പീസ് കൗൺസിൽ പ്രവർത്തനങ്ങൾക്കായി 100 കോടി യു.എസ് ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ
text_fieldsദോഹ: ഇസ്രായേലിന്റെ സുരക്ഷയും പ്രാദേശിക ഏകീകരണവും ഉറപ്പാക്കുന്നതിനൊപ്പം അന്താരാഷ്ട്ര അംഗീകാരമുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച മിഡിൽ ഈസ്റ്റ് പീസ് കൗൺസിലിന്റെ പ്രവർത്തനങ്ങൾക്കായി ഖത്തർ 100 കോടി യു.എസ് ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ വാഷിങ്ടണിൽ നടന്ന കൗൺസിൽ യോഗത്തിലാണ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പ്രഖ്യാപനം നടത്തിയത്.
സമാധാന ശ്രമങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി, കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് ഖത്തറിന്റെ പിന്തുണ ആവർത്തിച്ചു. മധ്യസ്ഥശ്രമങ്ങൾ ആരംഭിച്ചത് മുതൽ ഖത്തറിന്റെ പിന്തുണയുണ്ടെന്നും, മധ്യസ്ഥ രാഷ്ട്രങ്ങളോടൊപ്പം ചേർന്ന് ശറമുൽശൈഖ് കരാർ ഒപ്പിട്ടത് മുതൽ ചരിത്രനിമിഷങ്ങളിലുടനീളം അത് തുടരുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ദശാബ്ദങ്ങളായി ഈ സംഘർഷം മേഖലക്കും ലോകത്തിനും വലിയ നിഴൽ വീഴ്ത്തിയിട്ടുണ്ട്. നീതിയുക്തവും സമഗ്രവും ശാശ്വതവുമായ ഒരു പരിഹാരത്തിലെത്താൻ കൂട്ടായ ഉത്തരവാദിത്തം ശക്തമാക്കണം.
ഇത് ദുരിതങ്ങൾ അവസാനിപ്പിക്കുകയും സ്ഥിരതയുടെയും സഹവർത്തിത്വത്തിന്റെയും പുതിയൊരു യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്യും -പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി കൂട്ടിച്ചേർത്തു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ, നിശ്ചിത സമയക്രമത്തിനുള്ളിൽ 20 ഇന പദ്ധതി കൗൺസിൽ നടപ്പാക്കുമെന്നും, ഇതിലൂടെ ഫലസ്തീനികൾക്കും ഇസ്രായേലുകാർക്കും നീതിയും നിഷ്പക്ഷതയും ഉറപ്പാക്കുമെന്നും പരസ്പര വിശ്വാസം വളർത്തുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും പുനർനിർമാണ പ്രവർത്തനങ്ങൾക്കും സുസ്ഥിര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും യു.എൻ പങ്കാളികളുമായും പീസ് കൗൺസിലുമായും ചേർന്ന് ഖത്തർ മാനുഷിക -വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

