമീറ ബിൻ ഈസ (അൾജീരിയ) -സിവാർ, നൈമ ഫന്നൂ (മൊറോക്കോ) - വിങ്സ് ഓഫ് വുഡൻ എന്നിവരുടെ കൃതികൾ പുരസ്കാരത്തിന് അർഹമായി. വിജയികൾക്ക് 15,000 ഡോളർ വീതം സമ്മാനത്തുക ലഭിക്കും. ഈ നോവലുകൾ പ്രസിദ്ധീകരിക്കും.
ചരിത്ര നോവൽ വിഭാഗത്തിൽ ഒമർ അൽ ജമാലി (ടുണീഷ്യ) ദിയൻ ബീൻ ഫു: എ ഹിസ്റ്ററി ഓഫ് ദൂസ് നെഗ്ലറ്റഡ് ബൈ ഹിസ്റ്ററി എന്ന നോവലും ഖത്തരി നോവൽ വിഭാഗത്തിൽ ഡോ. ഹുദാ അൽ-നൈമി സഫ്രാന എന്ന നോവലും പുരസ്കാരം കരസ്ഥമാക്കി. അറബിക് നോവൽ ഫെസ്റ്റിവൽ ഒക്ടോബർ 19 വരെ വിവിധ പരിപാടികളോടെ നടക്കും. വിവിധതരം സാംസ്കാരിക പരിപാടികൾ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

