‘ഖത്തർ ആൻഡ് ദ സ്പോർട് ഓഫ് ദി കിങ്സ്’ പ്രദർശനവുമായി 3-2-1 മ്യൂസിയം
text_fieldsത്രീ ടു വൺ മ്യൂസിയത്തിൽനിന്ന്
ദോഹ: അമീർ വാൾ ഫെസ്റ്റിവൽ 2023നോടനുബന്ധിച്ച് ത്രീ ടു വൺ ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം ഖത്തർ ആൻഡ് ദ സ്പോർട് ഓഫ് ദ കിങ്സ് എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചു.
ഖത്തർ മ്യൂസിയത്തിനു കീഴിലുള്ള 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം കായികശക്തിയും ഒളിമ്പിക് സ്പിരിറ്റും ആഘോഷിക്കുന്ന മേഖലയിലെ തന്നെ ഏറ്റവും നൂതനവും സാങ്കേതികമായി പുരോഗമിച്ചതുമായ മ്യൂസിയങ്ങളിൽ ഒന്നായാണ് അറിയപ്പെടുന്നത്.
ആഗോള തലത്തിൽ ഖത്തറിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി അശ്വാഭ്യാസ ചരിത്രവും വളർച്ചയും ആഘോഷിക്കുന്നതായിരുന്നു ഖത്തർ ആൻഡ് ദ സ്പോർട് ഓഫ് ദ കിങ്സ് പ്രദർശനം. പ്രിക്സ് ഡി എൽ ആർക്ക് ഡി ട്രയോംഫ് ട്രോഫി 2013, പ്യുവർ അറേബ്യൻ സ്റ്റഡ് ബുക്ക് വാല്യം വൺ, ബ്രീഡ് അറേബ്യൻ സ്റ്റാലിയൻ അമെറിന്റെ പാസ്പോർട്ട് തുടങ്ങിയ സവിശേഷമായ വസ്തുക്കൾ പ്രദർശനത്തിനുണ്ടായിരുന്നു.
ഖത്തറിന്റെ സമ്പന്നമായ കുതിരസവാരി ചരിത്രത്തിന്റെ പ്രാധാന്യം അടിവരയിടുന്നതും ഖത്തറിന്റെ കായിക വളർച്ചയിൽ അതിന്റെ സംഭാവനയും പ്രകടമാക്കുന്നതായിരുന്നു പ്രദർശനം. ഖത്തറിന്റെ കായിക ചരിത്രത്തെ ഉയർത്തിക്കാട്ടുന്നതിൽ 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം അഭിമാനിക്കുന്നുവെന്ന് ഡയറക്ടർ അബ്ദുല്ല യൂസുഫ് അൽ മുല്ല പറഞ്ഞു.
കായിക വികസനത്തിലും പ്രോത്സാഹനത്തിലും ഖത്തർ നിർണായക പങ്കു വഹിക്കുന്നതോടൊപ്പം അതിന്റെ സമ്പന്നമായ കായിക ചരിത്രവും ആഗോള തലത്തിൽ അതിന്റെ സ്വാധീനം പ്രദർശിപ്പിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും അൽ മുല്ല കൂട്ടിച്ചേർത്തു.
ആഗോള കായികരംഗത്ത് ഖത്തറിന്റെ സ്വാധീനത്തെക്കുറിച്ച് സന്ദർശകരെയും പൊതുജനങ്ങളെയും ബോധവത്കരിക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 16 മുതൽ 18 വരെ ഖത്തർ റേസിങ് ആൻഡ് ഇക്വസ്ട്രിയൻ ക്ലബിലായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

