കതാറ അറബിക് നോവൽ ഫെസ്റ്റിവൽ ഒക്ടോബർ 13 മുതൽ
text_fieldsദോഹ: കതാറ 11ാമത് അറബിക് നോവൽ ഫെസ്റ്റിവൽ ഒക്ടോബർ 13 മുതൽ 19 വരെ വിവിധ പരിപാടികളോടെ നടക്കും. വിവിധതരം സാംസ്കാരിക പരിപാടികൾ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും. കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ ഈ വർഷത്തെ ഫെസ്റ്റിവലിൽ അതിഥി രാഷ്ട്രമായി സൗദി അറേബ്യയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അന്തരിച്ച സൗദി നയതന്ത്രജ്ഞനും നോവലിസ്റ്റും കവിയുമായ ഗാസി അൽ ഗുസൈബിയെ ഈ വർഷത്തെ വ്യക്തിത്വമായി തിരഞ്ഞെടുത്തു, ഫെസ്റ്റിവലിൽ ബഹുമതി ലഭിച്ചയാളുടെ ജീവിതം, കരിയർ, സാഹിത്യങ്ങൾ എന്നിവ പ്രദർശിപ്പിക്കും.
ഒക്ടോബർ 13ന് കതാറ ഓപ്പറ ഹൗസിൽ അവാർഡ് ദാന ചടങ്ങ് നടക്കുമെന്ന് കതാറ അറബിക് നോവൽ പ്രൈസിന്റെ ജനറൽ സൂപ്പർവൈസർ ഖാലിദ് അബ്ദുൽറഹീം അൽ സയീദ് അറിയിച്ചു.
പ്രസിദ്ധീകരിച്ച നോവലുകൾ, പ്രസിദ്ധീകരിക്കാത്ത നോവലുകൾ, യുവ എഴുത്തുകാരുടെ നോവലുകൾ, ചരിത്ര നോവലുകൾ, ക്രിട്ടിക്കൽ സ്റ്റഡീസ്, ഖത്തറി നോവലുകൾ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലെ വിജയികളെയാണ് ചടങ്ങിൽ ആദരിക്കുന്നത്. ഫെസ്റ്റിവലിനോടനുബന്ധിച്ച് മൂന്നാമത് കതാറ ബുക്ഫെയറും നടക്കും. അറബ് സാഹിത്യ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ നോവൽ മത്സരങ്ങളിൽ ഒന്നായ കതാറ 11ാമത് അറബിക് നോവൽ പ്രൈസ് വിവിധ വിഭാഗങ്ങളിൽ മത്സരിക്കുന്ന കൃതികളുടെ പട്ടിക കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ആഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. ആകെ 44 നോവലുകളും ഒമ്പത് നിരൂപണ പഠനങ്ങളുമാണ് മത്സരത്തിനായുള്ളത്. കതാറ പ്രൈസ് പുരസ്കാര മത്സരത്തിലേക്ക് ആകെ 1908 കൃതികളാണ് ലഭിച്ചത്. ഇതിൽനിന്നാണ് മത്സരിക്കുന്ന കൃതികളുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

