മനുഷ്യക്കടത്ത് തടയാൻ ഖത്തറും സൗദിയും
text_fieldsമനുഷ്യക്കടത്ത് തടയുന്നത് സംബന്ധിച്ച കരാറിൽ ഖത്തർ തൊഴിൽ മന്ത്രാലയവും സൗദി അറേബ്യയുടെ മനുഷ്യാവകാശ കമീഷനും ഒപ്പുവെക്കുന്നു
ദോഹ: മനുഷ്യക്കടത്ത് തടയുന്നതിനായുള്ള സുപ്രധാന ചുവടുവെപ്പുകളുടെ ഭാഗമായി ഖത്തർ തൊഴിൽ മന്ത്രാലയവും സൗദി അറേബ്യയുടെ മനുഷ്യാവകാശ കമീഷനും തമ്മിൽ സഹകരണ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ദോഹയിൽ നടന്ന മനുഷ്യക്കടത്തിനെതിരായ സർക്കാർ ഫോറത്തോടനുബന്ധിച്ചാണ് ഇരുരാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങളിൽ വിദഗ്ധരായ ഇരുരാജ്യങ്ങളിലെയും പ്രധാന ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തു.
മനുഷ്യക്കടത്ത് തടയുന്നതിൽ മേഖലയിലെ സഹകരണശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇരുകക്ഷികളുടെയും പ്രവർത്തനങ്ങളും പരിപാടികളും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര സംരംഭമായാണ് ധാരണാപത്രത്തെ വിലയിരുത്തുന്നത്. കൂടാതെ, മനുഷ്യക്കടത്ത് തടയുന്നതിൽ ഇരുരാജ്യങ്ങളുടെയും ദേശീയശേഷി വികസിപ്പിക്കാനും പോരാട്ടത്തിൽ ഉന്നത നിലവാരം പുലർത്തുന്നുവെന്നും പ്രാദേശിക, അന്തർദേശീയ ചടങ്ങൾക്കും ഉടമ്പടികൾക്കും അനുസൃതമായി പ്രവർത്തിക്കുന്നുവെന്നും ധാരണാപത്രം ഉറപ്പുവരുത്തും.
മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന്, ഈ മേഖലയിലെ നിയമനിർമാണ, നീതിനിർവഹണ, ഭരണനിർവഹണ പരിചയസമ്പത്ത് കൈമാറ്റം ചെയ്യാനും ഇതിലൂടെ ലക്ഷ്യമിടുന്നു. മനുഷ്യക്കടത്തിന്റെ ഇരകളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനും അവരുടെ മടക്കത്തിനുള്ള സംവിധാനങ്ങളും കരാറിൽ പ്രതിപാദിച്ചിട്ടുണ്ട്.
മനുഷ്യക്കടത്തിനെതിരായ പ്രതികരണങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രത്യേക വിഷയത്തിൽ അന്താരാഷ്ട്ര സഹകരണത്തിന് മാതൃകയായി പ്രവർത്തിക്കുന്നതിനും പുതിയ ഖത്തർ-സൗദി സഹകരണം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

