ലോകകപ്പിന് പറക്കാൻ പാക്കേജുമായി ഖത്തർ എയർവേസ്
text_fieldsദോഹ: ഖത്തറിലെ കളിയുത്സവം കഴിഞ്ഞ് കാൽപന്തിന്റെ അടുത്ത വിശ്വമേളക്ക് പറക്കാൻ ഒരുങ്ങുന്നവർക്ക് സന്തോഷ വാർത്തയുമായി ഖത്തർ എയർവേസ്. 2026ൽ അമേരിക്ക, കാനഡ, മെക്സികോ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിന് സാക്ഷിയാവാൻ ഒരുങ്ങുന്ന ലോകമെങ്ങുമുള്ള ആരാധകർക്കായി മാച്ച് ടിക്കറ്റും വിമാന ടിക്കറ്റും താമസ സൗകര്യവും ഉൾപ്പെടുന്ന പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസ്. മൂന്നു രാജ്യങ്ങളിലായി 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന് 16 നഗരങ്ങളാണ് വേദിയാകുന്നത്.
ഗ്രൂപ് റൗണ്ട് മുതൽ ഫൈനൽവരെയായി 104 മത്സരങ്ങളും. ലോകകപ്പിന്റെ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിലിരുന്ന് സാക്ഷ്യം വഹിക്കാനും, കളി നഗരങ്ങളിലൂടെ സഞ്ചരിച്ച് ആവേശത്തിന്റെ ഭാഗമാവാനും ആഗ്രഹിക്കുന്ന ആരാധകർക്ക് ഇന്റർനാഷനൽ എയർലൈൻ ടിക്കറ്റ്, ആതിഥേയ രാജ്യങ്ങളിൽ വിവിധ നഗരങ്ങളിലേക്കുള്ള ആഭ്യന്തര എയർലൈൻ ടിക്കറ്റ്, ഫൈവ് സ്റ്റാർ -ഫോർസ്റ്റാർ ഹോട്ടൽ താമസം, മാച്ച് ടിക്കറ്റ് എന്നിവയാണ് ഖത്തർ എയർവേസ് ലോകകപ്പ് ട്രാവൽ പാക്കേജിൽ അവതരിപ്പിക്കുന്നത്. 2026 ലോകകപ്പ് ഫുട്ബാളിന്റെ ഗ്ലോബൽ എയർലൈൻ പാട്ണർ എന്ന നിലയിലാണ് ഖത്തർ എയർവേസ് ഈ പ്രത്യേക പാക്കേജ് സമ്മാനിക്കുന്നത്.
പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് ഈ പാക്കേജുകളിൽനിന്ന് ബോണസ് പോയന്റായ എവിയസും ഉപയോഗപ്പെടുത്താം. താൽപര്യമുള്ള ആരാധകർക്ക് പാക്കേജിനായി രജിസ്റ്റർ ചെയ്യാമെന്ന് ഖത്തർ എയർവേസ് ഹോളിഡേയ്സ് സീനിയർ വൈസ് പ്രസിഡന്റ് സ്റ്റീവൻ റെയ്നോൾഡ് അറിയിച്ചു. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ടിക്കറ്റുകൾ അനുവദിക്കുന്നത്. qatarairways.com/fifa26 എന്ന ലിങ്ക് വഴിയാണ് രജിസ്ട്രേഷൻ ആരംഭിച്ചത്.
അന്താരാഷ്ട്ര ടൂർണമെന്റുകൾ, സംഘടനകൾ, ക്ലബുകൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കായിക മേഖലകളിലെ സജീവ പങ്കാളിത്തമുള്ള എയർലൈൻ കമ്പനിയാണ് ഖത്തർ എയർവേസ്. ഫിഫ ലോകകപ്പ്, യുവേഫ, ഏഷ്യൻ കപ്പ് ഫുട്ബാൾ, പി.എസ്.ജി, ഇന്റർമിലാൻ, ഐ.പി.എൽ ടീമായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, ഫോർമുല വൺ, റഗ്ബി ചാമ്പ്യൻഷിപ് തുടങ്ങിയവയുടെ പ്രധാന പങ്കാളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

