ഗസ്സ പുനർനിർമാണം; അടിയന്തര സഹായപദ്ധതി പ്രഖ്യാപിച്ച് ഖത്തർ
text_fieldsദോഹ: യുദ്ധക്കെടുതി നേരിടുന്ന ഗസ്സയുടെ പുനർനിർമാണത്തിനായി സഹായപദ്ധതി പ്രഖ്യാപിച്ച് ഖത്തർ.
ജോർഡനും ഈജിപ്തും വഴിയാണ് സഹായമെത്തിക്കുക. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശ പ്രകാരമാണ് സഹായവിതരണം. ഈജിപ്തിലെ ശറമുശ്ശൈഖിൽ ചേർന്ന സമാധാന ഉച്ചകോടിക്ക് പിന്നാലെയാണ് ഗസ്സയിലെ ദുരിതബാധിതകർക്ക് കൂടുതൽ സഹായമെത്തിക്കാനുള്ള ഖത്തറിന്റെ തീരുമാനം.
അതിർത്തികൾ വഴി 87,754 ടെന്റുകൾ അറബ് രാജ്യം അടിയന്തരമായി ഗസ്സയിലെത്തിക്കും. 4,36,170 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാൻഡ് ബ്രിജ് ഇനീഷ്യേറ്റീവ് എന്നാണ് പദ്ധതിയുടെ പേര്.
ഖത്തറിൽ നിന്നുള്ള സഹായവസ്തുക്കൾ ആദ്യം ഈജിപ്തിലോ ജോർഡാനിലോ എത്തിക്കും. അവിടെനിന്ന് ട്രക്കുകളിൽ ഗസ്സയിലേക്ക് കൊണ്ടുപോകും. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ടെന്റുകൾ സജ്ജമാക്കുന്നത്. അന്താരാഷ്ട്ര സഹകരണ വകുപ്പു സഹമന്ത്രി മർയം അൽ മിസ്നദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഖത്തർ ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിൻ അഹ്മദ് അൽ കുവാരി, ക്യു.ആർ.സി.എസ് കമ്യൂണിക്കേഷൻ ആൻഡ് റിസോഴ്‌സ് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് അഹമ്മദ് അൽ ബഷ്‌രി, ക്യു.എഫ്.എഫ്.ഡി ഷെയേർഡ് സർവീസസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നാസർ മുഹമ്മദ് അൽ മർസൂഖി എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

