ബന്ധം ശക്തമാക്കാൻ ഖത്തറും സൗദിയും ; അൽഉലാ കരാറിെൻറ തുടർനടപടികൾക്കായി ആദ്യ യോഗം റിയാദിൽ തുടങ്ങി
text_fieldsഅൽ ഉലാ ജി.സി.സി സമ്മേളനത്തിനെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിക്കുന്ന (ഫയൽ ചിത്രം)
ദോഹ: ഉപരോധം നീക്കിയതിനുശേഷമുള്ള തുടർകാര്യങ്ങളുമായി ബന്ധപ്പെട്ട ഖത്തരി-സൗദി കമ്മിറ്റിയുടെ ആദ്യയോഗം റിയാദിൽ തുടങ്ങി. സൗദി വിദേശകാര്യ മന്ത്രാലയത്തിലാണ് സുപ്രധാന യോഗം ബുധനാഴ്ച മുതൽ തുടങ്ങിയത്.
മൂന്നര വർഷത്തെ ഖത്തർ ഉപരോധം സൗദിയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ അൽഉലാ കരാറിൽ ഒപ്പുവെച്ചതോടെയാണ് അവസാനിച്ചത്. ഇതിനുശേഷം സൗദിയും ഖത്തറും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നേരത്തേതന്നെ വ്യോമാതിർത്തി, കടൽ ഗതാഗതം എന്നിവ തുടങ്ങിയിരുന്നു. സൗദിയിൽ നടക്കുന്ന യോഗത്തിൽ ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ മേഖലതല വിഭാഗം പ്രത്യേക പ്രതിനിധി അംബാസഡർ അലി ബിൻ ഫഹദ് അൽ ഹജ്രി ആണ് ഖത്തർ സംഘത്തെ നയിക്കുന്നത്.
സൗദി വിദേശകാര്യ മന്ത്രാലയത്തിെൻറ രാഷ്ട്രീയ സാമ്പത്തിക വിഭാഗം അണ്ടർ സെക്രട്ടറി ഈദ് അൽ തഖാഫി ആണ് സൗദി സംഘത്തെ നയിക്കുന്നത്. ഖത്തറിെനതിരായ ഉപരോധം അവസാനിപ്പിച്ച അൽ ഉലാ കരാറിലെ വിവിധ കാര്യങ്ങൾ നടപ്പാക്കുന്നതുമായി ബന്ധെപ്പട്ട രണ്ടു രാഷ്ട്രങ്ങളിലെയും നേതാക്കളുടെ ആഗ്രഹത്തിെൻറ ഫലമായാണ് സംയുക്ത കമ്മിറ്റിയുടെ പ്രവർത്തനം നടക്കുന്നത്. ഉപരോധം അവസാനിച്ചതിനുശേഷം ഖത്തറും സൗദിയുമായുള്ള കര അതിർത്തിവഴിയുള്ള ചരക്കുനീക്കം കഴിഞ്ഞ ഫെബ്രുവരി 14 മുതൽ ആരംഭിച്ചിരുന്നു.
അബൂസംറ അതിർത്തിവഴിയാണ് വാണിജ്യ ചരക്കുഗതാഗതം നടക്കുന്നത്. സൗദിയുമായുള്ള ഖത്തറിെൻറ അതിർത്തിയും ഖത്തറിെൻറ ഏക കര അതിർത്തിയുമാണ് അബൂസംറ. ഉപരോധം അവസാനിച്ചുകഴിഞ്ഞുള്ള ദിനങ്ങളിൽ തന്നെ അബൂസംറ വഴി ഇരുരാജ്യങ്ങളിലേക്കും യാത്രക്കാർ പോക്കുവരവ് തുടങ്ങിയിരുന്നു. നിലവിൽ സൗദിയുടെ വിമാനക്കമ്പനിയായ സൗദിയയും ഖത്തർ എയർവേസും ഇരുരാജ്യങ്ങളിലേക്കും വിമാനസർവിസുകൾ നടത്തുന്നുണ്ട്. അബൂസംറ അതിർത്തി വഴി ഇരുരാജ്യങ്ങളിലേക്കും വാഹനഗതാഗതവും ഉണ്ട്. ഹമദ് തുറമുഖം വഴി വാണിജ്യക്കപ്പലുകൾ നേരേത്തതന്നെ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തെത്തുന്നുണ്ട്. വ്യാപാരബന്ധമടക്കം പൂർവസ്ഥിതിയിലാകുന്നതോടെ ഇരുരാജ്യങ്ങളിലെയും വ്യാപാര മേഖല വൻ പ്രതീക്ഷയിലാണ്.
പ്രതിവർഷം 700 കോടി റിയാലിെൻറ കച്ചവടമാണ് 2017വരെ ഖത്തറുമായി സൗദിക്കുണ്ടായിരുന്നത്. ഇരു അതിർത്തികളോടും ചേർന്നുള്ള പ്രവാസികളുടെ സ്ഥാപനങ്ങൾക്കും പുതിയ സാഹചര്യം നേട്ടമാകും.
റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം, ട്രാവൽസ് തുടങ്ങിയ വിവിധ മേഖലകളിൽ ഉണ്ടായ പ്രതിസന്ധിയും നീങ്ങുകയാണ്. ഹജ്ജ്, ഉംറ തീർഥാടനത്തിന് ഖത്തറിൽ നിന്ന് ട്രാവൽസ് സ്ഥാപനങ്ങൾ പ്രത്യേക പാക്കേജുകളും ഏർപ്പെടുത്തുന്നുണ്ട്. ഇരുരാജ്യങ്ങളിൽ നിന്നും പഴയ രൂപത്തിൽ ആളുകൾ എത്തിത്തുടങ്ങിയതോടെ ഖത്തറിലെ ഹോട്ടൽ മേഖലയും കൂടുതൽ ഉണരുകയാണ്. സൗദിയിൽനിന്ന് ഖത്തറിലേക്ക് വരുന്നവർ യാത്രയുടെ 72 മണിക്കൂർ മുമ്പ് കോവിഡ് പരിശോധന നടത്തണം.
കോവിഡ് ബാധിതനല്ലെന്നുള്ള നെഗറ്റിവ് സർട്ടിഫിക്കറ്റ് യാത്രക്കാരൻ കൂടെ കരുതണം. എല്ലാവരും ഖത്തറിലെത്തിയാലുടൻ ഒരാഴ്ചത്തെ ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. യാത്ര പുറെപ്പടുന്നതിനു മുമ്പുതന്നെ 'ഡിസ്കവർ ഖത്തർ' പോർട്ടൽ വഴി ക്വാറൻറീൻ ഹോട്ടൽ ബുക്ക് ചെയ്തിരിക്കണം. ഖത്തറിൽനിന്ന് അബൂസംറ വഴി സൗദിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ തിരിച്ച് ഖത്തറിൽ എത്തിയാലും ഹോട്ടൽ ക്വാറൻറീനിൽ കഴിയണം.
ഖത്തർ കര അതിർത്തിപങ്കിടുന്ന സൗദിയുടെ ഭാഗമായ അൽഅഹ്സയിലെ ഹോട്ടൽ, അപാർട്ട്മെൻറ് മേഖലയും ഉണർവിലേക്ക് നീങ്ങുകയാണ്. മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് വസ്ത്രങ്ങൾ, ഇലക്ട്രോക്സ് സാധനങ്ങൾ, സ്പെയർപാർട്സുകൾ തുടങ്ങിയവ എത്തിച്ചിരുന്നത് കരമാർഗം ദുബൈയിൽ നിന്നായിരുന്നു. ഈ മേഖലയും പഴയ രൂപത്തിലേക്ക് തിരിച്ചുവരുകയാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
ഉംറ തീർഥാടനം എളുപ്പമാക്കി സൗദിയുടെ പുതിയ തീരുമാനം
ഉംറ തീർഥാടനത്തിനെത്തുന്നവർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമല്ല എന്ന സൗദി അധികൃതരുടെ പുതിയ തീരുമാനം ഖത്തറിൽനിന്നുള്ള തീർഥാടകർക്കും ഏറെ സൗകര്യപ്രദമാകും. ഈ വർഷം റമദാൻ മാസത്തിൽ ഉംറ നടത്താൻ ആഗ്രഹിക്കുന്ന തീർഥാടകർ കോവിഡ് വാക്സിൻ എടുക്കണമെന്ന് നിർബന്ധമില്ലെന്നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
എന്നാൽ റമദാൻ ആരംഭിക്കുന്നതിനു മുമ്പ് ഹജ്ജ്, ഉംറയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന മേഖലകളിലെ മുഴുവൻ ജീവനക്കാരും വാക്സിൻ കുത്തിവെപ്പ് എടുത്തിരിക്കണം. വിസ, വിമാന ടിക്കറ്റ്, മൂന്നോ നാലോ ദിവസത്തെതാമസം, മറ്റു സർവീസുകൾ അടക്കമുള്ള ഉംറ പാക്കേജുകളാണ് ഏജൻസികൾ തയാറാകുന്നത്.
കോവിഡ് കാരണം നിർത്തിവെച്ച ഉംറ സർവിസുകൾ പുനരാരംഭിച്ചതിനുശേഷം അഞ്ച് ദശലക്ഷം തീർഥാടകർ സൗദിയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒക്ടോബർ നാലിനാണ് ഉംറ തീർഥാടനം സൗദി അറേബ്യ പുനരാരംഭിച്ചത്.
പ്രതിദിനം 6000 ഉംറ തീർഥാടകർക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയിരുന്നത്. ഒക്ടോബർ 18 മുതൽ പ്രതിദിനം 15000 പേർക്കാണ് അനുമതി നൽകുന്നത്.
പൂർണശേഷിയിൽ തീർഥാടനം അനുവദിക്കുകയാണെങ്കിൽ പ്രതിദിനം 20000 മുതൽ 60000 തീർഥാടകർക്കുവരെ ഉംറ നിർവഹിക്കാം.
ഖത്തറിൽ സൗദി എംബസി ഉടൻ ആരംഭിക്കുമെന്ന് സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഈയടുത്ത് പറഞ്ഞിരുന്നു. ഇതോടെ വിദേശികൾക്കടക്കം ഖത്തറിൽനിന്നുള്ള ഉംറ-ഹജ്ജ് യാത്രക്കുള്ള നടപടികൾ കൂടുതൽ എളുപ്പമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.