ഖത്തറിനും വേണം 'നീറ്റ്' കേന്ദ്രം
text_fieldsദോഹ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) ഇന്ത്യക്കു പുറത്ത് ആദ്യ സെൻററായി കുവൈത്തിനെ തെരഞ്ഞെടുത്തപ്പോൾ ആശ്വാസവും നിരാശയും പങ്കുവെക്കുകയാണ് ഖത്തറിലുള്ള പ്രവാസി രക്ഷിതാക്കൾ. ചരിത്രത്തിൽ ആദ്യമായി 'നീറ്റ്'സെൻറർ ഗൾഫിൽ ഒരു രാജ്യത്തെങ്കിലും ഈ വർഷം അനുവദിച്ചല്ലോ എന്നതാണ് ആശ്വാസം. വരുംവർഷങ്ങളിൽ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കും സെൻറർ അനുവദിക്കാനുള്ള പുതിയ കീഴ്വഴക്കമായി ഇതു മാറും എന്ന പ്രതീക്ഷ.
എന്നാൽ നിരാശ മറ്റൊന്നാണ്. കോവിഡ് വ്യാപനം രൂക്ഷമായ 2020ൽ നീറ്റ് പരീക്ഷ സെൻററുകൾ ഗൾഫ് രാജ്യങ്ങളിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി വരെ കേസിനു പോയത് ഖത്തറിലെ രക്ഷിതാക്കളും സംഘടനകളുമായിരുന്നു. പ്രവാസി രക്ഷിതാക്കളുടെ അപേക്ഷ, കേന്ദ്ര സർക്കാർ പരിഗണിച്ചില്ലെങ്കിലും കോടതിയിൽ ചോദ്യം ചെയ്തത് എല്ലാവരുടെയും കണ്ണു തുറപ്പിക്കാൻ കാരണമായി. പക്ഷേ, സെൻററുകളൊന്നും അന്ന് അനുവദിച്ചില്ല. കോവിഡ് കാരണം ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര മുടങ്ങിയതോടെ ജി.സി.സിയിെല ആയിരക്കണക്കിന് വിദ്യാർഥികൾക്കാണ് 'നീറ്റ്' മുടങ്ങിയത്.
ഇൗ വർഷം ഖത്തറിനെ സെൻറർ ആയി പരിഗണിക്കും എന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഇവിടത്തെ വിദ്യാർഥികളും രക്ഷിതാക്കളും. സെൻറർ അനുവദിക്കാനായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ ന്യൂഡൽഹിയിൽ കാര്യമായ സമ്മർദവും നടത്തി. ഇതുസംബന്ധിച്ച് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാലുമായും നാഷനൽ ടെസ്റ്റിങ് ഏജൻസിയുമായും ബന്ധപ്പെട്ടും അംബാസഡർ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.
ഇക്കുറി കുവൈത്തിനെ രാജ്യത്തിനു പുറത്തെ ആദ്യ പരീക്ഷാ കേന്ദ്രമായി പരിഗണിച്ച പശ്ചാത്തലത്തിൽ വരുംവർഷങ്ങളിൽ ഖത്തറിനും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, കഴിഞ്ഞ വർഷം സെൻറർ അനുവദിക്കും എന്ന പ്രതീക്ഷയിൽ കാത്തിരുന്ന് പല വിദ്യാർഥികൾക്കും പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായ സാഹചര്യത്തിൽ ഈ വർഷം രക്ഷിതാക്കളും കുട്ടികളും ഭാഗ്യപരീക്ഷണത്തിന് കാത്തുനിൽക്കാതെ നേരേത്ത തന്നെ നാട്ടിലേക്ക് മടങ്ങി. സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കിയതിനു പിന്നാലെത്തന്നെ പല പ്രവാസി കുടുംബങ്ങളും മടങ്ങിയിരുന്നു. സെപ്റ്റംബർ12നാണ് ഈ വർഷത്തെ നീറ്റ് പരീക്ഷ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമയബന്ധിതമായിത്തന്നെ പരീക്ഷ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആകെ 198 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. സാമൂഹിക അകലം ഉറപ്പുവരുത്താന്‍ പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ല്‍ നിന്ന് 198 ആക്കി വര്‍ധിപ്പിച്ചു.
ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന 300 മുതൽ 400 വരെ വിദ്യാർഥികൾ ഓരോ വർഷവും മെഡിക്കൽ പ്രവേശന പരീക്ഷ എഴുതുന്നുണ്ട്. വരും വർഷങ്ങളിലെങ്കിലും സെൻറർ അനുവദിക്കുകയാണെങ്കിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗകര്യമാവുമെന്ന് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
ഖത്തറില്‍ നീറ്റ് സെൻറർ വേണം –കെ.എം.സി.സി
േദാഹ: ഖത്തറില്‍ നീറ്റ് പരീക്ഷകേന്ദ്രം അനുവദിക്കണമെന്ന് കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി ഇന്ത്യ ഗവൺമെൻറിനോട് ആവശ്യപ്പെട്ടു. ഇന്ത്യൻ മെഡിക്കല്‍, ഡെൻറല്‍ കോളജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനങ്ങൾക്കായുള്ള ദേശീയ യോഗ്യത പരീക്ഷയായ 'നീറ്റി'ന്
ഒരുങ്ങുന്ന വിദ്യാർഥികൾക്കായി പരീക്ഷ കേന്ദ്രം ഖത്തറിൽ വേണമെന്ന് കെ.എം.സി.സി നേരേത്തതന്നെ ആവശ്യപ്പെട്ടുവെങ്കിലും കുവൈത്തിൽ മാത്രമാണ് പരീക്ഷ കേന്ദ്രമുള്ളത്. കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പരിശ്രമങ്ങൾ വിജയത്തിലെത്തിയതോടെ കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസമാണ്. യാത്രനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തില്‍നിന്ന് പരീക്ഷക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് ഈ വർഷവും അവഗണിച്ചതായി സെക്രട്ടറി ഇൻ ചാർജ് റഹീസ് പെരുമ്പ പറഞ്ഞു. നിലവിൽ കുവൈത്തിനെ വിദേശത്തെ ഏക നീറ്റ് െസൻററായി പരിഗണിച്ച സാഹചര്യത്തിൽ ഖത്തറിലും സെൻറർ വേണമെന്ന് ആവശ്യപ്പെടുകയാണ്.
കഴിഞ്ഞ വർഷം ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ടവരെ സമീപിച്ചപ്പോൾ പലവിധ കാരണങ്ങൾ പറഞ്ഞു നിരാകരിച്ചിരിച്ചിരുന്നു. ഇതേത്തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുകയും വിദേശ രാജ്യങ്ങളിൽ ഓൺലൈൻ പരീക്ഷകളുടെ സാധ്യതകൾ പഠിക്കാൻ അധികാരികൾക്ക് സുപ്രീം കോടതി നിർദേശം നൽകുകയുമുണ്ടായി.
ഖത്തറിൽ പരീക്ഷ കേന്ദ്രം വേണമെന്ന ആവശ്യം പരിഗണിക്കണമെന്നും അതിനായി സമ്മർദം ചെലുത്തണമെന്നും ഖത്തർ ഇന്ത്യൻ അംബാസഡർ ശ്രീ ദീപക് മിത്തലിനോടും അഭ്യർഥിച്ചതായി കെ.എം.സി.സി അറിയിച്ചു.
'നീറ്റ്' മലയാളത്തിലും എഴുതാം; സ്വാഗതം ചെയ്ത് മലയാളം മിഷൻ
ദോഹ: നീറ്റ് പരീക്ഷ മലയാളത്തിലും എഴുതാമെന്ന കേന്ദ്ര സർക്കാറിെൻറ തീരുമാനം സ്വാഗതാർഹമെന്ന് മലയാളം മിഷൻ ഖത്തർ. മലയാള ഭാഷയെ സ്നേഹിക്കുന്നവർക്ക് ആവേശം നൽകുന്നതാണ് ഈ വാർത്ത. മലയാള ഭാഷയെ കൈവിട്ടുപോകുന്ന ഒരു സമൂഹം വളർന്നുവരുേമ്പാൾ 'നീറ്റ്' പോലുള്ള പ്രധാനപ്പെട്ട പരീക്ഷകൾക്ക് പ്രാദേശിക ഭാഷ മാധ്യമമായി തെരഞ്ഞെടുക്കാൻ അനുവദിക്കുന്നത് നല്ല കാര്യമാണെന്ന് മലയാളം മിഷൻ ഖത്തർ കോഒാഡിനേറ്റർ ദുർഗാദാസ് പറഞ്ഞു.
നീറ്റ് കേന്ദ്രം ഖത്തറിലും അനുവദിക്കണം –കൾച്ചറൽ ഫോറം
ദോാഹ: നീറ്റ് പരീക്ഷാകേന്ദ്രം ഖത്തറിലും അനുവദിക്കണമെന്ന് കൾച്ചറൽ ഫോറം സംസ്ഥാന സമിതി ആവശ്യപെട്ടു. വർഷങ്ങളായി പ്രാവാസലോകത്തെ വിദ്യാർഥികൾ ഉന്നയിക്കുന്ന ഈ ആവശ്യം സർക്കാർ വളരെ ഗൗരവത്തിൽ കാണണം. ഈ ആവശ്യമുന്നയിച്ചു കേന്ദ്ര മാനവവിഭവശേഷി മന്ത്രിക്കും ഖത്തറിലെ ഇന്ത്യൻ അംബാസഡർക്കും നിവേദനം നൽകാനും കൾച്ചറൽ ഫോറം തീരുമാനിച്ചു. നൂറുക്കണിക്കിന് കുട്ടികളാണ് നീറ്റ് പരീക്ഷ എഴുതാൻ മാത്രമായി ഓരോ വർഷവും നാട്ടിലേക്ക് യാത്ര തിരിക്കുന്നത്. ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച് അതിനു പരിഹാരമുണ്ടാകണമെന്നും കൾച്ചറൽ ഫോറം ആവശ്യപെട്ടു. കുവൈറ്റിൽ നീറ്റ് സെൻറർ അനുവദിച്ച നടപടിയെ സംസ്ഥാന സമിതി സ്വാഗതം ചെയ്തു. ആക്ടിങ് പ്രസിഡൻറ് സാദിഖ് ചെന്നാടൻ അധ്യക്ഷത വഹിച്ചു. മജീദ് അലി, താസീൻ ആമീൻ, ഗഫൂർ എ.ആർ, ഇദ്രീസ് ഷാഫി, ചന്ദ്രമോഹൻ, റഷീദ് അലി, തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുനീഷ് എ സി സ്വാഗതവും വൈസ് പ്രസിഡൻറ് മുഹമ്മദ്കുഞ്ഞി സമാപന പ്രസംഗവും നടത്തി.
അടുത്തവർഷമെങ്കിലും ഖത്തറിന് സെൻറർ വേണം
'ഖത്തറിൽ നീറ്റ് സെൻറർ വേണമെന്നത് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ന്യായമായ ആവശ്യമാണ്. കോവിഡ് വ്യാപനത്തിനിടെ കഴിഞ്ഞ വർഷം തന്നെ ഗൾഫിൽ സെൻറർ വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് ഇവിടത്തെ രക്ഷിതാക്കളായിരുന്നു.
വിദേശത്ത് സെൻറർ അനുവദിക്കില്ലെന്നത് സർക്കാർ നയമാണെന്നാണ് അന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞത്. ഇപ്പോൾ കുവൈത്തിൽ അനുവദിച്ചതോടെ, വരും വർഷങ്ങളിലെങ്കിലും മറ്റു ഗൾഫ് രാഷ്ട്രങ്ങളിലും 'നീറ്റ്'പരീക്ഷാകേന്ദ്രം അനുവദിക്കാൻ കാരണമാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ സജീവമായി വിഷയത്തിൽ ഇടപെട്ടിരുന്നു. വരും വർഷം ഖത്തറിന് നിർബന്ധമായും പരീക്ഷാ കേന്ദ്രം അനുവദിക്കാൻ എംബസി കൂടുതൽ സമ്മർദം ചെലുത്തണമെന്നാണ് ആവശ്യം'
എ.എം മുഹമ്മദ് അഷ്റഫ് (മാനേജിങ് ഡയറക്ടർ; ബ്രില്ല്യൻറ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്-ദോഹ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

