ദോഹ: ഖത്തറും അമേരിക്കയും തമ്മിൽ രൂപം കൊടുത്ത സാമ്പത്തിക ബന്ധം ഇരു രാജ്യങ്ങൾക്കുമിടയിൽ വിപുലമായ വാണിജ്യ–വ്യാപാര സാധ്യതകൾക്ക് അവസരം ഒരുക്കുമെന്ന് ഖത്തർ ചേംബർ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ ജാസിം ആൽഥാനി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അമേരിക്കൻ പര്യടനത്തെ തുടർന്ന് അമേരിക്കയിലെ വിവിധ പട്ടണങ്ങൾ കേന്ദ്രീകരിച്ച് ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച പരിപാടികളിൽ ലഭിച്ച സ്വീകരണവും അതിനെ തുടർന്ന് രൂപപ്പെട്ട വേദികളും ഇരു രാജ്യങ്ങൾക്കുമിടയിൽ ഭാവിയിൽ വലിയ തോതിലുള്ള സാധ്യതകൾ ഉണ്ടാക്കുമെന്ന് ചേംബർ പ്രസിഡൻറ് വ്യക്തമാക്കി. വിവിധ ഖത്തരീ കമ്പനികളും അമേരിക്കൻ കമ്പനികളും പരസ്പരണ സഹകരണ കരാറുകളിൽ ഒപ്പുവെച്ചതായി അദ്ദേഹം അറിയിച്ചു.
അമേരിക്കയിലെ സുപ്രധാന നഗരങ്ങളായ ഫ്ലോറിഡ, വാഷിംഗ്ടൻ ഡിസി, മിയാമി, കാരോലിന തുടങ്ങിയ നഗരങ്ങളിലാണ് പ്രധാനമായും ഖത്തർ ചേംബറും ഈ പ്രദേശങ്ങളിലെ ചേംബറും സഹകരിച്ച് സഹകരണ മീറ്റ് സംഘടിപ്പിച്ചത്. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന വ്യാപാര വാണിജ്യ മേഖലയുടെ സാധ്യത പഠിക്കാനും വരും ദിവസങ്ങളിൽ മികച്ച രീതിയിൽ നടപ്പിൽ വരുത്താനുമാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഉപരോധ രാജ്യങ്ങൾ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് ഖത്തർ വിവിധ രാജ്യങ്ങളുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തി വരികയാണ്. ഇറാൻ, തുർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഈ മേഖലയിൽ ഏറെ പ്രധാനമാണ്. അമേരിക്കയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള സാധ്യതകൾ കൂടി തെളിഞ്ഞതോടെ വലിയ തോതിലുള്ള വ്യാപാര ബന്ധം സ്ഥാപിക്കപ്പെടും.